Connect with us

National

പശ്ചിമ ബംഗാളിലെ രാജ്യസഭാ സീറ്റ്: ഇടത് പൊതുസമ്മതനെ തേടി കോണ്‍ഗ്രസ്

Published

|

Last Updated

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ നിന്ന് ഒഴിവുവന്ന രാജ്യസഭാ സീറ്റുകളിലേക്ക് അടുത്ത് നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷം മുന്നോട്ടുവെക്കുന്ന പൊതുസമ്മതനായ സ്ഥാനാര്‍ഥിയെ പിന്തുണക്കാന്‍ തയ്യാറാണെന്ന് കോണ്‍ഗ്രസ്. ഈ നിര്‍ദേശം സി പി എമ്മിനും സ്വീകാര്യമാകുമെന്നാണ് വിലയിരുത്തല്‍. എന്നാല്‍, ഇത് ഔദ്യാഗികമായി പ്രഖ്യാപിക്കാന്‍ സി പി എം തയ്യാറായിട്ടില്ല.

ബി ജെ പി വിജയിക്കുന്നത് തടയാന്‍ കോ ണ്‍ഗ്രസും ഇടതു പക്ഷവും ഒന്നിക്കണമെന്നതാണ് തങ്ങളുടെ നയമെന്ന് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ആധിര്‍ ചൗധരി പറഞ്ഞു.
ആകെ അഞ്ച് സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. ഇതില്‍ ഒരു സീറ്റില്‍ പ്രതിപക്ഷ പ്രതിനിധിയെ വിജയിപ്പിക്കാന്‍ സാധിക്കും. കോണ്‍ഗ്രസും ഇടത് പക്ഷവും ഒരുമിച്ച് നിര്‍ത്തുന്ന സ്ഥാനാര്‍ഥിയെ മുന്നോട്ടുവെക്കുകയാണ് വേണ്ടതെന്നും ചൗധരി പറഞ്ഞു. സീതാറാം യെച്ചൂരിയെ മത്സരിപ്പിച്ചാലും പിന്തുണക്കും. കോണ്‍ഗ്രസ് എം എല്‍ എമാരുടെ യോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇടത്- കോണ്‍ഗ്രസ് സഖ്യം അവസാനിച്ചത് ബി ജെ പിക്ക് ഉണര്‍വുണ്ടാക്കിയെന്നും ചൗധരി പറഞ്ഞു.

ഈ മാസം 23നാണ് തിരഞ്ഞെടുപ്പ്. തിരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് സീറ്റുകളില്‍ നാലെണ്ണം തൃണമൂലാണ് കൈവശം വെക്കുന്നത്. ഒന്ന് സി പി എമ്മും. എന്നാല്‍, ഈ സീറ്റില്‍ ജയിച്ചു വരാനുള്ള അംഗ സംഖ്യ ഇപ്പോള്‍ സി പി എമ്മിനില്ല. പാര്‍ട്ടി ഈയിടെ കൈക്കൊണ്ട നയമനുസരിച്ച് കോണ്‍ഗ്രസിനോട് സഹായം ചോദിക്കാനും വയ്യ. ഇങ്ങനെ വിഷമവൃത്തത്തില്‍ സി പി എം നില്‍ക്കുമ്പോഴാണ് പൊതുസമ്മത വാഗ്ദാനവുമായി കോണ്‍ഗ്രസ് വരുന്നത്. ആധിര്‍ ചൗധരിയുടെ നിര്‍ദേശത്തോട്, “യുക്തിസഹ”മെന്നാണ് സി പി എം നിയമസഭാ കക്ഷി നേതാവ് സുജന്‍ ചക്രവര്‍ത്തി പ്രതികരിച്ചത്. എന്നാല്‍, ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുത്തിട്ടില്ലെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം, ഈ നിര്‍ദേശത്തിനെതിരെ കോണ്‍ഗ്രസില്‍ നിന്ന് തന്നെ എതിര്‍സ്വരം ഉയര്‍ന്നിട്ടുണ്ട്. പ്രതിപക്ഷ നേതാവും കോണ്‍ഗ്രസ് എം എല്‍ എയുമായ അബ്ദുല്‍ മന്നാന്‍ രൂക്ഷവിമര്‍ശവുമായി രംഗത്തെത്തി. ഈ സാഹചര്യത്തില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയെ പിന്തുണക്കേണ്ട കാര്യം പാര്‍ട്ടിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. പലപ്പോഴും സ്വതന്ത്ര സ്ഥാനാര്‍ഥികള്‍ ഉദ്ദേശിച്ച ഫലം ഉണ്ടാക്കാറില്ല. ബി ജെ പിയെ തുറന്നുകാണിക്കാന്‍ പ്രാപ്തനായ രാഷ്ട്രീയ നേതാവിനെ തന്നെയാണ് ഇപ്പോള്‍ രാജ്യസഭയിലേക്ക് അയക്കേണ്ടതെന്നും മന്നാന്‍ തുറന്നടിച്ചു.

 

Latest