തീപ്പിടിത്തം; സൈബീരിയയില്‍ പ്രതിഷേധവുമായി പതിനായിരങ്ങള്‍

Posted on: March 28, 2018 6:06 am | Last updated: March 28, 2018 at 12:10 am
സൈബീരിയയിലെ ഷോപ്പിംഗ് മാളിലുണ്ടായ തീപ്പിടിത്തത്തില്‍ മരിച്ചവരുടെ യഥാര്‍ഥ കണക്ക് അധികൃതര്‍ മറച്ചുവെക്കുന്നുവെന്നാരോപിച്ച് കെമോറോവ് നഗരത്തില്‍ പ്രതിഷേധത്തിലേര്‍പ്പെട്ടവര്‍

മോസ്‌കോ: സൈബീരിയയിലെ കെമോറോവ് നഗരത്തിലെ ഷോപ്പിംഗ് കോംപ്ലക്‌സിലുണ്ടായ തീപ്പിടിത്തത്തില്‍ 64 പേര്‍ വെന്തുമരിക്കാനിടയായ സംഭവത്തില്‍ വന്‍ പ്രതിഷേധം. ജില്ലാ ഭരണകൂടം രാജിവെക്കണമെന്നാവശ്യപ്പെട്ട് കെമോറോവില്‍ ആയിരക്കണക്കിന് പേര്‍ ഇന്നലെ രംഗത്തെത്തി. അപകടത്തെ കുറിച്ചും മരണസംഖ്യയെ കുറിച്ചുമുള്ള ഔദ്യോഗിക വിശദീകരണം തങ്ങള്‍ക്ക് വിശ്വസിക്കാന്‍ സാധിക്കില്ലെന്ന് പ്രതിഷേധക്കാര്‍ അറിയിച്ചു. ഔദ്യോഗിക കണക്കുകള്‍ പ്രകാരം മരണ സംഖ്യ 64 ആണ്. എന്നാല്‍ യഥാര്‍ഥ മരണ സംഖ്യ ഇതിനേക്കാള്‍ കൂടുതലാണെന്ന് പ്രതിഷേധക്കാര്‍ പറയുന്നു. അതുപോലെ രക്ഷാപ്രവര്‍ത്തനത്തിനെത്തിയ ഉദ്യോഗസ്ഥരുടെ എണ്ണവും സര്‍ക്കാര്‍ പെരുപ്പിച്ച് പറയുകയാണെന്നും പ്രതിഷേധക്കാര്‍ ചൂണ്ടിക്കാട്ടി. കെമോറോവ് ജില്ലാ ഗവര്‍ണര്‍ അമന്‍ തുള്‍വീ രാജിവെക്കണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം. എന്നാല്‍ പ്രതിഷേധം ശക്തമായതോടെ ഡെപ്യൂട്ടി ഗവര്‍ണര്‍ സര്‍ജി സിവിലേവ് പ്രതിഷേധക്കാരെ കാണാനെത്തുകയും അവരോട് ലൗഡ് സ്പീക്കറിലൂടെ സംസാരിക്കുകയും ചെയ്തു. മരണ സംഖ്യ 64 ആണെന്ന് അദ്ദേഹം അറിയിച്ചതോടെ പ്രതിഷേധക്കാര്‍ ഇതിനെ കൂക്കിവിളിയോടെയാണ് എതിരേറ്റത്. ഇത് കളവാണെന്നും എന്തിനാണ് താങ്കള്‍ കളവ് പറയുന്നതെന്നും പ്രതിഷേധക്കാര്‍ അദ്ദേഹത്തോട് വിളിച്ചു ചോദിക്കുകയും ചെയ്തു.

എന്നാല്‍ പ്രതിഷേധക്കാരെ നേരിടാന്‍ അധികൃതര്‍ വന്‍തോതില്‍ സുരക്ഷാ സൈനികരെ നിയോഗിച്ചിരുന്നു. നൂറിലേറെ പേര്‍ മരണപ്പെട്ടുവെന്ന തരത്തില്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന വാര്‍ത്തകള്‍ അവാസ്തവമാണെന്ന് കഴിഞ്ഞ ദിവസം ദുരന്തനിവാരണ മന്ത്രാലയം വ്യക്തമാക്കിയിരുന്നു.