Connect with us

National

കന്നുകാലി കശാപ്പ് നിരോധന നിയമം: കേന്ദ്രം ഭേദഗതി വരുത്തി

Published

|

Last Updated

ന്യൂഡല്‍ഹി: കന്നുകാലി കശാപ്പ് നിരോധനം ഏര്‍പ്പെടുത്തിയിരുന്ന മൃഗങ്ങള്‍ക്കെതിരെയുള്ള ക്രൂരത തടയല്‍ നിയമം സംബന്ധിച്ച ചട്ടങ്ങളില്‍ ഭേദഗതി വരുത്താനുള്ള കരട് വിജ്ഞാപനം കേന്ദ്ര സര്‍ക്കാര്‍ തയ്യാറാക്കി. വിവാദമായ കന്നുകാലികളെ കശാപ്പിനായി വില്‍ക്കരുതെന്ന നിര്‍ദേശം ഒഴിവാക്കിയാണ് കേന്ദ്രസര്‍ക്കാര്‍ പുതിയ വിജ്ഞാപനം തയ്യാറാക്കിയിരിക്കുന്നത്.

അതേസമയം, ഗര്‍ഭം ധരിച്ച പശുക്കളെ ചന്തയില്‍ വില്‍ക്കരുതെന്ന് പുതിയ വിജ്ഞാപനത്തിന്റെ കരട് നിര്‍ദേശിക്കുന്നുണ്ട്. ആരോഗ്യമില്ലാത്ത പശുക്കളെയും, കാലിക്കിടാങ്ങളെയും വില്‍ക്കുന്നതിന് നിരോധനമേര്‍പ്പെടുത്തിയുണ്ട്. ഇത്തരം പശുക്കളെ കാലി ചന്തകളില്‍ ഉടമകള്‍ എത്തിക്കാനോ പ്രദര്‍ശിപ്പിക്കാനോ പാടില്ല. ഗര്‍ഭം ധരിച്ച പശുക്കളെ വാഹനത്തില്‍ കൊണ്ടുപോകുന്നതിനും പുതിയ ചട്ടപ്രകാരം വിലക്കുണ്ട്. കശാപ്പിനായി കന്നുകാലികളെ വില്‍ക്കുന്നില്ല എന്ന് സ്വയം സാക്ഷ്യപ്പെടുത്തണമെന്ന നേരത്തെയുള്ള വ്യവസ്ഥയില്‍ മാറ്റംവരുത്തി മൃഗങ്ങള്‍ക്കെതിരെയുള്ള ക്രൂരത തടയാനായി ജില്ലാതല നിരീക്ഷണ സമിതികള്‍ രൂപീകരിക്കണമെന്നാണ് പുതിയ നിര്‍ദ്ദേശം. കേന്ദ്ര വനംപരിസ്ഥിതി മന്ത്രാലയം തയ്യാറാക്കിയ കരട് വിജ്ഞാപനം കേന്ദ്ര നിയമമന്ത്രാലയത്തിന്റെ അംഗീകാരത്തിനായി അയച്ചു. നിയമമന്ത്രാലയത്തിന്റെ അംഗീകാരം കിട്ടിയാല്‍ പരിസ്ഥിതി മന്ത്രാലയം പുതിയ വിജ്ഞാപനം പുറത്തിറക്കുന്നതാണ്.

