Connect with us

Articles

ഫാസിസ്റ്റ് രാഷ്ട്രീയം അഴിഞ്ഞാടുകയാണ്

Published

|

Last Updated

ത്രിപുരയിലെ വിജയത്തിനു ശേഷം കമ്യൂണിസ്റ്റുകാര്‍ക്കും ജനാധിപത്യ ശക്തികള്‍ക്കുമെതിരെ മക്കാര്‍ത്തിയന്‍ മാതൃകയിലുള്ള ഭീകര ആക്രമണങ്ങള്‍ അഴിച്ചുവിട്ടിരിക്കുകയാണ് സംഘ്പരിവാറും ഗോത്രതീവ്രവാദികളും. അവിടെ അഴിഞ്ഞാടുന്നത് കമ്യൂണിസ്റ്റ് വിരുദ്ധവും ന്യൂനപക്ഷ വിരുദ്ധവും നവോത്ഥാന വിരുദ്ധവുമായ ഫാസിസ്റ്റ് രാഷ്ട്രീയമാണ്. ത്രിപുരയില്‍ ആരംഭിച്ച ആക്രമണങ്ങള്‍ ഇന്ത്യയുടെ നവോത്ഥാന ചരിത്രത്തെയും സാമൂഹിക നീതിക്കും സോഷ്യലിസത്തിനും വേണ്ടിയുള്ള രാഷ്ട്രീയ മുന്നേറ്റങ്ങളെയും കടന്നാക്രമിക്കുന്നതിലേക്കാണ് എത്തിയിരിക്കുന്നത്.
ലെനിന്റെ പ്രതിമ മാത്രമല്ല അംബേദ്കറുടെയും പെരിയോറുടെയും പ്രതിമകളും തകര്‍ക്കുകയാണ്. ഇന്ത്യയെ രൂപപ്പെടുത്തിയ സമഭാവനയുടെയും സാമൂഹിക നീതിയുടെയും നവോത്ഥാനത്തിന്റെയും പ്രതീകങ്ങളെ തകര്‍ക്കുക വഴി വര്‍ണാശ്രമധര്‍മങ്ങളിലധിഷ്ഠിതമായ പ്രതിലോമ രാഷ്ട്രീയത്തെ അടിച്ചേല്‍പ്പിക്കാനാണ് സംഘ്പരിവാര്‍ ശ്രമിക്കുന്നത്. ഇന്ത്യയുടെ ചരിത്രത്തെതന്നെ ഹിന്ദുവിന്റെ ചരിത്രമായി തിരുത്തിയെഴുതാനുള്ള സമിതികളുടെ രൂപവത്കരണവും പ്രതിമ തകര്‍ക്കലും ഒരേ രാഷ്ട്രീയ അജന്‍ഡയുടെ വിധ്വംസകമായ പ്രയോഗവത്കരണത്തെയാണ് സൂചിപ്പിക്കുന്നത്.
അക്രമണങ്ങളും കൊലപാതകങ്ങളും അഴിച്ചുവിട്ട് ഭീതി പടര്‍ത്തി ഹിന്ദുത്വരാഷ്ട്രീയത്തിന്റെ മേല്‍ക്കൈ ഉറപ്പിക്കാനാണ് നോക്കുന്നത്. ത്രിപുരയില്‍ രണ്ടായിരത്തോളം സി പി എം പ്രവര്‍ത്തകരുടെ വീടുകളാണ് നാലുദിവസത്തിനുള്ളില്‍ ആക്രമിക്കപ്പെട്ടത്. 200-ഓളം പാര്‍ട്ടി ഓഫീസുകളും 260-ഓളം ബഹുജന സംഘടനാ ഓഫീസുകളും തകര്‍ത്തു. സംഘ്പരിവാറിന്റെയും ഐ പി എഫ് ടിയുടെയും ക്രിമിനല്‍ സംഘങ്ങളുടെ അഴിഞ്ഞാട്ടത്തില്‍ മൂന്ന് ജീവനുകള്‍ നഷ്ടപ്പെട്ടു. ഒന്‍പത് മാസം ഗര്‍ഭിണിയായ സജ്ജുപട്ടാറിഡോ എന്ന യുവതിയെ നിഷ്ഠൂരമായി കൊലപ്പെടുത്തി. അക്രമങ്ങള്‍ ഫെയ്‌സ്ബുക്കിലൂടെ ലോകത്തെ അറിയിച്ച കല്യാണിദത്തിനെ ബലാത്സംഗം ചെയ്യുമെന്നാണ് സംഘ്പരിവാര്‍ ഭീഷണി മുഴക്കിയത്.

