സുരക്ഷ തേടി പതിനായിരങ്ങള്‍ പലായന വഴി

കിഴക്കന്‍ ഗൗതയില്‍ സിറിയന്‍ സൈന്യത്തിന്റെ മാരക ബോംബാക്രമണം
Posted on: March 17, 2018 6:03 am | Last updated: March 16, 2018 at 10:31 pm
കിഴക്കന്‍ ഗൗതയില്‍ നിന്ന് പലായനം ചെയ്യുന്നവര്‍

ദമസ്‌കസ്: കിഴക്കന്‍ ഗൗതയില്‍ വിമതരെ ലക്ഷ്യമാക്കി സിറിയന്‍ സൈന്യം വ്യോമാക്രമണം ശക്തമാക്കിയതോടെ പതിനായിരങ്ങള്‍ മേഖല ഉപേക്ഷിച്ച് പലായനം തുടങ്ങി. കഴിഞ്ഞ ഏഴ് വര്‍ഷമായി രാജ്യത്ത് തുടരുന്ന ആഭ്യന്തര കലാപത്തിനിടെ ഇത്രയുമധികം ജനങ്ങള്‍ ഒരു ദിവസം പലായനം ചെയ്യുന്നത് ആദ്യമായാണ്. സിറിയയില്‍ വിമതര്‍ കൈയടക്കിവെച്ചിരിക്കുന്ന ഈ പ്രദേശത്തിന്റെ നിയന്ത്രണം തിരിച്ചുപിടിക്കാന്‍ സൈനിക നടപടി സിറിയ ശക്തമാക്കിയതോടെയാണ് ജീവന്‍രക്ഷ തേടി പതിനായിരങ്ങള്‍ പലായന വഴിയിലേക്ക് ഇറങ്ങിയിരിക്കുന്നത്.

സിറിയന്‍ സൈന്യം വിമതരെ ലക്ഷ്യമാക്കി അതിശക്തമായ രീതിയില്‍ ബോംബാക്രമണം തുടരുകയാണ്. സിറിയന്‍ സൈന്യത്തിന്റെയും വിമതരുടെയും പ്രധാന ഏറ്റുമുട്ടല്‍ പ്രദേശമായ ഹമൗറിയ്യ നഗരം വിട്ട് ഇതിനകം പതിനായിരക്കണക്കിന് നഗരവാസികള്‍ രക്ഷപ്പെട്ടു.

ഇന്നലെ രാവിലെ റഷ്യന്‍ സൈന്യം നടത്തിയ വ്യോമാക്രമണത്തില്‍ ആറ് കുട്ടികള്‍ ഉള്‍പ്പടെ 41 പേര്‍ കൊല്ലപ്പെട്ടതായി സിറിയയിലെ മനുഷ്യാവകാശ നിരീക്ഷണ സംഘടന അറിയിച്ചു. കഫര്‍ ബത്‌ന ജില്ലയിലെ റഷ്യന്‍ വ്യോമാക്രമണത്തിലാണ് 41 മരണം. ഇന്നലെ രാവിലെ ഈ ജില്ലയില്‍ നിന്ന് രണ്ടായിരത്തിലധികം പേര്‍ പലായനം ചെയ്തതായി സുരക്ഷാ ഉദ്യോഗസ്ഥര്‍ അറിയിച്ചു. കിഴക്കന്‍ ദമസ്‌കസില്‍ നിന്ന് 13000ത്തിലധികം പേര്‍ പലായനം ചെയ്തതായും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. വിമതരുടെ നിയന്ത്രണത്തിലുള്ള പ്രദേശങ്ങളില്‍ നിന്ന് ആളുകള്‍ വാഹനങ്ങളിലും മറ്റും കിട്ടിയ സാധനങ്ങള്‍ വാരിവലിച്ച് സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള പ്രദേശങ്ങളിലേക്ക് ഒഴുകിക്കൊണ്ടിരിക്കുകയാണ്. നേരത്തെ ഹമൗറിയ്യ നഗരത്തിന്റെ പൂര്‍ണ നിയന്ത്രണം വിമതര്‍ക്കായിരുന്നു. എന്നാല്‍ സൈന്യം ഇപ്പോള്‍ നഗരത്തെ നാലുഭാഗത്തുനിന്നും വളഞ്ഞിരിക്കുകയാണ്.

കുട്ടികള്‍ക്ക് പോലും നല്‍കാന്‍ വെള്ളമോ മരുന്നോ പല പ്രദേശങ്ങളിലും ലഭ്യമല്ലെന്ന് പലായനം ചെയ്യുന്നവര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ഇതിനകം 20,000ത്തിലധികം പേര്‍ വിമതനിയന്ത്രണത്തിലുള്ള പ്രദേശങ്ങളില്‍ നിന്ന് പലായനം ചെയ്തതായി സിറിയയിലെ മനുഷ്യാവകാശ നിരീക്ഷണ സംഘടന അറിയിച്ചു. യുദ്ധം രൂക്ഷമാകുന്നതോടെ, പലായനം ചെയ്യുന്നവരുടെ എണ്ണം കൂടുമെന്നും സംഘടന വ്യക്തമാക്കി.