Connect with us

Ongoing News

സംസ്ഥാനത്തെ മൂന്ന് റെയില്‍വേ സ്റ്റേഷനുകള്‍ രാജ്യാന്തര നിലവാരത്തിലേക്ക്

Published

|

Last Updated

പാലക്കാട്: സംസ്ഥാനത്തെ മൂന്ന് റെയില്‍വേ സ്റ്റേഷനുകള്‍ രാജ്യാന്തര നിലവാരത്തിലേക്ക് ഉയര്‍ത്തുന്നു. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് സ്റ്റേഷനുകളുള്‍പ്പെടെ രാജ്യത്തെ 600 ഓളം റെയില്‍വേ സ്റ്റേഷനുകളാണ് രാജ്യാന്തര നിലവാരത്തിലെത്തിക്കുന്നതിന് ഹൈടെക് സംവിധാനം കേന്ദ്ര റെയില്‍വേ മന്ത്രാലയം ഏര്‍പ്പെടുത്തുന്നത്. നിലവിലെ അടിസ്ഥാന സൗകര്യങ്ങള്‍ക്ക് പുറമെ സ്റ്റേഷനുകളില്‍ വിപുലമായ സംവിധാനമാണ് വരുന്നത്.

വരുമാനം, യാത്രക്കാരുടെ എണ്ണം എന്നിവ അടിസ്ഥാനമാക്കി പദ്ധതിയില്‍ ഉള്‍പ്പെടുത്തേണ്ട സ്റ്റേഷനുകള്‍ ഡിവിഷനുകള്‍ക്കു നിര്‍ദേശിക്കാം. വര്‍ഷത്തില്‍ ശരാശരി അമ്പത് ലക്ഷം രൂപ വരുമാനമുള്ള സ്റ്റേഷനുകള്‍ക്കാണ് മുന്‍ഗണന. സ്റ്റേഷന്‍ വികസിപ്പിക്കാന്‍ 15 മുതല്‍ 20 കോടി വരെ രൂപ റെയില്‍വേ ചെലവഴിക്കും. സ്റ്റേഷന്‍ ഡവലപ്‌മെന്റ് കോര്‍പറേഷനാണ് (ഐഎസ ്ആര്‍ ഡി സി) പദ്ധതിച്ചുമതല. പ്ലാറ്റ്‌ഫോമുകളില്‍ മാര്‍ബിള്‍ വിരിക്കുക, യാത്രക്കാരുടേതടക്കമുള്ള വാഹനങ്ങള്‍ക്ക് പാര്‍ക്കിംഗ് സൗകര്യം, മാലിന്യം നീക്കം ചെയ്യാന്‍ 24 മണിക്കൂറും ഉപകരണങ്ങള്‍, കുടിവെള്ള കിയോസ്‌ക്കുകള്‍, ഫീസ് ഈടാക്കിയുള്ള എക്‌സിക്യൂട്ടീവ് വിശ്രമ മുറി, സെല്‍ഫി കോര്‍ണര്‍, മീറ്റിംഗ് കേന്ദ്രം തുടങ്ങിയ സംവിധാനങ്ങളാണ് സ്റ്റേഷനിലുണ്ടാവുക. പ്ലാറ്റ്‌ഫോമില്‍ സ്റ്റേഷന്റെ മാപ്പ് ലഭ്യമാക്കും. കൗണ്ടറുകള്‍ ഡിജിറ്റലൈസ് ചെയ്യും. കൊമേഴ്‌സ്യല്‍ വിഭാഗത്തിനു കീഴില്‍ വീല്‍ചെയറും അംഗപരിമിതരെ സഹായിക്കാന്‍ വളന്റിയര്‍മാരും ഉണ്ടാകും. സ്റ്റേഷനു മുഴുവന്‍ ചുറ്റുമതില്‍ നിര്‍മിക്കും. ഡിസംബറില്‍ നിര്‍മാണം ആരംഭിക്കുന്ന വിധത്തില്‍ നടപടി പൂര്‍ത്തിയാക്കാനും നിര്‍മാണ പ്രവര്‍ത്തനം സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ ചെറുപ്പക്കാരായ ഉദ്യോഗസ്ഥരെ നോഡല്‍ ഓഫീസറായി നിയമിക്കക്കാനും റെയില്‍വേ ബോര്‍ഡ് ജനറല്‍ മാനേജര്‍മാര്‍ക്കു നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ഹൈടെക് സംവിധാനം വരുന്നതോടെ കോഴിക്കോട്, തിരുവനന്തപുരം, എറണാകുളം റെയില്‍വേ സ്റ്റേഷനുകളുള്‍പ്പെടെയുള്ള 600 ഓളം റെയില്‍വേ സ്റ്റേഷനുകള്‍ ലോകത്തെ മികച്ച റെയില്‍വേ സ്റ്റേഷനുകളായി മാറുമെന്ന് റെയില്‍വേ അധികൃതര്‍ അറിയിച്ചു.