ലൈറ്റ് മെട്രോ പദ്ധതി ഉപേക്ഷിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി

Posted on: March 9, 2018 10:30 am | Last updated: March 9, 2018 at 1:12 pm

തിരുവനന്തപുരം: കോഴിക്കോട്, തിരുവനന്തപുരം ലൈറ്റ് മെട്രോ പദ്ധതി ഉപേക്ഷിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പദ്ധതിയുമായി മുന്നോട്ടു പോകുമെന്നും പ്രാരംഭ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു.

ലൈറ്റ് മെട്രോയില്‍ നിന്ന് ഡിഎംആര്‍സി പിന്മാറിയ സാഹചര്യത്തില്‍ പ്രശ്‌നം സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം നല്‍കിയ അടിയന്തര പ്രമേയ നോട്ടീസിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. കെ മുരളീധരനാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്.

പദ്ധതി ഉപേക്ഷിക്കുന്നുവെന്ന ആരോപണം അടിസ്ഥാനരഹിതമാണ്. പദ്ധതി നിര്‍ത്തിവെക്കാനല്ല, സുതാര്യമായി മുന്നോട്ട് കൊണ്ടുപോകാനാണ് സര്‍ക്കാര്‍ തീരുമാനം. കേന്ദ്ര അനുമതി ഇല്ലാതെ പദ്ധതി തുടങ്ങാനാകില്ല. ഇ ശ്രീധരന്‍ കാണിക്കുന്ന ധൃതി കേരളത്തിന് കാണിക്കാനാകില്ലെന്നും അദ്ദേഹത്തിന്റെ വൈദഗ്ധ്യം ആരും ചോദ്യം ചെയ്യുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.