അഗര്‍ത്തലയില്‍ നിന്ന് 90 കിലോമീറ്റര്‍ അകലെ ബെലാനിയോ നഗരത്തിലെയും സബ്രൂമ നഗരത്തിലെയും ലെനിന്‍ പ്രതിമകളാണ് തകര്‍ത്തത്. ആ ദൃശ്യങ്ങള്‍ ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത് ബി ജെ പി നേതാക്കള്‍ ആഹ്ലാദം പ്രകടിപ്പിച്ചു. 26 ഓളം മുസ്‌ലിം- ക്രിസ്ത്യന്‍ ആരാധനാലയങ്ങള്‍ ആക്രമിച്ചു. കമ്യൂണിസ്റ്റ് ഉന്മൂലനത്തിനുള്ള പരസ്യപ്രഖ്യാപനങ്ങളുമായി ബി ജെ പി നേതാക്കള്‍ രംഗത്തിറങ്ങിയിരിക്കുകയാണ്. തിരഞ്ഞെടുപ്പ് ചുമതലവഹിച്ച ബി ജെ പി ദേശീയ സെക്രട്ടറി രാംമാധവ് ഒരു ദേശീയ പത്രത്തിലെഴുതിയ ലേഖനത്തില്‍ ത്രിപുരയിലെ വിജയത്തിലും കമ്യൂണിസ്റ്റ് വേട്ടയിലും അഭിനന്ദനമറിയിച്ചുകൊണ്ട് തനിക്ക് വിദേശ നയതന്ത്രജ്ഞന്‍ സന്ദേശമയച്ചതായി പറയുന്നു. സന്ദേശത്തില്‍ കമ്യൂണിസ്റ്റുകാരുടെ എണ്ണം ലോകത്തില്‍ കുറക്കണമെന്നാവശ്യപ്പെട്ടതായി രാംമാധവ് അഭിമാനപൂര്‍വം എഴുതുന്നു.

കമ്യൂണിസ്റ്റുകാരെ “ഡെസിമെയ്റ്റ്” ചെയ്യണമെന്നാണ് രാംമാധവിന്റെ ആഹ്വാനം. ഡെസിമെയ്റ്റ് എന്ന വാക്കിന് കൊല്ലുക, വകവരുത്തുക, കൂട്ടത്തോടെ ഇല്ലാതാക്കുക എന്നൊക്കെയാണ് അര്‍ഥം. അമേരിക്കന്‍ സെനറ്റര്‍ മക്കാര്‍ത്തിയെയാണ് ബി ജെ പി നേതാക്കളുടെ ലേഖനങ്ങളും പ്രസ്താവനകളും ഓര്‍മിപ്പിക്കുന്നത്. ദൈവം അനുഗ്രഹിച്ച സ്വത്തുടമാ വര്‍ഗങ്ങളെ എതിര്‍ക്കുന്ന നിരീശ്വരവാദികളായ കമ്യൂണിസ്റ്റുകാരെ കൊന്നൊടുക്കുന്നത് ദൈവഹിതവും വിശുദ്ധ ദൗത്യവുമായിട്ടാണ് മക്കാര്‍ത്തി ഉത്‌ബോധിപ്പിച്ചത്.
അമേരിക്കന്‍ സി ഐ എയുടെ പിന്തുണയോടെ ലോകമെമ്പാടും അരങ്ങേറിയ മക്കാര്‍ത്തിയന്‍ വേട്ടയുടെ തുടര്‍ച്ചയാണ് ത്രിപുരയിലിപ്പോള്‍ നടക്കുന്ന അക്രമങ്ങളും ഹിംസകളും. അമേരിക്കന്‍ സി ഐ എക്കും ഇന്ത്യാവിരുദ്ധ ശക്തികള്‍ക്കും പ്രത്യേകം താത്പര്യമുള്ള വടക്കുകിഴക്കന്‍ അതിര്‍ത്തി പ്രദേശങ്ങെള അസ്ഥിരീകരിക്കുക എന്ന അജന്‍ഡയാണ് തീവ്ര ഗോത്രസംഘടനകളും ബി ജെ പിയും നടപ്പാക്കുന്നത്. അതിനായി ജനാധിപത്യ രാഷ്ട്രീയ പ്രസ്ഥാനങ്ങളെ ഇല്ലാതാക്കുകയാണ് സംഘ്പരിവാറിന്റെ കാര്‍മ്മികത്വത്തില്‍ പ്രാദേശിക ഗോത്രതീവ്രവാദ ഗ്രൂപ്പുകളും തീവ്ര ഹിന്ദുത്വശക്തികളും.

