Connect with us

National

ദയാവധം അനുവദിക്കാമെന്ന് സുപ്രീം കോടതിയുടെ ചരിത്ര വിധി

Published

|

Last Updated

ന്യൂഡല്‍ഹി: ആരോഗ്യപൂര്‍ണമായ ജീവിതത്തിലേക്ക് തിരിച്ചുവരില്ലെന്ന് മെഡിക്കല്‍ വിദഗ്ധര്‍ വിധിയെഴുതുന്ന രോഗികളെ നിഷ്‌ക്രിയ ദയാവധത്തിന് വിധേയരാക്കാന്‍ (പാസിവ് യുത്തനേസിയ) ഉപാധികളോടെ അനുമതി നല്‍കി സുപ്രീം കോടതിയുടെ ചരിത്ര വിധി. അന്തസ്സോടെ മരിക്കാനുള്ള അവകാശം മനുഷ്യന്റെ മൗലികാവകാശമാണെന്ന് വ്യക്തമാക്കിയാണ് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബഞ്ച് നിഷ്‌ക്രിയ ദയാവധത്തിന് ഉപാധികളോടെ അനുമതി നല്‍കുന്ന ഉത്തരവ് പുറപ്പെടുവിച്ചത്.

ദയാവധം നിയമവിധേയമാക്കണമെന്ന് ആവശ്യപ്പെട്ട് കോമണ്‍ കോഴ്‌സ് എന്ന സംഘടന 2014ല്‍ നല്‍കിയ ഹരജിയിലാണ് വിധി. തിരിച്ചുവരാനാകാത്തവിധം ഗുരുതരാവസ്ഥയിലുള്ള രോഗിയെ ജീവന്‍രക്ഷാ ഉപാധികള്‍ പിന്‍വലിച്ചുകൊണ്ട് ബോധപൂര്‍വം മരിക്കാന്‍ വിടുന്നതാണ് നിഷ്‌ക്രിയ ദയാവധം. ഉത്തരവില്‍ ബഞ്ചിലെ ജഡ്ജിമാര്‍ വ്യത്യസ്ത വിധിയാണ് പുറപ്പെടുവിച്ചതെങ്കിലും ഉപാധികളോടെ ദയാവധമാകാമെന്ന കാര്യത്തിലും പൗരന്‍ അന്തസ്സില്ലാതെ ജീവിക്കുന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്ന നിലപാടിലും ബഞ്ച് ഒന്നിച്ചു.
ഭരണഘടനയുടെ 21-ാം അനുച്ഛേദ പ്രകാരം അന്തസ്സോടെ ജീവിക്കാനുള്ള അവകാശത്തില്‍ അന്തസ്സോടെ മരിക്കാനുള്ള അവകാശവും ഉള്‍പ്പെടുമെന്ന് സുപ്രീം കോടതി വ്യക്തമാക്കി.

അസുഖത്തെ തുടര്‍ന്ന് ജീവിതത്തിലേക്ക് തിരിച്ചുവരാനാകാത്ത അവസ്ഥയുണ്ടാകുമ്പോള്‍ ദയാവധം അനുവദിക്കണമെന്ന് കാട്ടി ഒരാള്‍ക്ക് മുന്‍കൂട്ടി മരണപത്രം എഴുതിവെക്കാമെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു. രോഗിയുടെ നേരത്തേയുള്ള സമ്മതപത്രം (ലിവിംഗ് വില്‍) ഉണ്ടെങ്കില്‍ ജീവന്‍രക്ഷാ ഉപാധികള്‍ പിന്‍വലിച്ചുകൊണ്ട് ദയാവധം അനുവദിക്കുന്നത് പരിഗണിക്കാം. നല്ല ആരോഗ്യാവസ്ഥയില്‍ ജീവിക്കുന്ന ഒരാള്‍ക്ക് ഒരിക്കലും ദയാവധം ആവശ്യപ്പെടാന്‍ ആകില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. യാഥാര്‍ഥ്യത്തെ അഭിമുഖീകരിക്കേണ്ട സമയമാണിതെന്നും അദ്ദേഹം വ്യക്തമാക്കി.

