‘അമ്മ മക്കള്‍ മുന്നേറ്റ കഴകം’; ടിടിവി ദിനകരന്‍ പുതിയ പാര്‍ട്ടി പ്രഖ്യാപിച്ചു

Posted on: March 15, 2018 11:56 am | Last updated: March 15, 2018 at 2:51 pm

ചെന്നൈ: അണ്ണാ ഡിഎംകെ വിമതനേതാവ് ടിടിവി ദിനകരന്‍ പുതിയ പാര്‍ട്ടി പ്രഖ്യാപിച്ചു. അമ്മ മക്കള്‍ മുന്നേറ്റ കഴകം എന്നാണ് പാര്‍ട്ടിയുടെ പേര്. മധുരയില്‍ ആയിരക്കണക്കിന് പ്രവര്‍ത്തകര്‍ അണിനിരന്ന സമ്മേളനത്തിലായിരുന്നു പാര്‍ട്ടി പ്രഖ്യാപനം. ജയലളിതയുടെ ചിത്രം ആലേഖനം ചെയ്ത പാര്‍ട്ടിയുടെ കൊടിയും പുറത്തിറക്കി. രണ്ടില ചിഹ്നം ലഭിക്കാന്‍ നിയമ പോരാട്ടം നടത്തുമെന്നും അത് വരെ പ്രഷര്‍കുക്കറായിരിക്കും ചിഹ്നമെന്നും ദിനകരന്‍ പറഞ്ഞു.

ജയലളിതയുടെ മരണത്തെത്തുടര്‍ന്ന് അണ്ണാഡിഎംകെയിലുണ്ടായ പ്രതിസന്ധിയാണ് പുതിയ പാര്‍ട്ടി പ്രഖ്യാനത്തിലേക്ക് വഴിവെച്ചത്. മുഖ്യമന്ത്രി ജയലളിതയുടെ മണ്ഡലമായ ആര്‍കെ നഗര്‍ ഉപതിരഞ്ഞെടുപ്പില്‍ സ്വതന്ത്രനായി മത്സരിച്ച ദിനകരന്‍ വന്‍ ഭൂരിപക്ഷത്തിന് വിജയിച്ചിരുന്നു.

കമല്‍ഹാസന്റെ പാര്‍ട്ടി പ്രഖ്യാപനത്തിന് പിന്നാലെയാണ് ദിനകരനും പുതിയ പാര്‍ട്ടിയുമായി രംഗത്തെത്തിയിരിക്കുന്നത്. നടന്‍ രജനീകാന്തിന്റെ പുതിയ പാര്‍ട്ടിയുടെ പ്രഖ്യാപനവും അടുത്തുതന്നെ ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.