കൊറിയന്‍ ഉച്ചകോടി അടുത്ത മാസം 27ന്

വാര്‍ത്ത സ്ഥിരീകരിച്ച് ദക്ഷിണ കൊറിയന്‍ സര്‍ക്കാര്‍
Posted on: March 30, 2018 6:18 am | Last updated: March 30, 2018 at 12:37 am

സിയോള്‍: ലോകം ഏറെ പ്രതീക്ഷയോടെ ഉറ്റുനോക്കുന്ന ഉത്തരകൊറിയ- ദക്ഷിണ കൊറിയ ഉച്ചകോടി അടുത്ത മാസം 27ന് നടക്കും. ഇരുരാജ്യങ്ങളും ഇതു സംബന്ധിച്ച് യോജിച്ച തീരുമാനത്തിലെത്തിയതായി ദക്ഷിണ കൊറിയന്‍ സര്‍ക്കാര്‍ അറിയിച്ചു. 2007ന് ശേഷം ഇതാദ്യമായാണ് ഇരുരാജ്യങ്ങളും ചര്‍ച്ചക്കായി ഒത്തുകൂടുന്നത്. അതിര്‍ത്തി ജില്ലയായ പാന്‍മുന്‍ജോമില്‍ തീയതി സംബന്ധിച്ച ചര്‍ച്ചകള്‍ നടത്തിയിരുന്നു. ഇതിന് ശേഷമാണ് ഇരു രാജ്യങ്ങളും തീയതി പുറത്തുവിട്ടത്.

1950-1953ലെ കൊറിയന്‍ യുദ്ധത്തിന് ശേഷം ഇരു രാജ്യങ്ങളും നടത്തുന്ന മൂന്നാമത്തെ ഉച്ചകോടിയാണ് നടക്കാനിരിക്കുന്നത്. ഉച്ചകോടിയില്‍ ഉത്തര കൊറിയന്‍ നേതാവ് കിം ജോംഗ് ഉന്നും വടക്കന്‍ കൊറിയന്‍ നേതാവ് മൂണ്‍ ജെ ഇന്നും പങ്കെടുക്കും. ഉത്തര കൊറിയയെ ആണവനിരായുധീകരണ പാതയിലേക്ക് കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെ ലോകരാജ്യങ്ങള്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളുടെ ഫലപ്രാപ്തിയാണ് നടക്കാനിരിക്കുന്ന ഉച്ചകോടിയെന്ന് വിലയിരുത്തപ്പെടുന്നു. ഉച്ചകോടിക്ക് മുമ്പായി ഇരു രാജ്യങ്ങളിലെയും കലാകാരന്മാര്‍ സംയുക്തമായി അടുത്ത മാസം മൂന്നിന് കലാപ്രദര്‍ശനം നടത്താനും തീരുമാനമായി. പ്രോട്ടോകോള്‍, സ്വീകരിക്കേണ്ട സുരക്ഷാ നടപടികള്‍ എന്നിവ സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ ഉച്ചകോടിക്ക് മുമ്പായി ഏപ്രില്‍ നാലിന് യോഗം ചേരും.