മതങ്ങള്‍, ധാര്‍മികത, ഫിലോസഫി, നിയമം, സമൂഹം എന്നിവര്‍ ജീവിക്കാനുള്ള അവകാശത്തില്‍ മരിക്കാനുള്ള അവകാശമുണ്ടോയെന്ന കാര്യത്തില്‍ ശക്തവും വിരുദ്ധവുമായ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നുണ്ട്. എന്നാല്‍, അന്തസ്സോടെ മരിക്കാനുള്ള കാര്യം എല്ലാവരും അംഗീകരിക്കുന്നുണ്ടെന്ന് ബഞ്ചില്‍ അംഗമായിരുന്ന ജസ്റ്റിസ് സിക്രി അഭിപ്രായപ്പെട്ടു.
മൗലികാവകാശത്തിന്റെ ഭാഗമായതിനാല്‍ ഇവ രണ്ടും ഉറപ്പാക്കുന്നതിന് പ്രത്യേക നിയമനിര്‍മാണം ആവശ്യമില്ല. അന്തസ്സോടെ മരിക്കാനുള്ള അവകാശം പരമമല്ലെന്നും ചില മാനദണ്ഡങ്ങള്‍ ആവശ്യമാണെന്നും കോടതി വ്യക്തമാക്കി. മരുന്നും മറ്റും കുത്തിവെച്ച് പെട്ടെന്ന് ജീവന്‍ അവസാനിപ്പിക്കുന്നത് നിയമവിധേയമല്ലെന്നും കോടതി വ്യക്തമാക്കി.

തെറ്റായ വിവരം നല്‍കിയാല്‍ പത്ത് വര്‍ഷം തടവ്

രോഗി ഇനിയൊരിക്കലും ആരോഗ്യപൂര്‍ണമായ ജീവിതത്തിലേക്കു തിരിച്ചുവരില്ലെന്ന് വിദഗ്ധ മെഡിക്കല്‍ സംഘം വിധിയെഴുതിയ രോഗികള്‍ക്ക് മാത്രമേ മരണപത്രം ഉപയോഗിക്കാനാകൂ. മരണത്തോടെ പത്രം അസാധുവാകുകയും ചെയ്യും. ഇത്തരം മരണങ്ങളെ സ്വാഭാവിക മരണമായിട്ടായിരിക്കും രേഖപ്പെടുത്തുക.
• തെറ്റായ വിവരങ്ങള്‍ നല്‍കുകയോ വ്യാജ രേഖയുണ്ടാക്കുകയോ ചെയ്യുന്നവര്‍ക്ക് പത്ത് വര്‍ഷം വരെ കഠിന തടവും ഇരുപത് ലക്ഷം മുതല്‍ ഒരു കോടി വരെ രൂപ പിഴയും ചുമത്തും.
• എല്ലാ സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രികളിലും ദയാവധ അപേക്ഷകളില്‍ അനുമതി നല്‍കാനുള്ള സമിതികള്‍ രൂപവത്കരിക്കണമെന്നും കോടതി നിര്‍ദേശിച്ചു.
• മെഡിക്കല്‍ ബോര്‍ഡായിരിക്കണം നിഷ്‌ക്രിയ ദയാവധം സംബന്ധിച്ച് തീരുമാനം എടുക്കേണ്ടതെന്നും കോടതി വ്യക്തമാക്കി.
ദയാവധം നിയമവിധേയമാക്കണമെന്ന് ആവശ്യപ്പെട്ടുള്ള പൊതുതാത്പര്യ ഹരജിയില്‍ തീരുമാനമെടുക്കുന്നത് 2014 ലാണ് അഞ്ചംഗ ഭരണഘടനാ ബഞ്ചിന്റെ പരിഗണനക്ക് വിട്ടത്. അന്നത്തെ ചീഫ് ജസ്റ്റിസ് പി സദാശിവം അധ്യക്ഷനായ ബഞ്ച് വിഷയം ഭരണഘടനാ ബഞ്ചിന് കൈമാറിയത്.
നെതര്‍ലാന്‍ഡ്, ബെല്‍ജിയം, കൊളംബിയ തുടങ്ങിയ രാജ്യങ്ങളിലാണ് ഇപ്പോള്‍ ദയാവധം നിലനില്‍ക്കുന്നത്.