ജേക്കബ് തോമസിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം

Posted on: March 12, 2018 1:02 pm | Last updated: March 12, 2018 at 3:07 pm

കൊച്ചി:തനിക്കും കുടുംബത്തിനും സംരക്ഷണം വേണമെന്നാവശ്യപ്പെട്ട് ഹരജി നല്‍കിയ മുന്‍ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. അഴിമതി ചൂണ്ടിക്കാട്ടുന്നവരെ സംരക്ഷിക്കുന്ന വിസില്‍ ബ്ലോവേഴ്‌സ് നിയമപ്രകാരം തനിക്കും കുടുംബത്തിനും സംരക്ഷണം വേണമെന്ന ഹരജിയില്‍ വാദം കേള്‍ക്കവെയാണ് ഹൈക്കോടതി ജേക്കബ്ബ് തോമസിനെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ചത്.

ജേക്കബ് തോമസ് പബ്ലിക്ക് മാസ്റ്ററല്ലെന്നും പബ്ലിക്ക് സെര്‍വന്റ് മാത്രമാണെന്ന് ഓര്‍മ വേണമെന്ന് ഹൈക്കോടതി പറഞ്ഞു. പൊതുജനസേവകനെന്ന നിലയില്‍ ജേക്കബ് തോമസിന് പബ്ലിക്ക് മാസ്റ്ററാകാനാകില്ല. ജേക്കബ് തോമസിനു മുകളിലും അധികാര കേന്ദ്രങ്ങളുണ്ട്. തന്നെ ഏല്‍പ്പിച്ച കര്‍ത്തവ്യങ്ങള്‍ നിര്‍വഹിക്കുകയല്ലാതെ തീരുമാനങ്ങള്‍ അടിച്ചേല്‍പ്പിക്കാന്‍ പൊതുസേവകന് കഴിയില്ലെന്നും കോടതി പറഞ്ഞു. അതേ സമയം വിസില്‍ ബ്ലോവേഴ്‌സ് നിയമപ്രകാരം ജേക്കബ് തോമസിന് സംരക്ഷണം നല്‍കാനാകില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ ബോധിപ്പിച്ചു.

അഴിമതിക്കെതിരെ പ്രവര്‍ത്തിക്കുന്നതിന് തനിക്ക് വധഭീഷണിയുണ്ടെന്ന് ജേക്കബ് തോമസ് ഹരജിയില്‍ പറയുന്നുണ്ട്. എന്നാല്‍ ജേക്കബ് തോമസ് ചൂണ്ടിക്കാണിച്ച കേസുകളുമായി അദ്ദേഹത്തിന് നേരിട്ട് ബന്ധമില്ലെന്നും വിജിലന്‍സ് ഡയറക്ടറെന്ന നിലയില്‍ മേല്‍നോട്ട ചുമതല മാത്രമാണ് ഉണ്ടായിരുന്നതെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞു. വധഭീഷണിയുണ്ടെങ്കില്‍ കോടതിയെ സമീപിക്കാതെ ഉചിതമായ ഫോറത്തേയാണ് സമീപിക്കേണ്ടതെന്നും സര്‍ക്കാര്‍ അഭിഭാഷകന്‍ വാദിച്ചു.