Connect with us

Sports

വിന്‍ഡീസും അഫ്ഗാന്റെ കരുത്തറിഞ്ഞു

Published

|

Last Updated

ഹരാരെ: 2019ല്‍ നടക്കാനിരിക്കുന്ന ഐസിസി ഏകദിന ക്രിക്കറ്റ് ലോകകപ്പിനു യോഗ്യത സമ്പാദിച്ച അഫ്ഗാനിസ്ഥാന്‍ ക്വാളിഫയര്‍ കിരീടം നേടിക്കൊണ്ട് ചരിത്രനേട്ടം അവിസ്മരണീയമാക്കി.

യോഗ്യതാ ടൂര്‍ണമെന്റിന്റെ ഫൈനലില്‍ പരമ്പരാഗത ശക്തികളായ വെസ്റ്റിന്‍ഡീസിനെ ഏഴു വിക്കറ്റിനാണ് അഫ്ഗാന്‍ തകര്‍ത്തുവിട്ടത്. ഇരുടീമും നേരത്തേ തന്നെ ലോകകപ്പിനു ടിക്കറ്റെടുത്തതിനാല്‍ ഫൈനല്‍ അപ്രസക്തമായിരുന്നു. എന്നാല്‍, ഇവരില്‍ കേമനാരെന്ന ചോദ്യത്തിനുള്ള ഉത്തരം കിട്ടേണ്ടതുണ്ടായിരുന്നു.

അട്ടിമറി വീരന്‍മാരായ അഫ്ഗാന്‍ വിന്‍ഡീസിനെയും തുരത്തി മിടുക്ക് വീണ്ടും തെളിയിച്ചു.
ഫൈനലില്‍ ആദ്യം ബാറ്റ് ചെയ്ത വിന്‍ഡീസിനെ 46.5 ഓവറില്‍ 204 റണ്‍സിന് അഫ്ഗാന്‍ എറിഞ്ഞിട്ടു.
ക്രിസ് ഗെയ്ല്‍ അടക്കമുള്ള സൂപ്പര്‍ താരങ്ങളെ അണിനിരത്തിയിട്ടും അഫ്ഗാന്‍ ബൗളിങ് ആക്രമണത്തിനു മുന്നില്‍ വിന്‍ഡീസിന് പിടിച്ചുനില്‍ക്കാനായില്ല. റോമന്‍ പവല്‍ (44), ഷിംറോണ്‍ ഹെത്മ്യര്‍ (38) എന്നിവര്‍ മാത്രമേ അല്‍പ്പമെങ്കിലും ചെറുത്തുനിന്നുള്ളൂ.

ഗെയ്ല്‍ വെറും 10 റണ്‍സിന് പുറത്തായി. നാലു വിക്കറ്റെടുത്ത മുജീബുര്‍ റഹമാനാണ് വിന്‍ഡീസിനെ തകര്‍ത്തത്.
മറുപടി ബാറ്റിങില്‍ വിന്‍ഡീസിന്റെ സ്‌കോര്‍ ഒരു ഘട്ടത്തിലും അഫ്ഗാന് ഭീഷണിയായില്ല. ഓപ്പണര്‍ മുഹമ്മദ് ഷഹസാദ് (84), റഹ്മത് ഷാ (51) എന്നിവരുടെ അര്‍ധസെഞ്ച്വറികള്‍ 40.4 ഓവറില്‍ വെറും മൂന്നു വിക്കറ്റ് നഷ്ടത്തില്‍ അഫ്ഗാനെ ലക്ഷ്യത്തിലെത്തിച്ചു.

വിന്‍ഡീസിനായി ഗെയ്ല്‍ രണ്ടു വിക്കറ്റെടുത്തു. ഷഹസാദ് കളിയിലെ താരമായും സിംബാബ്‌വെയുടെ സിക്കന്തര്‍ റസ്സ മാന്‍ ഓഫ് ദി സീരീസായും തിരഞ്ഞെടുക്കപ്പെട്ടു.
യോഗ്യതാ റൗണ്ടിലെ ആദ്യ മൂന്നു കളികളിലും തോറ്റ അഫ്ഗാന്‍ തുടര്‍ച്ചയായ നാലു വിജയങ്ങളോടെ ലോകകപ്പിനു ടിക്കറ്റെടുക്കുകയായിരുന്നു.