കേന്ദ്ര ഭരണാധികാരവും പണവും ചാക്കിട്ടുപിടുത്തവും ഉപയോഗിച്ച് തിരഞ്ഞെടുപ്പിനെയും ജനവിധിയെയും പ്രഹസനമാക്കുകയാണ് ബി ജെ പി ചെയ്തത്. ഗോത്ര തീവ്രവാദികളെയും ക്ഷുദ്രവികാരമുണര്‍ത്തുന്ന ഹിന്ദുത്വ വര്‍ഗീയതയെയും ഉപയോഗിച്ചാണ് സംഘ്പരിവാര്‍ സംഘടനകള്‍ പ്രചാരണം നടത്തിയതും ജയിച്ചുകയറിയതും. പണമൊഴുക്കിയും വാഗ്ദാനങ്ങള്‍ നല്‍കി പ്രലോഭിപ്പിച്ചും സായുധസംഘങ്ങളെ ഉപയോഗിച്ച് വോട്ടര്‍മാരെ ഭയപ്പെടുത്തിയും ജനവിധി തങ്ങള്‍ക്കനുകൂലമാക്കുന്ന മാനേജ്‌മെന്റ് തന്ത്രമാണ് മോദിയും അമിത്ഷായും ത്രിപുരയില്‍ പ്രയോഗിച്ചത്.
സി പി എമ്മും മണിക് സര്‍ക്കാറിന്റെ ഇടതുപക്ഷ ഗവണ്‍മെന്റും ബംഗാളി ബാബുമാരുടെ താത്പര്യമാണ് സംരക്ഷിക്കുന്നതെന്ന് ഗോത്രമേഖലകളില്‍ പ്രചാരണമഴിച്ചുവിട്ടു. എന്നാല്‍ 70 ശതമാനത്തോളം വരുന്ന ബംഗാളി ഭൂരിപക്ഷ പ്രദേശങ്ങളില്‍ സി പി എം ന്യൂനപക്ഷങ്ങളെയും ആദിവാസികളെയും സംരക്ഷിക്കുന്ന പാര്‍ട്ടിയാണെന്നും ബംഗാളി ഹിന്ദുക്കളെ അവഗണിക്കുകയാണെന്നുമായിരുന്നു പ്രചാരണം. കുടിയേറ്റക്കാരായ ബംഗ്ലാദേശി മുസ്‌ലിംകളെ സംരക്ഷിക്കുന്ന മണിക് സര്‍ക്കാറിനെ ബംഗ്ലാദേശിലേക്ക് നാടുകടത്തണം എന്നതുപോലുള്ള പ്രചാരണങ്ങളാണ് ബി ജെ പി നേതാക്കളും കേന്ദ്രമന്ത്രിമാരും നടത്തിയത്. ഇരു വംശീയ വികാരങ്ങളെയും കത്തിച്ച് നടുക്ക് പിടിക്കുന്ന അധാര്‍മികമായ രാഷ്ട്രീയ തന്ത്രവും രാജ്യവിരുദ്ധശക്തികളുമായി ചേര്‍ന്നുള്ള തത്വദീക്ഷയില്ലാത്ത കൂട്ടുകെട്ടുകളുമാണ് ബി ജെ പിയെ അധികാരത്തിലെത്തിച്ചത്.
തിരഞ്ഞെടുപ്പ് എന്ന ജനാധിപത്യ പ്രക്രിയയെ തന്നെ അട്ടിമറിക്കുന്ന ഒരു ഓപ്പറേഷനായിരുന്നു ഹിന്ദുത്വവാദികളും ഗോത്രവിഘടനവാദികളും ചേര്‍ന്ന് നടത്തിയത്. 25 വര്‍ഷക്കാലം നീണ്ടുനിന്ന ഇടതുപക്ഷ ഭരണത്തെ അട്ടിമറിക്കുകയെന്ന ആഗോള മൂലധനശക്തികളുടെ കമ്യൂണിസ്റ്റ് വിരുദ്ധ അജന്‍ഡയുമായി ചേര്‍ന്നാണ് ബി ജെ പിയുടെ ത്രിപുര മിഷന്‍ രൂപപ്പെട്ടത്. ഇതിനാദ്യം അവര്‍ ചെയ്തത് അസമിലും ത്രിപുരയുടെ അയല്‍ സംസ്ഥാനങ്ങളിലും സമീപകാലത്ത് കോണ്‍ഗ്രസ് വിട്ട് ബിജെ പിയുടെ മന്ത്രിമാരും നേതാക്കളുമായി മാറിയവരെ ഇടപെടുവിച്ച് ത്രിപുരയിലെ കോണ്‍ഗ്രസ് പാര്‍ട്ടിയെ ഒന്നാകെ ബി ജെ പിയുടെ ഭാഗമാക്കുകയായിരുന്നു. കോണ്‍ഗ്രസ് നേതൃത്വത്തെയാകെ വിലക്കെടുത്തുവെന്ന് പറയാം.

