ഒരു കോടി ദിര്‍ഹമിന്റെ സ്‌കോളര്‍ഷിപ്പ് നല്‍കും

Posted on: February 27, 2018 5:45 pm | Last updated: February 27, 2018 at 5:45 pm

ദുബൈ: യു എ ഇയിലെ ജെംസ് വിദ്യാര്‍ഥികള്‍ക്കായി ജെംസ് എഡ്യുക്കേഷനും ദുബൈയിലെ കനേഡിയന്‍ യൂണിവേഴ്സിറ്റിയും ചേര്‍ന്ന് ഒരു കോടി ദിര്‍ഹമിന്റെ സ്‌കോളര്‍ഷിപ്പ് പ്രഖ്യാപിച്ചു.
അധ്യയന വര്‍ഷം 2018-19 മുതലാണ് ദുബൈയിലെ കനേഡിയന്‍ യൂണിവേഴ്സിറ്റി സ്‌കോളര്‍ഷിപ്പ് നല്‍കുക. ജെംസ് വിദ്യാര്‍ഥികളുടെ മാര്‍ക്കും അവര്‍ തിരഞ്ഞെടുക്കുന്ന കോഴ്‌സും അടിസ്ഥാനമാക്കിയായിരിക്കും സ്‌കോളര്‍ഷിപ്പ് തുക നിശ്ചയിക്കുക.
ദുബൈയിലെ കനേഡിയന്‍ യൂണിവേഴ്സിറ്റിയില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് ദബൈയിലെയും കാനഡയിലെയും ക്യാമ്പസുകളില്‍ പഠിക്കാന്‍ കഴിയും. കാനഡയില്‍ ഉപരിപഠനം നടത്തുന്നത് വഴി, ഭാവിയില്‍ കാനേഡിയന്‍ സിറ്റിസണ്‍ഷിപ്പ് ലഭിക്കുന്നതുള്‍പെടെ നിരവധി അവസരങ്ങളാണ് വിദ്യാര്‍ഥികള്‍ക്ക് മുന്നില്‍ തുറക്കുന്നതെന്ന് ജെംസ് അധികൃതര്‍ പറഞ്ഞു.

കഴിഞ്ഞ വര്‍ഷമാണ് ജെംസ് യൂണികണക്ട് എന്ന പദ്ധതി പ്രഖ്യാപിച്ചത്. ലോകത്തെവിടെയുമുള്ള യൂണിവേഴ്സിറ്റികളില്‍ ഉപരിപഠനം നടത്തുന്നതിനായി ജെംസ് വിദ്യാര്‍ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പും മറ്റു സാമ്പത്തിക സഹായവും ചെയ്യുന്നതിനായുള്ള ഒരു പദ്ധതിയാണ് യൂണികണക്ട്.
ജെംസ് എഡ്യുക്കേഷനുമായി ചേര്‍ന്ന് ഇത്തരമൊരൂ പദ്ധതി വഴി ഭാവിതലമുറയെ വാര്‍ത്തെടുക്കാന്‍ കഴിയുന്നതില്‍ വളരെ സന്തോഷമുണ്ടെന്ന് ദുബൈയിലെ കനേഡിയന്‍ യൂണിവേഴ്സിറ്റി പ്രസിഡന്റ് ഡോ. കരിം ചേലില്‍ പറഞ്ഞു.
യൂണികണക്ട് പദ്ധതിയുടെ ആദ്യ പങ്കാളിയായി ദുബൈയിലെ കനേഡിയന്‍ യൂണിവേഴ്സിറ്റിയെ പ്രഖ്യാപിക്കുന്നതില്‍ വളരെ അഭിമാനമുണ്ടെന്ന് ജെംസ് എഡ്യുക്കേഷന്‍ സി ഇ ഒ ദിനോ വര്‍ക്കി പറഞ്ഞു. ഐവി ലീഗ് അടക്കമുള്ള യൂണിവേഴ്സിറ്റികാലുമായി അന്താരാഷ്ട്ര തലത്തില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് അദ്ദേഹം വ്യക്തമാക്കി.