കള്ള് ഷാപ്പുകള്‍ ഉപാധികളോടെ തുറക്കാം: സുപ്രീം കോടതി

Posted on: March 13, 2018 12:40 pm | Last updated: March 13, 2018 at 3:14 pm

ന്യൂഡല്‍ഹി: ദേശീയ-സംസ്ഥാന പാതകളിലെ കള്ളുഷാപ്പുകള്‍ ഉപാധികളോടെ തുറക്കാന്‍ സുപ്രീം കോടതി വിധിച്ചു. മദ്യശാല നിരോധത്തിന് നേരത്തെ പ്രഖ്യാപിച്ച ഇളവ് കള്ള്ഷാപ്പുകള്‍ക്കും ബാധകമാണെന്ന് കോടതി വ്യക്തമാക്കി. കള്ളുഷാപ്പുകള്‍ തുറക്കാന്‍ അനുമതി തേടിക്കൊണ്ട് കേരളത്തിലെ കള്ള് ഷാപ്പ് ഉടമകളും തൊഴിലാളികളും നല്‍കിയ ഹരജിയിലാണ് കോടതി നടപടി. ഏതെല്ലാം കള്ള് ഷാപ്പുകള്‍ തുറക്കാമെന്ന് സംസ്ഥാന സര്‍ക്കാറിന് തീരുമാനിക്കാമെന്നും ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.

പഞ്ചായത്തുകളിലെ നഗര മേഖലകളില്‍ മദ്യശാലകള്‍ക്ക് പ്രവര്‍ത്തനാനുമതി നല്‍കാമെന്ന് സുപ്രീം കോടതി നേരത്തെ വിധിച്ചിരുന്നു. പ്രദേശം നഗരമാണൊ അല്ലയൊ എന്ന് തീരുമാനിക്കേണ്ടത് സംസ്ഥാനമാണെന്നും മദ്യശാല ഉടമകള്‍ അനുമതിക്കായി സമീപിക്കേണ്ടത് സംസ്ഥാന സര്‍ക്കാറിനെയാണെന്നും വിധിയില്‍ പറഞ്ഞിരുന്നു.