നിയമസഭയിലുണ്ടായ കയ്യാങ്കളി കേസ് പിന്‍വലിച്ചത്‌ തരംതാണ നടപടി: എംഎം ഹസന്‍

Posted on: February 27, 2018 5:13 pm | Last updated: February 27, 2018 at 9:36 pm

മലപ്പുറം: കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ധനമന്ത്രി കെഎം മാണി ബജറ്റ് അവതരിപ്പിച്ച വേളയില്‍ നിയമസഭയിലുണ്ടായ കയ്യാങ്കളി കേസ് പിന്‍വലിച്ച സര്‍ക്കാര്‍ നടപടിയെ വിമര്‍ശിച്ച് കെപിസിസി പ്രസിഡന്റ് എംഎം ഹസന്‍ രംഗത്ത്.

കേസ് പിന്‍വലിച്ചത് തരംതാണ നടപടിയാണ്. ഭരണപക്ഷത്തെ പ്രമുഖരെ രക്ഷിക്കാനുള്ള സര്‍ക്കാര്‍ നടപടി ജനാധിപത്യത്തിന് തീരാകളങ്കമാണെന്നും ഇത് തെറ്റായ കീഴ്‌വഴക്കമാണെന്നും ഹസന്‍ പറഞ്ഞു.

മുന്‍ എംഎല്‍എ വി. ശിവന്‍കുട്ടി മുഖ്യമന്ത്രി പിണറായി വിജയന് നല്‍കിയ അപേക്ഷ പരിഗണിച്ചാണ് കേസ് പിന്‍വലിച്ചത്. ഇത് സംബന്ധിച്ചുള്ള സര്‍ക്കാര്‍ ഉത്തരവ് ഉടന്‍ പുറത്തിറക്കിയേക്കും.

നിയമസഭയിലെ അക്രമത്തിന്റെ പേരില്‍ ഇടതുപക്ഷത്തെ ആറ് എംഎല്‍മാര്‍ക്കെതിരെ മ്യൂസിയം പോലീസ് കേസെടുത്തിരുന്നു. സ്പീക്കറുടെ ഡയസ് തകര്‍ക്കുകയും ഇരിപ്പിടം നശിപ്പിക്കുകയും ചെയ്തിനായിരുന്നു കേസ്.