സ്വന്തം പതാകയുടെ കര്‍ണാടക രാഷ്ട്രീയം

Posted on: February 27, 2018 6:20 am | Last updated: February 26, 2018 at 10:25 pm

കര്‍ണാടകയുടെ സ്വന്തം പതാകയെന്ന സ്വപ്‌നം പൂവണിയുമോ? നിയമസഭാ തിരഞ്ഞെടുപ്പിന് കേളിക്കൊട്ട് ഉയരവെ ഇത് സാക്ഷാത്കരിച്ചെടുക്കാനുള്ള പരിശ്രമത്തിലാണ് സംസ്ഥാന സര്‍ക്കാര്‍. ജമ്മുകാശ്മീരിന് സ്വന്തമായി സംസ്ഥാന പതാക അനുവദിച്ചത് പോലെ തങ്ങള്‍ക്കും വേണമെന്ന മുറവിളി ഉയരുകയാണ്. ഏറെ നാളുകള്‍ക്ക് ശേഷം, സ്വന്തം പതാകക്ക് വിദഗ്ധ സമിതി ശിപാര്‍ശ ചെയ്‌തെങ്കിലും ഇത് അംഗീകരിക്കാന്‍ സംസ്ഥാനത്തെ ഭൂരിഭാഗം കന്നഡ സംഘടനകളും തയ്യാറായിട്ടുമില്ല. പതാകയുടെ രൂപഘടന അംഗീകരിക്കാന്‍ കഴിയില്ലെന്നാണ് സംഘടനകള്‍ സര്‍ക്കാറിന് നല്‍കിയ മുന്നറിയിപ്പ്. കര്‍ണാടകയുടെ രൂപവത്കരണ ആഘോഷ വേളകളില്‍ ഉയര്‍ത്തുന്ന ചുവപ്പും മഞ്ഞയും അടങ്ങിയ പതാക തന്നെ സംസ്ഥാനത്തിന്റെ പതാകയായി വേണമെന്ന ആവശ്യത്തില്‍ ഉറച്ചുനില്‍ക്കുകയാണ് സംഘടനകള്‍.

ചുവപ്പും മഞ്ഞയും കലര്‍ന്ന പതാകയാണ് വര്‍ഷങ്ങളായി അനൗദ്യോഗികമായി ഉപയോഗിച്ച് വരുന്നത്. കന്നഡ ആക്ടിവിസ്റ്റ് മാ രാമമൂര്‍ത്തി രൂപകല്‍പ്പന ചെയ്ത ഈ പതാക നവംബര്‍ ഒന്നിന് കര്‍ണാടക രൂപവത്കരണ ദിവസം സംസ്ഥാനത്ത് എല്ലാ കേന്ദ്രങ്ങളിലും ഉയര്‍ത്തിവരുന്നു. സ്വാതന്ത്ര്യ സമര സേനാനിയായ വീരകേസരി ശ്രീരാമ ശാസ്ത്രിയുടെ മകനാണ് മാ രാമമൂര്‍ത്തി. സാമൂഹിക പ്രവര്‍ത്തകനും എഴുത്തുകാരനും പത്രപ്രവര്‍ത്തകനുമായ അദ്ദേഹം 1960 കളില്‍ കന്നഡ പ്രക്ഷോഭ സമരങ്ങളെ മുന്നില്‍ നിന്ന് നയിച്ച വ്യക്തിയായിരുന്നു.
ബെംഗളൂരു ആസ്ഥാനമാക്കിയാണ് അദ്ദേഹം പ്രവര്‍ത്തിച്ചിരുന്നത്. നഗരത്തില്‍ വേറൊരു സംസ്ഥാനക്കാര്‍ തങ്ങളുടെ പതാക പലയിടങ്ങളിലും ഉയര്‍ത്തുന്നത് ശ്രദ്ധയില്‍ പെട്ടപ്പോള്‍ ഇതില്‍ പ്രതിഷേധിച്ച് പദയാത്ര നടത്താന്‍ രാമമൂര്‍ത്തി തീരുമാനിക്കുകയും അപ്പോള്‍ ഒരു പതാക ഉയര്‍ത്തുകയും ചെയ്തു. മഞ്ഞ നിറത്തിന്റെ നടുവില്‍ ചെറിയ നെല്‍ചെടിയുടെ ചിത്രമുള്ള ഒരു പതാകയായിരുന്നു അത്. 1965ല്‍ അദ്ദേഹം കന്നഡ പക്ഷ എന്ന ഒരു രാഷ്ട്രീയ പാര്‍ട്ടി ഉണ്ടാക്കിയപ്പോഴാണ് മഞ്ഞയും ചുവപ്പും കലര്‍ന്ന പതാകയായി പരിണമിച്ചത്. ഇന്ന് ഈ പാര്‍ട്ടി നിലവിലില്ലെങ്കിലും ഈ പതാകയാണ് കര്‍ണാടക ഇപ്പോഴും ഉപയോഗിച്ച് വരുന്നത്.

