ഗുജറാത്ത് വംശഹത്യക്ക് പതിനാറ്; ഇരകള്‍ ഇപ്പോഴും ക്യാമ്പുകളില്‍

Posted on: February 28, 2018 9:38 am | Last updated: February 28, 2018 at 11:36 am
ഗുജറാത്തിലെ പുനരധിവാസ ക്യാമ്പുകളിലൊന്ന്‌

അഹമ്മദാബാദ്: ഗുജറാത്ത് വംശഹത്യ നടന്ന് പതിനാറ് വര്‍ഷം പിന്നിടുമ്പോഴും കിടപ്പാടം നഷ്ടപ്പെട്ട ആയിരക്കണക്കിന് മുസ്‌ലിംകള്‍ താമസിക്കുന്നത് പുനരധിവാസ കോളനികളില്‍. 3,380 മുസ്‌ലിം കുടുംബങ്ങള്‍ 83 ക്യാമ്പുകളിലായി യാതനാപൂര്‍ണമായി ജീവിതം തള്ളിനീക്കുന്നുവെന്നാണ് വിവിധ സന്നദ്ധ സംഘടനകള്‍ നടത്തിയ അന്വേഷണം വ്യക്തമാക്കുന്നത്. ഇത്രയും കുടുംബങ്ങളില്‍ നിന്നുള്ള 17,000 പേരാണ് ഈ ക്യാമ്പുകളില്‍ കഴിയുന്നത്. 2002ല്‍ ഫെബ്രുവരി 28ന് ആരംഭിച്ച സംഘ്പരിവാര്‍ സംഘടനകളുടെ ആക്രമണത്തില്‍ രണ്ടായിരത്തിലധികം പേരാണ് മരിച്ചത്. അതില്‍ മിക്കവരും മുസ്‌ലിംകളായിരുന്നു.

ഇത്തരത്തില്‍ ഏറ്റവും കൂടുതല്‍ ക്യാമ്പുകളുള്ളത് ആനന്ദ് ജില്ലയിലാണെന്ന് ജന്‍വികാസ് എന്ന അഹമ്മദാബാദ് ആസ്ഥാനമായ സംഘടന പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. ഇവിടെ പതിനേഴ് പുനരധിവാസ കോളനികളാണുള്ളത്. അഹമ്മദാബാദില്‍ പതിനഞ്ചും സബര്‍കന്തയില്‍ പതിമൂന്നും പഞ്ച്മഹലില്‍ പതിനൊന്നും മെഹ്‌സാനയില്‍ എട്ടും വഡോദരയില്‍ ആറും ആരവല്ലിയില്‍ അഞ്ചും ഭറൂച്ചിലും ഖേദായിലും നാല് വീതവും ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നു. ഇവിടെയൊന്നും പ്രാഥമിക സൗകര്യങ്ങള്‍ പേരിനു പോലുമില്ല. വൃത്തിഹീനമായ അന്തരീക്ഷത്തില്‍ മനുഷ്യര്‍ തിങ്ങിപ്പാര്‍ക്കുകയാണ്. സ്വന്തം കിടപ്പാടം നഷ്ടപ്പെട്ട ഇവര്‍ക്ക് ഇപ്പോള്‍ താമസിക്കുന്നിടത്ത് ഒരു അവകാശവും ഇല്ല. ഇവിടെ റോഡോ തെരുവ് വിളക്കോ പോലുമില്ലെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ആരോഗ്യ സംവിധാനങ്ങള്‍ അപര്യാപ്തമാണ്. ശുദ്ധജല ശൃംഖല ഈ കോളനികള്‍ക്ക് അടുത്ത് അവസാനിക്കുന്ന സ്ഥിതിയാണെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

ഈയിടെ നടന്ന സംസ്ഥാന തിരഞ്ഞെടുപ്പ് കാലത്തും ഭരണപക്ഷവും പ്രതിപക്ഷവും ഒരുപോലെ ഇവരെ അവഗണിക്കുകയായിരുന്നു. ജില്ലാ ഭരണാധികാരികള്‍ക്കും മുഖ്യമന്ത്രിയടക്കമുള്ളവര്‍ക്കും സന്നദ്ധ സംഘടനകള്‍ നിരന്തരം പരാതികള്‍ സമര്‍പ്പിച്ചിട്ടും ഒരു ഫലവുമുണ്ടായിട്ടില്ല.
ആഭ്യന്തരമായി അഭയാര്‍ഥികളായി മാറ്റപ്പെട്ട ഈ മനുഷ്യര്‍ക്ക് അവരുടെ നഷ്ടപ്പെട്ട ഭൂമിയും വീടും തിരിച്ചു നല്‍കുകയാണ് യഥാര്‍ഥത്തില്‍ വേണ്ടതെന്ന്് ജന്‍വികാസ് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
ഇതിന് സാധിക്കില്ലെങ്കില്‍ മാന്യമായ പുനരധിവാസ പാക്കേജ് പ്രഖ്യാപിക്കണം. പ്രധാനമന്ത്രിയുടെ പതിനഞ്ചിന പുനരധിവാസ പരിപാടിയുടെ ഭാഗമായി ഗുജറാത്ത് സര്‍ക്കാറിന് ലഭിച്ച കോടിക്കണക്കിന് രൂപ ചെലവഴിക്കാതെ കിടക്കുന്നുണ്ട്. ഇത് ഈ കോളനികളിലുള്ളവരെ ശരിയായി പുനരധിവസിപ്പിക്കാന്‍ ഉപയോഗിക്കണമെന്ന് ആവശ്യമുയരുന്നുണ്ട്.
അതേസമയം, ഇന്ത്യയില്‍ ആഭ്യന്തര അഭയാര്‍ഥി സമൂഹങ്ങളി (ഇന്റേണലി ഡിസ്‌പ്ലേസ്ഡ്) ല്ലെന്നാണ് യു എന്നിന് കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇക്കാര്യത്തില്‍ യു പി എ സര്‍ക്കാറിനും സമാന നിലപാടായിരുന്നുവെന്ന് ജന്‍വികാസ് ചൂണ്ടിക്കാട്ടുന്നു.