നിയോ എന്‍ജിന്‍ വിമാനങ്ങള്‍ക്ക് വിലക്ക്

ഇന്‍ഡിഗോ, ഗോഎയര്‍ വിമാന സര്‍വീസുകള്‍ക്ക് കേന്ദ്ര വ്യോമയാന മന്ത്രാലയം നോട്ടീസ് നല്‍കി
Posted on: March 12, 2018 7:57 pm | Last updated: March 12, 2018 at 11:25 pm

ന്യൂഡല്‍ഹി: നിയോ എന്‍ജിന്‍ ഘടിപ്പിച്ച വിമാനങ്ങളുടെ സര്‍വീസുകള്‍ നിര്‍ത്തിവയ്ക്കാന്‍ വിമാനക്കമ്പനികള്‍ക്ക് കേന്ദ്രത്തിന്റെ നിര്‍ദേശം. നിയോ എന്‍ജിനുകള്‍ ഉപയോഗിക്കുന്ന വിമാനങ്ങളില്‍ സാങ്കേതിക തകരാര്‍ പതിവായതിനെ തുടര്‍ന്നാണു കേന്ദ്രം നിര്‍ദേശം നല്‍കിയത്. ഇന്‍ഡിഗോ, ഗോഎയര്‍ വിമാന സര്‍വീസുകള്‍ക്ക് ഇതു സംബന്ധിച്ചു കേന്ദ്ര വ്യോമയാന മന്ത്രാലയം നോട്ടീസ് നല്‍കി.
യുനൈറ്റഡ് ടെക്‌നോളജീസിന്റെ പ്രാറ്റ് ആന്‍ഡ് വൈറ്റ്‌നിയാണ് നിയോ എന്‍ജിന്‍ നിര്‍മിക്കുന്നത്. എന്‍ജിനിന്റെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനാകാത്തതിനാല്‍ പ്രാറ്റ് ആന്‍ഡ് വൈറ്റ്‌നി ഇന്‍ഡിഗോയ്ക്ക് നഷ്ടപരിഹാരം നല്‍കിയിരുന്നു.

പ്രതിദിനം നൂറ് സര്‍വീസുകളുള്ള കമ്പനിയാണ് ഇന്റര്‍ ഗ്ലോബ് ഏവിയേഷന്റെ ഉടമസ്ഥതയിലുള്ള ഇന്‍ഡിഗോ. പ്രാറ്റ് ആന്‍ഡ് വിറ്റ്‌നിയുടെ എന്‍ജിനുകളെ കുറിച്ച് യൂറോപ്യന്‍ ഏവിയേഷന്‍ സേഫ്റ്റി റഗുലേറ്റര്‍ സുരക്ഷാ മുന്നറിയിപ്പും നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് കേന്ദ്രം നിയോ എന്‍ജിനുകള്‍ വിലക്കിയത്.