ജനാധിപത്യത്തെയും നിയമസഭകളെയും കക്ഷികളെയും വിലകൊടുത്തുവാങ്ങുന്ന പണാധികാരത്തിന്റേതായ രാഷ്ട്രീയമാണ് യഥാര്‍ഥത്തില്‍ ബി ജെ പിയെ കാലുറപ്പിച്ചുനിര്‍ത്തിയതെന്ന് പറയാം. ഇത് ബി ജെ പിയുടെ കേന്ദ്രനേതൃത്വം പ്ലാന്‍ ചെയ്ത ത്രിപുര മിഷന്റെ ഭാഗമായ കുത്സിതമായൊരു നീക്കമായിരുന്നു. ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗിന്റെ കാര്‍മികത്വത്തില്‍ രാജ്യരക്ഷാ ഉപദേഷ്ടാവ് അജിത് ദോവല്‍ ഉള്‍പ്പെടെയുള്ള മുന്‍ ഇന്റലിജന്‍സ് ഉദേ്യാഗസ്ഥരാണ് ത്രിപുര മിഷന്‍ രൂപപ്പെടുത്തിയത്. സിംഗിന്റെ ഔദേ്യാഗിക വസതിയിലാണ് അജിത്‌ദോവല്‍ ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുത്ത യോഗം നടന്നത്. ഇടതു സര്‍ക്കാറിനെ അട്ടിമറിക്കാന്‍ വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും മുന്‍ ഇന്റലിജന്‍സ് ഉദേ്യാഗസ്ഥരും നേതൃത്വം കൊടുത്ത വിധ്വംസകമായൊരു പദ്ധതിയായിരുന്നു ത്രിപുര മിഷന്‍.
വടക്കുകിഴക്കന്‍ അതിര്‍ത്തിമേഖലകളിലെ വിധ്വംസക ഗ്രൂപ്പുകളുമായി ബന്ധം പുലര്‍ത്തുന്ന നാഷനല്‍ ലിബറേഷന്‍ ഫ്രണ്ട് ഓഫ് ത്രിപുരയുടെ രാഷ്ട്രീയ മുഖമായ ഐ പി എഫ് ടിയെ ഒരു തത്വദീക്ഷയുമില്ലാതെ ബി ജെ പി നേതൃത്വം സഖ്യകക്ഷിയാക്കി. മുമ്പ് നിരോധിക്കപ്പെട്ട തീവ്രവാദ സംഘടനയാണ് എന്‍ എല്‍ എഫ് ടി എന്ന കാര്യം മാധ്യമങ്ങളും സ്വതന്ത്ര രാഷ്ട്രീയ നിരീക്ഷകരും സൗകര്യപൂര്‍വം മറന്നു. ഐ പി എഫ് ടി എന്ന ഗോത്ര തീവ്രവാദ സംഘടനയുടെ പൂര്‍വരൂപം ത്രിപുര ഉപജാതി ജുബാ സമിതിയാണ്. ത്രിപുരയിലെ ഗോത്ര മേഖലകളെ ഒരു പ്രതേ്യക രാഷ്ട്രമാക്കണമെന്ന മുദ്രാവാക്യമുയര്‍ത്തി പര്‍വത മേഖലകളില്‍ സായുധ സമരം നടത്തുന്ന സംഘടനയാണിത്. ജനാധിപത്യ പ്രക്രിയയില്‍ വിശ്വാസമില്ലാത്ത അക്രമങ്ങളും ആയുധശേഖരങ്ങളുമായി ത്രിപുരയിലെ ഗിരിവര്‍ഗമേഖലകളില്‍ സമാധാന ജീവിതം അട്ടിമറിക്കാന്‍ നിരന്തരശ്രമം നടത്തുന്നവരാണ് ഇവര്‍. 1970-കളുടെ അവസാനവും 1980-കളിലും അസമിലും വടക്കുകിഴക്കല്‍ സംസ്ഥാനങ്ങളിലും കൂട്ടക്കൊലകള്‍ നടത്തിയ വിഘടന ഭീകരവാദി സംഘങ്ങളുടെ ഭാഗമായിരുന്നു നാഷനല്‍ ലിബറേഷന്‍ ഫ്രണ്ട് ഓഫ് ത്രിപുര. എണ്ണ സമ്പന്നമായ ബ്രഹ്മപുത്ര തടത്തെയും സൈനിക പ്രധാനമായ വടക്കുകിഴക്കന്‍ അതിര്‍ത്തിയെയും അസ്ഥിരീകരിക്കാനുള്ള സി ഐ എയുടെ “ഓപ്പറേഷന്‍ ബ്രഹ്മപുത്ര” പദ്ധതിയുടെ ഉപകരണങ്ങളിലൊന്നായിരുന്നു ഈ തീവ്രവാദി സംഘടന.
ത്രിപുരയിലെ ഇടതുപക്ഷ തൊഴിലാളി കര്‍ഷക പ്രസ്ഥാനങ്ങളുടെ സ്വാധീനത്തെ തകര്‍ക്കുക എന്ന ലക്ഷ്യത്തോടെയാണ് ഗോത്ര ദേശീയത ഉയര്‍ത്തുന്ന ത്രിപുര ഉപജാതി ജുബാ സമിതി രൂപവത്കരിക്കുന്നതിന് അന്നത്തെ കോണ്‍ഗ്രസ് സര്‍ക്കാര്‍ എല്ലാ സഹായവും ചെയ്തുകൊടുത്തത്. 1967-ല്‍ കോണ്‍ഗ്രസ് മുഖ്യമന്ത്രി സജീന്ദ്രലാലാണ് ഗോത്രാധിഷ്ഠിത ദേശീയതക്കു വേണ്ടി വാദിക്കുന്ന ത്രിപുര ഉപജാതി ജുബാ സമിതിയുടെ രൂപവത്കരണത്തിന് സഹായം ചെയ്തുകൊടുത്തത്. ത്രിപുരയുടെ സമാധാന ജീവിതത്തെയും മതനിരപേക്ഷ സംസ്‌കാരത്തെയും വംശീയ ഭിന്നതകള്‍ വളര്‍ത്തി തകര്‍ക്കുകയായിരുന്നു കോണ്‍ഗ്രസ് സര്‍ക്കാറുകള്‍ ചെയ്തത്.

