കോണ്‍ഗ്രസ് പ്ലീനറി സമ്മേളനം ഇന്ന് മുതല്‍

Posted on: March 17, 2018 6:10 am | Last updated: March 16, 2018 at 11:12 pm

ന്യൂഡല്‍ഹി: അഖിലേന്ത്യാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ 84ാമത് പ്ലീനറി സമ്മേളനത്തിന്റെ ഔദ്യോഗിക നടപടി ക്രമങ്ങള്‍ക്ക് ഇന്ന് തുടക്കമാകും. രാവിലെ ഒമ്പത് മണിക്ക് ഇന്ദിരാഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പതാക ഉയര്‍ത്തുന്നതോടെയാണ് പ്ലീനറി സമ്മേളന നടപടികള്‍ ആരംഭിക്കുന്നത്. കോണ്‍ഗ്രസ് അധ്യക്ഷനായി രാഹുല്‍ ഗാന്ധി ഔദ്യോഗികമായി ചുമതലയേല്‍ക്കുന്ന സമ്മേളനത്തില്‍ വര്‍ക്കിംഗ് കമ്മിറ്റി അംഗങ്ങളുടെ തിരഞ്ഞെടുപ്പും നടക്കും.

13,000 ത്തോളം അംഗങ്ങളാണ് ഇത്തവണ പ്ലീനറി സമ്മേളനത്തില്‍ പങ്കെടുക്കുന്നത്. കേരളത്തില്‍ നിന്ന് കെ പി സി സി അധ്യക്ഷന്‍ എം എം ഹസ്സന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി എന്നിവരുടെ നേതൃത്വത്തില്‍ മുന്നുറോളം പ്രതിനിധികള്‍ പ്ലീനറി സമ്മേളനത്തില്‍ പങ്കെടുക്കാന്‍ ഡല്‍ഹിയിലെത്തി. രാജ്യത്തെ വിവിധ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്ന നാല് പ്രമേയങ്ങളും സമ്മേളനത്തില്‍ ചര്‍ച്ച ചെയ്യും.
സബ്ജക്ട് കമ്മിറ്റി എന്ന നിലയില്‍ പാര്‍ട്ടിയുടെ സ്റ്റിയറിംഗ് കമ്മിറ്റി യോഗം ഇന്നലെ ഡല്‍ഹി കോണ്‍സ്റ്റിറ്റിയൂഷന്‍ ക്ലബില്‍ ചേര്‍ന്നു. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി അധ്യക്ഷത വഹിച്ചു.

ഇന്ന് രാവിലെ ഒമ്പതിന് രാഹുല്‍ ഗാന്ധി പതാക ഉയര്‍ത്തുന്നതോടെ പ്ലീനറി സമ്മേളന നടപടികള്‍ ആരംഭിക്കും. തുടര്‍ന്ന് അദ്ദേഹം സമ്മേളനത്തെ അഭിസംബോധന ചെയ്യും. ഉച്ചക്ക് രണ്ടോടെ പ്രമേയങ്ങളിന്മേലുള്ള ചര്‍ച്ച ആരംഭിക്കും.

യു പി എ സര്‍ക്കാറിന്റെ കാലത്തുണ്ടായ സാമ്പത്തിക വളര്‍ച്ച, മോദി സര്‍ക്കാരിന്റെ സാമ്പത്തിക നയങ്ങള്‍ ഇന്ത്യന്‍ സാമ്പത്തിക ഘടനയെ എങ്ങനെ ബാധിച്ചു തുടങ്ങി ഇന്ത്യയുടെ സാമ്പത്തികാവസ്ഥയെ കൃത്യമായി പ്രതിപാദിക്കുന്ന സാമ്പത്തിക പ്രമേയം മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗും, മുന്‍ ധനമന്ത്രി പി ചിദംബരവും ചേര്‍ന്നാണ് തയ്യാറാക്കിയിട്ടുള്ളത്. പ്രത്യേകിച്ച് നോട്ട് നിരോധനം പോലുള്ള അപക്വമായ നടപടികള്‍ ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയെ എങ്ങനെ പിന്നോട്ടടിച്ചു തുടങ്ങിയ വിഷയങ്ങളും പ്രമേയത്തിലൂടെ പ്ലീനറി സമ്മേളനം ചര്‍ച്ച ചെയ്യും. രാജ്യത്തെ നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങള്‍ വിലയിരുത്തുന്ന രാഷ്ട്രീയ പ്രമേയം കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റി അംഗം എ കെ ആന്റണിയാണ് തയ്യാറാക്കുന്നത്. 2019 ലെ തിരഞ്ഞെടുപ്പും ഭാവിയില്‍ കോണ്‍ഗ്രസ് സ്വീകരിക്കേണ്ട രാഷ്ട്രീയ സമീപനങ്ങളും പ്രമേയത്തിലൂടെ ചര്‍ച്ച ചെയ്യും. അന്തര്‍ദേശീയ രംഗത്തെ സംബന്ധിച്ച് പാര്‍ട്ടിയുടെ കാഴ്ചപ്പാട് വിശദീകരിക്കുന്ന പ്രമേയമാണ് മൂന്നാമത്തേത്. കഴിഞ്ഞ നാല് വര്‍ഷകാലം രാജ്യം കണ്ടത് തൊഴില്‍ രഹിതമായ വളര്‍ച്ചയാണ്. ഇന്ത്യയിലെ കാര്‍ഷിക മേഖല ഏറ്റവും വലിയ തകര്‍ച്ച നേരിടുന്നു. അതിനാല്‍ തന്നെ ഇരു വിഷയങ്ങളും പ്രതിപാദിക്കുന്ന പ്രമേയവും സമ്മേളനത്തില്‍ ഇടം പിടിച്ചിട്ടുണ്ട്.

നാളെ വൈകിട്ട് നാല് മണിക്ക് ചര്‍ച്ചകള്‍ ഉപസംഹരിച്ചുള്ള കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ മറുപടി പ്രസംഗത്തോടെ സമ്മേളനം അവസാനിക്കും. കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റി അംഗങ്ങളുടെ തിരഞ്ഞെടുപ്പും നടക്കും.

കമ്മിറ്റിയിലെ പകുതി അംഗങ്ങളെ പ്ലീനറി സമ്മേളനം തിരഞ്ഞെടുക്കും. പകുതി അംഗങ്ങളെ കോണ്‍ഗ്രസ് അധ്യക്ഷന്‍ നാമനിര്‍ദേശം ചെയ്യും. യുവാക്കള്‍ക്കും വനിതകള്‍ക്കും പിന്നാക്ക വിഭാഗങ്ങള്‍ക്കും കൂടുതല്‍ പ്രാതിനിധ്യം നല്‍കുന്ന പ്ലീനറി സമ്മേളനമാണ് ഇത്തവണത്തേത്. അടുത്ത വര്‍ഷം നടക്കുന്ന പൊതുതിരഞ്ഞെടുപ്പില്‍ വിജയം നേടുന്നതിനുള്ള തന്ത്രങ്ങള്‍ ആവിഷ്‌കരിക്കുകയാണ് പ്ലീനറി സെഷന്റെ പ്രധാന അജന്‍ഡ. ഈ വര്‍ഷം നടക്കുന്ന കര്‍ണാടക, മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഢ് സംസ്ഥാന തിരഞ്ഞെപ്പുകളും ചര്‍ച്ചയാകും.