പതാകക്ക് മഞ്ഞയും ചുവപ്പും നിറം തിരഞ്ഞെടുക്കാനും പ്രത്യേക കാരണമുണ്ട്. കര്‍ണാടകയിലെ ഹിന്ദു ഭവനങ്ങളില്‍ ഒരു സ്ത്രീ വരികയാണെങ്കില്‍, പ്രത്യേകിച്ച് ഉത്സവകാലത്ത് അവരെ സ്വീകരിക്കുന്നത് മഞ്ഞള്‍ പൊടിയും കുങ്കുമവും ചാര്‍ത്തിക്കൊണ്ടാണ്. അതിഥിയായി വന്ന സ്ത്രീയെ വീട്ടിലുള്ള മുതിര്‍ന്ന സ്ത്രീകള്‍ ഒരു തട്ടില്‍ കുങ്കുമവും മഞ്ഞള്‍ പൊടിയുമായി സമീപിക്കുന്നു. നെറ്റിയില്‍ കുങ്കുമവും സീമന്തരേഖയിലും കവിളില്‍ ചെവിക്ക് സമീപത്തായും മഞ്ഞള്‍ പൊടിയുമാണ് ചാര്‍ത്തുന്നത്. ഇതിനെ അനുസ്മരിപ്പിക്കുന്നതാണ് കര്‍ണാടക രാജ്യോത്സവ ദിനത്തില്‍ ഉയര്‍ത്തിവരുന്ന പതാകയിലെ ചുവപ്പും മഞ്ഞയും നിറം. കന്നഡ രാജ്യോത്സവ ദിനത്തില്‍ എല്ലാ കെട്ടിടങ്ങളിലും സ്‌കൂളുകളിലും ഈ പതാക ഉയര്‍ത്തുന്നത് പതിവാണ്. 1998ല്‍ തന്നെ ഈ പതാകയെ സംസ്ഥാന പതാകയായി പ്രഖ്യാപിക്കണമെന്ന് കന്നഡ അനുകൂല സംഘടനകള്‍ ആവശ്യപ്പെട്ടുവരുന്നുണ്ട്. എന്നാല്‍ നിയമ വകുപ്പ് ഇതിന് തടസ്സം നില്‍ക്കുകയായിരുന്നു.

2009ല്‍ മുഖ്യമന്ത്രിയായിരുന്ന ബി എസ് യെദിയൂരപ്പ, കന്നഡ പതാക സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് മുകളില്‍ ഉയര്‍ത്താന്‍ പാടില്ലെന്ന നിയമം എടുത്തു കളയുകയുണ്ടായി. പിന്നീട് വന്ന ഡി വി സദാനന്ദ ഗൗഡയാകട്ടെ, 2012 ലെ തന്റെ ബജറ്റ് പ്രസംഗത്തില്‍ കന്നഡ രാജ്യോത്സവ ദിനത്തില്‍ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, സ്‌കൂളുകള്‍, കോളജുകള്‍ എന്നിവയുടെ മുന്നില്‍ നിര്‍ബന്ധമായും ഉയര്‍ത്തണമെന്ന് പ്രഖ്യാപിച്ചു. ഈ വിഷയം ഹൈക്കോടതിയുടെ പരിഗണനയില്‍ വരികയും ഇന്ത്യയുടെ ദേശീയ പതാക അല്ലാത്ത ഒന്ന് സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് മുന്നില്‍ ഉയര്‍ത്തുന്നതിന് അനുമതിയുണ്ടോ എന്ന് കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളോട് ആരായുകയും ചെയ്തു. രാജകുമാര്‍ തന്റെ പല സിനിമകളിലും ഈ പതാക ഉപയോഗിച്ചതു കൊണ്ടാണ് ഇതിന് ഇത്രയും ഖ്യാതി കൈവന്നത്.