തീവ്രഗോത്ര ദേശീയത ഭീഷണമായതോടെ ഭൂരിപക്ഷ ബംഗാളികള്‍ക്കിടയില്‍ തീവ്രബംഗാളി വംശീയവികാരങ്ങളും വളര്‍ന്നുവന്നു. ആദിവാസി വിരുദ്ധമായ അമ്രബംഗാളി പ്രസ്ഥാനങ്ങള്‍ക്കുപിറകില്‍ അന്നത്തെ കേന്ദ്ര ഭരണകക്ഷിയായ കോണ്‍ഗ്രസ് നടത്തിയ കളികള്‍ ത്രിപുരയെ വംശീയ ഭിന്നതകളിലേക്കാണ് നയിച്ചത്. തൊഴിലാളികളുടെയും കര്‍ഷകരുടെയും ആദിവാസികളുടെയും സംഘടിത രാഷ്ട്രീയ പ്രസ്ഥാനങ്ങളെ തകര്‍ക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇരു വംശീയ സംഘടനകളും പ്രവര്‍ത്തിച്ചത്. ഈ പ്രതിലോമ വംശീയശക്തികള്‍ക്കെതിരെ പോരാടിക്കൊണ്ടാണ് 1978-ല്‍ നൃപന്‍ചക്രവര്‍ത്തിയുടെ നേതൃത്വത്തില്‍ ഇടതുപക്ഷം അധികാരത്തിലെത്തിയത്. 10 വര്‍ഷക്കാലം നീണ്ടുനിന്ന ഇടതുപക്ഷ സര്‍ക്കാറിനെ താഴെയിറക്കാന്‍ വിഘടനവംശീയ ശക്തികളെ കോണ്‍ഗ്രസ് നന്നായി ഉപയോഗിച്ചു. ഇന്നത്തേതുപോലെ 1988-ല്‍ കേന്ദ്ര ഭരണാധികാരം ഉപയോഗിച്ച് കോണ്‍ഗ്രസ് എല്ലാ പ്രതിലോമ വിധ്വംസക ശക്തികളെയും കൂട്ടുപിടിച്ചാണ് ഹളരഞ്ഞെടുപ്പില്‍ ഇടതുപക്ഷ സര്‍ക്കാറിനെ താഴെയിറക്കിയത്.
1993ല്‍ ഇടതു മുന്നണി വീണ്ടും അധികാരത്തില്‍ വന്നു. പിന്നീട് നടന്ന ഓരോ തിരഞ്ഞെടുപ്പിലും ഇടതു മുന്നണിയുടെ ബഹുജന അടിത്തറ വര്‍ധിക്കുന്നതാണ് വോട്ടിംഗില്‍ പ്രതിഫലിച്ചത്. 2013-ലെ തെരഞ്ഞെടുപ്പില്‍ 60 അംഗ നിയമസഭയില്‍ 53 സീറ്റുകളും ഇടതുപക്ഷം നേടി. മുഖ്യ്രപതിപക്ഷമായ കോണ്‍ഗ്രസിന് ആറ് സീറ്റുകളാണ് ലഭിച്ചത്. ആ ആറ് പേരാണ് ബി ജെ പിയിലേക്ക് ലജ്ജാകരമായ ചേരിമാറ്റം നടത്തിയത്. ബി ജെ പിക്ക് അന്ന് 1.5 ശതമാനം മാത്രമാണ് വോട്ട് കിട്ടിയത്. കോണ്‍ഗ്രസിന് 36.5 ശതമാനവും. 2013-ല്‍ 36.6 ശതമാനം വോട്ട് കിട്ടിയ കോണ്‍ഗ്രസിന് 2018-ല്‍ 1.6 ശതമാനം വോട്ട് മാത്രമാണ് കിട്ടിയത് എന്ന് പറഞ്ഞാല്‍ കോണ്‍ഗ്രസ് സംഘടിതമായി ബി ജെ പിയിലേക്ക് കൂറുമാറി എന്നതാണ്.

