Connect with us

National

വിവിപാറ്റുകള്‍ പൂര്‍ണ്ണമായി എണ്ണണമെന്ന ആവശ്യം സുപ്രീം കോടതി തള്ളി

പേപ്പര്‍ ബാലറ്റിലേക്ക് തിരികെ പോകാനാകില്ലെന്ന് വ്യക്തമാക്കിയ കോടതി ഒരു സംവിധാനത്തെ അന്ധമായി അവിശ്വസിക്കുന്നത് അനാവശ്യ സംശയത്തിനിടയാക്കുമെന്നും വ്യക്തമാക്കി

Published

|

Last Updated

ന്യൂഡല്‍ഹി  | വോട്ടിങ് യന്ത്രത്തില്‍ വോട്ടു ചെയ്യുന്നയാള്‍ ഉദ്ദേശിച്ച സ്ഥാനാര്‍ഥിക്കു തന്നെയാണോ വോട്ടു രേഖപ്പെടുത്തിയതെന്ന് ഉറപ്പിക്കാനുള്ള, വോട്ടര്‍ വെരിഫയബിള്‍ പേപ്പര്‍ ഓഡിറ്റ് ട്രയല്‍ (വിപിപാറ്റ്) പൂര്‍ണമായി എണ്ണണമെന്ന് ആവശ്യപ്പെട്ടു സമര്‍പ്പിച്ച ഹര്‍ജികള്‍ സുപ്രീം കോടതി തള്ളി. പരസ്പരം യോജിക്കുന്ന രണ്ടു വ്യത്യസ്ത വിധിന്യായങ്ങളിലാണ്, ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ദിപാങ്കര്‍ ദത്ത എന്നിവരുടെ ബെഞ്ചിന്റെ വിധി.

പേപ്പര്‍ ബാലറ്റിലേക്ക് തിരികെ പോകാനാകില്ലെന്ന് വ്യക്തമാക്കിയ കോടതി ഒരു സംവിധാനത്തെ അന്ധമായി അവിശ്വസിക്കുന്നത് അനാവശ്യ സംശയത്തിനിടയാക്കുമെന്നും വ്യക്തമാക്കി. അതേ സമയം മൈക്രോ കണ്‍ട്രോളര്‍ പരിശോധിക്കണമെന്ന ആവശ്യം വോട്ടണ്ണലിന് ശേഷം ഉന്നയിക്കാം. എന്നാല്‍ ഇതിന്റെ ചെലവ് സ്ഥാനാര്‍ഥികള്‍ വഹിക്കണമെന്നും കോടതി നിര്‍ദേശിച്ചു

അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസ് അടക്കമുള്ളവരാണ് വിവിപാറ്റ് സ്ലിപ്പുകള്‍ പൂര്‍ണമായി എണ്ണണം എന്നാവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. ഇലക്ട്രോണിക് വോട്ടിങ് മെഷീനില്‍ രേഖപ്പെടുത്തിയ വോട്ടുകള്‍ വിവിപാറ്റ് പേപ്പര്‍ സ്ലിപ്പുകള്‍ ഉപയോഗിച്ച് ക്രോസ് വെരിഫിക്കേഷന്‍ ചെയ്യണം എന്നതാണ് ഹര്‍ജിക്കാരുടെ ആവശ്യം. എന്നാല്‍ സ്ലിപ്പുകള്‍ മുഴുവന്‍ എണ്ണുന്നത് പ്രായോഗികമല്ലെന്ന നിലപാടാണ് തിരഞ്ഞെടുപ്പ് കമ്മിഷന്‍ സ്വീകരിച്ചത്.