ഷാര്‍ജ പോലീസ് ദ്രുത പ്രതികരണ മാനേജ്‌മെന്റ് സിസ്റ്റം അവതരിപ്പിച്ചു

Posted on: February 27, 2018 9:44 pm | Last updated: February 27, 2018 at 9:44 pm
എം ടി ഡി ഡിവൈസ് സ്ഥാപിച്ച പോലീസ് പട്രോളിംഗ് വാഹനത്തില്‍
ഷാര്‍ജ പോലീസ് കമാന്‍ഡര്‍ ഇന്‍ ചീഫ് മേജര്‍ ജനറല്‍ സൈഫ് അല്‍ സിരി അല്‍ ശംസി

ഷാര്‍ജ: അത്യാഹിതഘട്ടങ്ങളില്‍ അഞ്ച് മിനിറ്റിനുള്ളില്‍ പോലീസിന് സ്ഥലത്തെത്താന്‍ സാധിക്കുന്ന നൂതന സാങ്കേതിക സംവിധാനം ഷാര്‍ജ പോലീസ് അവതരിപ്പിച്ചു. ഷാര്‍ജ പോലീസ് കമാന്‍ഡര്‍ ഇന്‍ ചീഫ് മേജര്‍ ജനറല്‍ സൈഫ് അല്‍ സിരി അല്‍ ശംസിയാണ് സംവിധാനം അവതരിപ്പിച്ചത്. എം ഡി ടി എന്ന ചുരുക്കപ്പേരില്‍ പറയുന്ന ദ്രുത പ്രതികരണ മാനേജ്‌മെന്റ് സിസ്റ്റം പോലീസ് ഓപ്പറേഷന്‍ റൂമിലെ ഐ പാഡുകളുമായി ബന്ധിപ്പിച്ചതാണ്. സഹായമാവശ്യപ്പെട്ട് വിളിക്കുന്നവരുടെ വ്യക്തമായ സ്ഥലമടക്കമുള്ള കാര്യങ്ങള്‍ എം ടി ഡിയിലൂടെ അറിയാനാകും. ജി പി എസ് സംവിധാനവും ഇതിനോട് ബന്ധിപ്പിച്ചിട്ടുണ്ട്. പോലീസിന്റെ പട്രോളിംഗ് വാഹനങ്ങളിലും ഇതുമായി ബന്ധിപ്പിച്ച ഉപകരണമുണ്ട്. എവിടെ നിന്നാണോ സഹായമാവശ്യപ്പെട്ട് വിളിക്കുന്നത്, അവരുടെ കൃത്യമായ സ്ഥലം കാണിച്ചു തരുന്ന ഉപകരണം ഏറ്റവുമടുത്തുള്ള പോലീസ് പട്രോളിംഗ് വാഹനത്തെ അവിടെയെത്താന്‍ സഹായിക്കും.

‘ഷാര്‍ജ സുരക്ഷിത നഗരം’ പദ്ധതിയുടെ ഭാഗമായി നൂതന സാങ്കേതിക വിദ്യകളുപയോഗപ്പെടുത്തി എമിറേറ്റിലെ സുരക്ഷ വര്‍ധിപ്പിക്കാനുള്ള പ്രയത്‌നത്തിലാണ് പോലീസെന്ന് മേജര്‍ ജനറല്‍ അല്‍ ശംസി വ്യക്തമാക്കി. കുറ്റകൃത്യങ്ങള്‍ തടയുന്നതിന് എമിറേറ്റിലുടനീളം അടുത്തിടെ പോലീസ് നൂതന നിരീക്ഷണ ക്യാമറകള്‍ സ്ഥാപിച്ചിരുന്നു.