2017 മെയ് 23നാണ് കന്നുകാലികളെ കശാപ്പിനായി വില്‍ക്കരുതെന്ന് കാണിച്ച് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം വിജ്ഞാപനം പുറത്തിറക്കിയിരുന്നത്. മൃഗങ്ങള്‍ക്കെതിരെയുള്ള ക്രൂരത തടയല്‍ നിയമം 2017 എന്നപേരില്‍ ഇറക്കിയ വിജ്ഞാപനത്തില്‍ കന്നുകാലികളെ കൊല്ലുകയില്ല എന്ന സത്യവാങ്മൂലം നല്‍കാതെ വില്‍പ്പനയ്ക്കായി പോലും എത്തിക്കരുതെന്നും കന്നുകാലികളെ വാങ്ങുന്നയാള്‍ കര്‍ഷകനാണെന്ന് ഉറപ്പ് വരുത്തണം. ഏതെങ്കിലും മതാചാര ചടങ്ങുകളുടെ ഭാഗമായി കന്നുകാലികളെ ബലികൊടുക്കരുത്. കന്നുകാലികള്‍ക്ക് മൂക്കുകയറിടുന്നില്ലെന്ന് ഉറപ്പുവരുത്തണം. പ്രയാമായതോ, വൈകല്യങ്ങള്‍ സംഭവിച്ച കന്നുകാലികളെയോ കൊല്ലുന്നതിനായി നല്‍കരുത്. കന്നുകാലി കിടാവുകള്‍ക്ക് പാലുകുടിക്കുന്നത് വിലക്ക് വായില്‍ തടസം സൃഷ്ടിക്കുന്ന ഉപകരണങ്ങള്‍ ഘടിപ്പിക്കരുത്, തിരിച്ചറിയുന്നതിനായി മൃഗങ്ങളില്‍ കത്തി കൊണ്ടോ കമ്പി പഴുപ്പിച്ചോ അടയാളമിടരുത്, മൃഗങ്ങളുടെ വൃഷണത്തിനു ചുറ്റും കയര്‍ കൊണ്ട് ബന്ധിക്കരുത്. വെള്ളം കുടിക്കുന്നതിനോ ആഹാരം കഴിക്കുന്നതിനും തടസമുണ്ടാക്കുന്ന തരത്തില്‍ മൃഗങ്ങളുടെ വായില്‍ ഉപകരണങ്ങള്‍ ഘടിപ്പിക്കരുത്, കറവ വര്‍ധിപ്പിക്കുന്നതിനായി ഓക്‌സിടോക്‌സിനുകള്‍ നല്‍കരുതെന്നും നിര്‍ദേശിച്ചിരുന്നു.

കാള, പശു, പോത്ത്, എരുമ,ഒട്ടകം എന്നിവയെല്ലാം നിരോധിത പട്ടികയില്‍ ഉള്‍പ്പെടുമെന്നും വ്യക്തമാക്കിയിരുന്നു. എന്നാല്‍ വിഷയത്തില്‍ രാജ്യവ്യാപകമായ പ്രതിഷേധങ്ങള്‍ ഉയരുകയും വിജ്ഞാപനം മദ്രാസ് ഹൈക്കോടതി സ്‌റ്റേ ചെയ്യുകയും പിന്നീട് സുപ്രീംകോടതി സ്‌റ്റേ രാജ്യവ്യാപകമായി നീട്ടുകയും ചെയ്തിരുന്നു. വിഷയത്തില്‍ രാജ്യവ്യാപകമായ പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തില്‍ നിയമം ഭേതഗതി ചെയ്യാന്‍ തയ്യാറാണെന്ന് കേന്ദ്രം അറിയിച്ചതോടെയായിരുന്നു സുപ്രീംകോടതി നടപടി. േ

കരളം, പശ്ചിമബംഗാള്‍ ഉള്‍പ്പടെ നിരവധി സംസ്ഥാനങ്ങളും വിവിധ സന്നദ്ധ സംഘടനകളുമായിരുന്നു കോടതിയില്‍ വിജ്ഞാപനത്തിനെതിരെ ഹരജി നല്‍കിയിരുന്നത്. ബി ജെ പി ഭരിക്കുന്ന സംസ്ഥാനങ്ങള്‍ ഉള്‍പ്പെടയുള്ള വടക്ക് കിഴക്ക് സംസ്ഥാനങ്ങളും സര്‍ക്കാര്‍ നിലപാടിനെതിരെ രംഗത്തെത്തിയിരുന്നു.