Connect with us

International

ക്രെഡിറ്റ് കാര്‍ഡ് വിവാദം: മൗറീഷ്യന്‍ പ്രസിഡന്റ് രാജിവെച്ചു

Published

|

Last Updated

പോര്‍ട്ട് ലൂയിസ്: ക്രെഡിറ്റ് കാര്‍ഡ് തട്ടിപ്പിന്റെ പേരില്‍ വിവാദത്തിലകപ്പെട്ട മൗറീഷ്യന്‍ പ്രസിഡന്റ് അമീന ഗുരീബ് ഫാകിം രാജിവെച്ചു. അമീന ഗുരീബിന്റെ അഭിഭാഷകനാണ് രാജിക്കാര്യം പുറത്തുവിട്ടത്. ഈ മാസം 23ന് അവര്‍ അധികാരമൊഴിയുമെന്നും അഭിഭാഷകന്‍ മാധ്യമപ്രവര്‍ത്തകരോട് വിശദീകരിച്ചു. ഒരു സന്നദ്ധ സംഘടന നല്‍കിയ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് അമീന ഗുരീബ് സ്വര്‍ണാഭരണങ്ങളും വസ്ത്രങ്ങളും ഉള്‍പ്പെടുന്ന ആഡംബര വസ്തുക്കള്‍ വാങ്ങിക്കൂട്ടിയതായി ആരോപണമുയര്‍ന്നിരുന്നു. മൗറീഷ്യസ്യല്‍ ബിസിനസ് നടത്താന്‍ താത്പര്യപ്പെടുന്ന അങ്കോളക്കാരനായ ഒരു വ്യാപാരിയുടെതാണ് ഈ സന്നദ്ധ സംഘടന. അമീന ഗുരീബ് പ്രസിഡന്റ് സ്ഥാനം രാജിവെക്കുമെന്ന് കഴിഞ്ഞയാഴ്ച പ്രധാനമന്ത്രി പ്രവിന്ദ് ജുഗ്നൗഥ് പ്രഖ്യാപിച്ചിരുന്നെങ്കിലും അമീന ഈ വാദം തള്ളിക്കളഞ്ഞിരുന്നു.

2016ലാണ് പി ഇ ഐ എന്ന സന്നദ്ധ സംഘടനയില്‍ നിന്ന് ഇവര്‍ ക്രെഡിറ്റ് കാര്‍ഡ് സ്വീകരിച്ചിരുന്നത്. സന്നദ്ധ സംഘടനക്ക് വേണ്ടിയുള്ള യാത്ര, സംഘടനയുടെ മറ്റു ആവശ്യങ്ങള്‍ എന്നിവക്ക് ചെലവഴിക്കാന്‍ വേണ്ടിയായിരുന്നു ഈ ക്രെഡിറ്റ് കാര്‍ഡ്. എന്നാല്‍ ഇതുപയോഗിച്ച് അമീന ഗുരീബ് 26,000 ഡോളര്‍ വിലവരുന്ന വസ്തുക്കള്‍ വ്യക്തിപരമായി വാങ്ങിക്കൂട്ടിയെന്നാണ് പരാതി. എന്നാല്‍ വളരെ അവിചാരിതമായാണ് ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് ഇവ വാങ്ങിയതെന്ന് അവര്‍ വ്യക്തമാക്കിയിരുന്നു. പി ഇ ഐക്ക് നല്‍കാനുള്ള എല്ലാ തുകയും തിരിച്ചുനല്‍കാന്‍ സന്നദ്ധയാണെന്നും അവര്‍ അറിയിച്ചിരുന്നു. എന്നാല്‍, ക്രെഡിറ്റ് കാര്‍ഡ് ദുരുപയോഗം മാത്രമല്ല, മറിച്ച് സന്നദ്ധ സംഘടനയുമായുള്ള അവരുടെ അവിഹിത ബന്ധത്തില്‍ സംശയം ഉള്ളതിനാലാണ് രാജിവെക്കാന്‍ ആവശ്യപ്പെട്ടിരുന്നതെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ പറഞ്ഞു.