Connect with us

Kerala

കുടുംബശ്രീയുമായി സഹകരിച്ച് ഓരോ വീട്ടിലും ഔഷധസസ്യം

Published

|

Last Updated

തിരുവനന്തപുരം: കുടുംബശ്രീയുമായി സഹകരിച്ച് ഓരോ വീട്ടിലും ഔഷധസസ്യങ്ങള്‍ വെച്ചു പിടിപ്പിക്കാന്‍ ശ്രമിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അമിതമായ രാസവള പ്രയോഗം കാരണം നാട്ടിലാകെ സുപരിചിതമായിരുന്ന ഔഷധസസ്യങ്ങള്‍ അപ്രത്യക്ഷമായിരിക്കുകയാണ്. അവ സംരക്ഷിക്കുന്നതിനും വളര്‍ത്തുന്നതിനുമായി നടപടി സ്വീകരിക്കേണ്ടതുണ്ട്. ഇതിനായി മാതൃകാപരമായ പ്രവര്‍ത്തനം നടത്തണമെന്നും മുഖ്യമന്ത്രി പറഞ്ഞു. മുട്ടത്തറയിലെ ഔഷധിയുടെ പുതിയ ഔഷധ നിര്‍മാണ യൂനിറ്റ് പ്രവര്‍ത്തനോദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

രാജ്യത്ത് നൂറ്റാണ്ടുകളായി നിലനിന്ന ചികിത്സാ സമ്പ്രദായമാണ് ആയുര്‍വേദം. ഒരു കാലത്ത് സുലഭമായി ലഭ്യമായിരുന്ന ഔഷധ സസ്യങ്ങളാണ് കേരളത്തെ ആയുര്‍വേദ രംഗത്ത് മുന്നിലെത്തിച്ചത്. എന്നാല്‍ ഈ രംഗത്തെ ചില കുറവുകള്‍ കാണാതിരിക്കരുത്. ഔഷധ സസ്യങ്ങളുടേയും മറ്റു ചില ഘടകങ്ങളുടെയും കുറവുണ്ടായി. ഗുണമേന്മയുള്ള ആയുര്‍വേദ മരുന്നിന് എല്ലാ ചേരുവകകളും ആവശ്യമാണ്. രാജ്യത്താകമാനം വ്യാപിച്ച പ്രത്യേക തരം വ്യാപാരശൈലി ആയുര്‍വേദത്തേയും ബാധിച്ചു. പലരുടെയും ആയുര്‍വേദ മരുന്നുകള്‍ക്ക് ആവശ്യമായ ചേരുവകള്‍ ഇല്ലാത്തതു കാരണം ഉദ്ദിഷ്ട ഫലം ലഭിക്കുന്നില്ല. ഇക്കാര്യത്തില്‍ ഔഷധി മാതൃകാപരമായ പ്രവര്‍ത്തനമാണ് കാഴ്ചവെക്കുന്നത്.

ഇത് ഔഷധിയുടെ വളര്‍ച്ചാഘട്ടമാണ്. ഔഷധിയുടെ ഉത്പന്നങ്ങള്‍ മതിയാകാതെ വരുന്നത് കൊണ്ടാണ് പുതുതായി ഒരു ഔഷധ നിര്‍മാണ യൂനിറ്റ് തുടങ്ങാന്‍ കാരണം. 10 സുപ്രധാന മരുന്നുകളാണ് ഈ യൂനിറ്റില്‍ നിര്‍മിക്കുന്നത്. ആയുര്‍വേദത്തെ ശക്തിപ്പെടുത്താന്‍ ഇന്റര്‍നാഷനല്‍ ആയുര്‍വേദ റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ട് സ്ഥാപിക്കാനുള്ള നടപടികള്‍ ആരംഭിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

ആയുര്‍വേദ രംഗത്തെ മുന്നേറ്റത്തിന്റെ പ്രതീകമാണ് ഔഷധിയുടെ വളര്‍ച്ചയെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച ആരോഗ്യ മന്ത്രി കെ കെ ശൈലജ ടീച്ചര്‍ പറഞ്ഞു. 2016-17ല്‍ 97 കോടിയുടെ വിറ്റുവരവ് നേടിയ ഔഷധി 2017-18 ആകുമ്പോള്‍ 140 കോടിയുടെ വിറ്റവരവുണ്ടാകും. 50 ശതമാനം വളര്‍ച്ചയാണ് ഈയിനത്തില്‍ ഔഷധിക്ക് ഉണ്ടാകുന്നതെന്നും മന്ത്രി പറഞ്ഞു. ആയുര്‍വേദത്തിന്റെ സമഗ്ര വികസനത്തിനായി ആയുര്‍വേദ ഔഷധ നയം രൂപവത്കരിക്കുമെന്നും മന്ത്രി പറഞ്ഞു.

ആയുഷ് രംഗത്ത് വന്‍ മുന്നേറ്റമാണുണ്ടായിരിക്കുന്നത്. ഔഷധകൃഷി വ്യാപിക്കുന്നതിന് ഗ്രാമീണം, ഗൃഹചൈതന്യം പദ്ധതികള്‍ വ്യാപിപ്പിക്കുന്നതാണ്. കേരളത്തിലെ ആയര്‍വേദത്തെ അന്താരാഷ്ട്ര തലത്തിലെത്തിക്കാനായി കൊച്ചിയില്‍ ഒരു ആയുഷ് കോണ്‍ക്ലേവ് സംഘടിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു. നാഷനല്‍ ആയുഷ് മിഷന്‍ ഡയരക്ടര്‍ കേശവേന്ദ്രകുമാര്‍, ഔഷധി ചെയര്‍മാന്‍ ഡോ. കെ ആര്‍ വിശ്വംഭരന്‍, മാനേജിംഗ് ഡയരക്ടര്‍ കെ വി ഉത്തമന്‍, ഭാരതീയ ചികിത്സാ വകുപ്പ് ഡയറക്ടര്‍ ഡോ. അനിത ജേക്കബ്, ആയുവേദ മെഡിക്കല്‍ ഡയരക്ടര്‍ ഡോ. സി ഉഷാ കുമാരി പങ്കെടുത്തു.

 

Latest