‘ഒരു കോടി’യുടെ ചരിത്ര നേട്ടവുമായി കൊച്ചിന്‍ എയര്‍പോര്‍ട്ട്

Posted on: March 29, 2018 6:08 am | Last updated: March 29, 2018 at 12:33 am
കൊച്ചി വിമാനത്താവളത്തില്‍ ഒരു കോടി യാത്രക്കാര്‍ തികഞ്ഞ ഇന്നലെ, യാത്രക്കാരുടെ പ്രതിനിധി പാലക്കാട് സ്വദേശി അനില്‍ കൃഷ്ണനെ സിയാല്‍ മാനേജിംഗ് ഡയറക്ടര്‍ വി ജെ കുര്യന്‍ സ്വീകരിക്കുന്നു

കൊച്ചി: ഈ സാമ്പത്തിക വര്‍ഷം അവസാനിക്കാന്‍ മൂന്ന് ദിവസം മാത്രം ബാക്കി നില്‍ക്കേ ഈ വര്‍ഷം കൊച്ചിന്‍ വിമാനത്താവളം വഴി കടന്നു പോയ യാത്രക്കാരുടെ എണ്ണം ഒരു കോടി കവിഞ്ഞു. രാജ്യത്ത് മൊത്തം യാത്രക്കാരുടെ എണ്ണത്തില്‍ ഏഴാം സ്ഥാനവും രാജ്യാന്തര യാത്രക്കാരുടെ എണ്ണത്തില്‍ നാലാംസ്ഥാനവുമുള്ള കൊച്ചിന്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ 19 വര്‍ഷത്തെ ചരിത്രത്തിലാദ്യമായാണ് ഇത്രയധികം യാത്രക്കാര്‍ വിമാനത്താവളം ഉപയോഗിക്കുന്നത്. സംസ്ഥാനത്തെ മറ്റ് മൂന്ന് വിമാനത്താവളങ്ങളും ചേര്‍ന്ന് ഈ സാമ്പത്തിക വര്‍ഷം 1.7 കോടിയോളം യാത്രക്കാരെ ഉള്‍ക്കൊണ്ടപ്പോഴാണ് സിയാലിന് ഈ ചരിത്ര നേട്ടം. ഇന്നലെ ഉച്ചക്ക് 12.20 ന് ചെന്നൈയില്‍ നിന്നെത്തിയ ഇന്‍ഡിഗോ വിമാനത്തില്‍ നിന്നുള്ള 175 യാത്രക്കാര്‍ കൊച്ചി വിമാനത്താവളത്തിലെത്തിയതോടെയാണ് സിയാല്‍, ഒരു കോടി യാത്രക്കാരെന്ന നേട്ടം സ്വന്തമാക്കിയത്.

2016-17 സാമ്പത്തിക വര്‍ഷം 89.41 ലക്ഷം യാത്രക്കാരാണ് സിയാലിലൂടെ കടന്നുപോയിരുന്നത്. ശേഷിക്കുന്ന മൂന്ന് ദിവസത്തെ കണക്ക് മാറ്റിനിര്‍ത്തിയാല്‍ 11 ശതമാനമാനത്തോളമാണ് ട്രാഫിക്കിലെ മൊത്തവളര്‍ച്ച. ഈ സാമ്പത്തിക വര്‍ഷം ഇതുവരെ സിയാല്‍ കൈകാര്യം ചെയ്ത ആഭ്യന്തര യാത്രക്കാരുടെ എണ്ണം 48.43 ലക്ഷമാണ്.

ആറ് ലക്ഷം ചതരുശ്രയടി വിസ്തീര്‍ണത്തില്‍ അത്യാധുനിക സൗകര്യങ്ങളോടെ നവീകരിക്കുന്ന ഒന്നാം ടെര്‍മിനല്‍ മെയ് മാസത്തോടെ ആഭ്യന്തര സര്‍വീസിനായി തുറന്നുകൊടുക്കുമെന്നും മണിക്കൂറില്‍ 4000 യാത്രക്കാരെ കൈകാര്യം ചെയ്യാന്‍ ഈ ടെര്‍മിനലിന് ശേഷിയുണ്ടാകുമെന്നും മാനേജിംഗ് ഡയറക്ടര്‍ വി ജെ കുര്യന്‍ പറഞ്ഞു.