ഏറ്റവും വിഭവദരിദ്രമായ സംസ്ഥാനമാണ് ത്രിപുര. കൃഷിയും വനോത്പന്നങ്ങളുമാണ് ജനങ്ങളുടെ പ്രധാന വരുമാന മാര്‍ഗം. ഭൂമിശാസ്ത്രപരമായ പ്രതികൂലതകളാല്‍ ആധുനിക വ്യവസായ നിക്ഷേപങ്ങള്‍ കടന്നുവരാത്ത സംസ്ഥാനം. കേന്ദ്രനിക്ഷേപം ഒട്ടുമില്ല. പ്രതേ്യക പര്‍വത സംസ്ഥാനങ്ങള്‍ക്കും ഗിരിവര്‍ഗമേഖലകള്‍ക്കുമുള്ള കേന്ദ്ര സര്‍ക്കാറിന്റെ സഹായങ്ങളാണ് സംസ്ഥാനത്തെ വികസനപ്രവര്‍ത്തനങ്ങള്‍ക്ക് പ്രധാന സ്രോതസ്സായിരുന്നത്. എന്നാല്‍ 2014-ല്‍ ബി ജെ പി അധികാരത്തില്‍ വന്നതോടെ ഇതെല്ലാം പരിമിതപ്പെടുത്തി. പട്ടികവര്‍ഗ പ്രതേ്യക ഘടകപദ്ധതികള്‍ നിര്‍ത്തലാക്കിയതോടെ ആദിവാസി വികസന ഫണ്ടുകള്‍ നാമമാത്രമായി. തൊഴിലുറപ്പ് പദ്ധതി ഏറ്റവും നന്നായി നടപ്പിലാക്കി ആദിവാസി ഗ്രാമീണ ജനങ്ങളുടെ വരുമാനം ഉറപ്പുവരുത്തിയ സംസ്ഥാനമാണ് ത്രിപുര. എന്നാല്‍ മോദി സര്‍ക്കാര്‍ തൊഴിലുറപ്പ് പദ്ധതിക്കുള്ള ബജറ്റ് വിഹിതം വെട്ടിക്കുറക്കുകയും അനുവദിക്കപ്പെട്ട ഫണ്ട് നല്‍കാതിരിക്കുകയും ചെയ്യുന്ന സാഹചര്യം ത്രിപുരയെ വലിയ രീതിയില്‍ ബുദ്ധിമുട്ടിച്ചു. കേന്ദ്രസര്‍ക്കാര്‍ ത്രിപുരയോട് കാണിക്കുന്ന നിഷേധാത്മക നിലപാടുകള്‍ക്കെതിരെ മണിക് സര്‍ക്കാര്‍ ഡല്‍ഹിയില്‍ ചെന്ന് പ്രതിഷേധം പ്രകടിപ്പിക്കുകയുണ്ടായി.

