ശ്രീദേവിയുടെ സംസ്‌കാരം വൈകീട്ട് 3.30ന്; യാത്രാമൊഴി നല്‍കാന്‍ ആയിരങ്ങള്‍

Posted on: February 28, 2018 10:15 am | Last updated: February 28, 2018 at 10:56 am

മുംബൈ: അന്തരിച്ച ബോളിവുഡ് നടി ശ്രീദേവിയുടെ സംസ്‌കാരം ഇന്ന് വൈകീട്ട് 3.30ന് പവന്‍ ഹന്‍സിന് സമീപമുള്ള സേവാ സമാജ് ശ്മശാനത്തില്‍ നടക്കും. മൃതദേഹം പൊതു ദര്‍ശനത്തിന് വെച്ചിരിക്കുകയാണ്. സിനിമാ, രാഷ്ട്രീയ മേഖലകളിലെ പ്രമുഖര്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കാനെത്തുന്നുണ്ട്. ഇന്നലെ രാത്രി ഒമ്പതരയോടെയാണ് ശ്രീദേവിയുടെ മൃതദേഹം ദുബൈയില്‍ നിന്ന് പ്രത്യേക വിമാനത്തില്‍ മുംബൈയില്‍ എത്തിച്ചത്.

ഭര്‍ത്താവ് ബോണി കപൂര്‍, ആദ്യ ഭാര്യയിലെ മകന്‍ അര്‍ജുന്‍ കപൂര്‍ എന്നിവരും ഒപ്പമുണ്ടായിരുന്നു.
നടി ശ്രീദേവിയുടെ മരണം സംബന്ധിച്ച അന്വേഷണം അവസാനിപ്പിച്ചതായി ദുബൈ മീഡിയ ഓഫീസ് അറിയിച്ചു. ഹോട്ടല്‍ മുറിയിലെ ബാത്ത് ടബ്ബില്‍ മുങ്ങി മരിച്ചതാണെന്ന അന്വേഷണ ഫലം പബ്ലിക് പ്രോസിക്യൂഷന്‍ അംഗീകരിച്ചിട്ടുണ്ട്. സമഗ്രമായ അന്വേഷണമാണ് നടന്നത്. അബദ്ധത്തിലാണ് ശ്രീദേവി ബാത്ത് ടബ്ബില്‍ മുങ്ങിപ്പോയതെന്നും ദുബൈ മീഡിയ ഓഫീസ് ട്വീറ്റ് ചെയ്തു. അവരുടെ ശരീരത്തില്‍ മദ്യത്തിന്റെ അംശം ഉണ്ടായിരുന്നുവെന്ന് കഴിഞ്ഞ ദിവസം തന്നെ സ്ഥിരീകരിച്ചിരുന്നു. ശനിയാഴ്ച രാത്രി എട്ടോടെയായിരുന്നു മരണം.
കുളിമുറിയില്‍ കയറിയ ശ്രീദേവി ഏറെ നേരം കഴിഞ്ഞും മടങ്ങാതിരുന്നത് കണ്ട് ഭര്‍ത്താവ് ബോണി കപൂര്‍ വാതില്‍ തള്ളിത്തുറക്കുകയായിരുന്നു. ശ്രീദേവി ബാത്ത് ടബ്ബില്‍ അനക്കമറ്റ നിലയിലായിരുന്നു. ആദ്യം റാശിദ് ആശുപത്രിയിലാണ് എത്തിച്ചത്. മൃതദേഹം നേരത്തെ പബ്ലിക് പ്രോസിക്യൂട്ടറുടെ ക്ലിയറന്‍സ് ലെറ്റര്‍ ബര്‍ ദുബൈ പോലീസ് സ്റ്റേഷനില്‍ ലഭിച്ചതോടെ മൃതദേഹം വിട്ടുനല്‍കാന്‍ പ്രോസിക്യൂഷന്‍ അനുമതി നല്‍കിയിരുന്നു. പബ്ലിക് പ്രോസിക്യൂഷന്‍ അനുമതി നല്‍കിയതോടെ മൃതദേഹം വിട്ടുകൊടുക്കുന്നതിനും എംബാം ചെയ്യുന്നതിനും നാട്ടിലേക്കു കൊണ്ടുപോകുന്നതിനുമുള്ള രേഖകള്‍ ദുബൈ പോലീസ് ഉടന്‍ കൈമാറി. അതിനിടെ, ശ്രീദേവിയുടെ തലയില്‍ ആഴത്തിലുള്ള മുറിവുണ്ടെന്നും പ്രോസിക്യൂഷന്‍ പരിശോധിക്കുകയാണെന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍, ദേഹത്ത് ചതവോ മുറിവോ ഇല്ലെന്നാണ് ബന്ധുക്കള്‍ അറിയിച്ചത്.
ദുബൈയില്‍ ശ്രീദേവിയുടെ മൃതദേഹം ഏറ്റുവാങ്ങിയത് മലയാളിയായ പ്രമുഖ സാമൂഹിക പ്രവര്‍ത്തകന്‍ അശ്‌റഫ് താമരശ്ശേരിയാണ്. ദുബൈ ആരോഗ്യ മന്ത്രാലയത്തിന്റെ എംബാമിംഗ് കേന്ദ്രത്തില്‍ നിന്നാണ് അശ്‌റഫിന് മൃതദേഹം കൈമാറിയുള്ള സര്‍ട്ടിഫിക്കറ്റ് നല്‍കിയത്. പ്രവാസ ജീവിതത്തിനിടെ മരിക്കുന്നവരുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കുന്നത് ജീവിതവ്രതമാക്കിയ വ്യക്തിയാണ് അശ്‌റഫ്.