പിണറായി വിജയന്റെ മോര്‍ഫ് ചിത്രം; കേസ് റദ്ദാക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി

Posted on: February 28, 2018 9:45 pm | Last updated: February 28, 2018 at 9:45 pm

കൊച്ചി: സോളാര്‍ തട്ടിപ്പുകേസിലെ പ്രതി സരിത എസ്.നായരുടെ ചിത്രം മുഖ്യമന്ത്രി പിണറായി വിജയന്റെ ചിത്രത്തില്‍ കൂട്ടിചേര്‍ത്ത് പ്രചരിപ്പിച്ച് അപകീര്‍ത്തിയുണ്ടാക്കിയെന്ന കേസ് റദ്ദാക്കണമെന്ന ഹരജി ഹൈക്കോടതി തള്ളി.

എറണാകുളം സെയില്‍ ടാക്‌സ് ഡെപ്യൂട്ടി കമ്മീഷണര്‍ ഓഫീസിലെ ജീവനക്കാരനായ ടി.പി ജനേഷ്‌കുമാര്‍ സമര്‍പ്പിച്ച ഹര്‍ജിയാണ് തള്ളിയത്. ചിത്രം മോര്‍ഫ് ചെയ്തുണ്ടാക്കിയ ശേഷം വാട്‌സാപ്പില്‍ പ്രചരിപ്പിച്ചെന്നാണ് ഇയാള്‍ക്കെതിരായ ആരോപണം.

മോര്‍ഫ് ചെയ്ത ചിത്രം മറ്റു പല ഗ്രൂപ്പുകളിലും പോസ്റ്റ് ചെയ്തിരുന്നു. ഇതിനെതിരെ ലഭിച്ച പരാതിയിലാണ് ഇന്ത്യന്‍ശിക്ഷാ നിയമത്തിലെയും ഐ.ടി ആക്ടിലെയും വിവിധ വകുപ്പുകള്‍ പ്രകാരം പോലീസ് കേസെടുത്തിരുന്നത്.

താന്‍ ചിത്രം മോര്‍ഫ് ചെയ്തുണ്ടാക്കിയില്ലെന്നും ആരോ അയച്ചു നല്‍കിയ ചിത്രം മറ്റ് ആളുകള്‍ക്ക് അയക്കുക മാത്രമാണ് ചെയ്തതെന്നും ജനേഷ്‌കുമാര്‍ വാദിച്ചു.എന്നാല്‍ ഈ വാദങ്ങളൊന്നും ഹൈക്കോടതി പരിഗണിച്ചില്ല.