37 ലക്ഷം ജനങ്ങളുള്ള ത്രിപുര മലകളും താഴ്‌വരകളും ചേര്‍ന്ന നാടാണ്. ജനസംഖ്യയില്‍ 70 ശതമാനം ബംഗാളികളും 30 ശതമാനം ആദിവാസികളുമാണ്. കുന്നുകളിലും താഴ്‌വരകളിലും വിദ്യാലയങ്ങള്‍ സ്ഥാപിച്ച് ഇന്ത്യയിലെ 90 ശതമാനം സാക്ഷരതയുള്ള സംസ്ഥാനമാക്കി മണിക് സര്‍ക്കാര്‍ ഉയര്‍ത്തി. മാതൃമരണനിരക്കും ശിശുമരണനിരക്കും നിയന്ത്രിച്ചു. മതനിരപേക്ഷ ജനാധിപത്യ സംസ്‌കാരം വളര്‍ത്തി. ത്രിപുരയെ അരക്ഷിതത്വത്തിലാക്കിയ തീവ്രവാദി ഗ്രൂപ്പുകളെ ഒറ്റപ്പെടുത്തി ആദിവാസി സമൂഹങ്ങളെ വികസനത്തിന്റെ പൊതുധാരയിലേക്ക് കൊണ്ടുവന്നു. നവലിബറല്‍ നയങ്ങള്‍ക്കും വര്‍ഗീയതക്കും എതിരെ ബദല്‍ രാഷ്ട്രീയം മുന്നോട്ടുവെച്ച് പ്രവര്‍ത്തിക്കുന്ന മണിക് സര്‍ക്കാറിന്റെ ഗവണ്‍മെന്റിനെ അട്ടിമറിക്കാന്‍ ബി ജെ പി സമസ്ത പ്രതിലോമ ശക്തികളെയും കൂട്ടുപിടിക്കുകയാണുണ്ടായത്. കോര്‍പറേറ്റ് പണവും വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് കേന്ദ്രീകരിക്കപ്പെട്ട ആര്‍ എസ് എസുകാരും ബി ജെ പിയിലേക്ക് കൂറുമാറിയ മുന്‍ കോണ്‍ഗ്രസുകാരും ചേര്‍ന്ന് നടത്തിയ ഒരട്ടിമറിയാണ് ത്രിപുരയിലെ തിരഞ്ഞെടുപ്പ് ഫലം. കമ്യൂണിസ്റ്റ് വിരുദ്ധവും മതനിരപേക്ഷ ജനാധിപത്യവിരുദ്ധവുമായ ഫാസിസ്റ്റ് രാഷ്ട്രീയമാണ് ത്രിപുരയില്‍ അധികാരത്തിലെത്തിയിരിക്കുന്നത്.

---- facebook comment plugin here -----

Latest