ദേശീയപതാകക്ക് പുറമെ മറ്റേതെങ്കിലും പതാക ഉപയോഗിക്കുന്നത് ഭരണഘടനാ വിരുദ്ധമല്ലെന്ന് നിയമ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. ത്രിവര്‍ണ പതാകയേക്കാള്‍ താഴെ മാത്രമേ മറ്റു പതാകകള്‍ ഉയര്‍ത്താവൂ എന്ന് മാത്രമാണ് ഭരണഘടന അനുശാസിക്കുന്നത്. മഞ്ഞ, വെള്ള, ചുവപ്പ് നിറത്തിലുള്ള പതാകയാണ് വിദഗ്ധ സമിതി ശിപാര്‍ശ ചെയ്തത്. വെള്ള നിറത്തിന്റെ മധ്യത്തില്‍ സര്‍ക്കാറിന്റെ ചിഹ്നവും നിര്‍ദേശിച്ചിരുന്നു. ഈ പാതകക്ക് സര്‍ക്കാര്‍ അംഗീകാരം നല്‍കിയാല്‍ ശക്തമായ പ്രതിഷേധം ഉയര്‍ത്തിക്കൊണ്ടുവരുമെന്ന് അറിയിച്ച് കന്നഡ ഒക്കൂട്ട ഉള്‍പ്പെടെയുള്ള സംഘടനകള്‍ രംഗത്തെത്തിയതോടെ പതാക രൂപഘടനയെക്കുറിച്ചുള്ള തര്‍ക്കവും രൂക്ഷമായിരിക്കുകയാണ്. വിശദമായ പരിശോധനക്ക് ശേഷം മാത്രമേ സമിതി ശിപാര്‍ശ ചെയ്ത പതാകക്ക് അനുമതി നല്‍കുകയുള്ളൂവെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ വ്യക്തമാക്കിയിട്ടുണ്ടെങ്കിലും തുടര്‍നപടികളെല്ലാം ഇപ്പോള്‍ അനിശ്ചിതത്വത്തിലാണ്. വിദഗ്ധ സമിതി പതാകയുടെ പുതിയ രൂപഘടന തയ്യാറാക്കി സമര്‍പ്പിച്ചാല്‍ മന്ത്രിസഭാ യോഗം അനുമതി നല്‍കേണ്ടതുണ്ട്. എന്നാല്‍, മന്ത്രിസഭാ യോഗം അനുമതി നല്‍കിയാലും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ അന്തിമാനുമതി ലഭിച്ചാല്‍ മാത്രമേ സ്വന്തം പതാക വരികയുള്ളൂ.

പതാകക്ക് അനുമതി നല്‍കിയാല്‍ കോണ്‍ഗ്രസ് സര്‍ക്കാറിന് അത് തിരഞ്ഞെടുപ്പില്‍ നേട്ടമാകുമെന്നാണ് ബി ജെ പി കണക്കുകൂട്ടുന്നത്. അതുകൊണ്ട് തന്നെ ധൃതിപിടിച്ച് ഇക്കാര്യത്തില്‍ അനുമതി നല്‍കാന്‍ കേന്ദ്രം തയ്യാറാകില്ല. കര്‍ണാടക മന്ത്രിസഭാ പാസാക്കി അയച്ചിട്ടും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തില്‍ നിന്ന് പതാകക്ക് അന്തിമാനുമതി ലഭിക്കാത്ത സാഹചര്യം ഉടലെടുത്താല്‍ അത് കേന്ദ്ര- സംസ്ഥാന സര്‍ക്കാറുകള്‍ തമ്മിലുള്ള തര്‍ക്കത്തിലായിരിക്കും കലാശിക്കുക. തിരഞ്ഞെടുപ്പ് ആസന്നമായിരിക്കുന്ന അവസരത്തില്‍ ഇതുണ്ടാക്കുക അസാധാരണമായ സ്ഥിതിവിശേഷവുമായിരിക്കും. അനുമതി നല്‍കുകയാണെങ്കില്‍ ജമ്മുകശ്മീരിന് പിന്നാലെ സ്വന്തമായി പതാകയുള്ള ഇന്ത്യയിലെ രണ്ടാമത്തെ സംസ്ഥാനമായി കര്‍ണാടക മാറും. ഹിന്ദി ഭാഷ നിര്‍ബന്ധമാക്കുന്നതിനെതിരെ സംസ്ഥാനത്ത് വന്‍ പ്രക്ഷോഭം ഉടലെടുത്തതിന് പിന്നാലെയാണ് കര്‍ണാടകക്ക് സ്വന്തമായി പതാക വേണമെന്ന ആവശ്യം ഉയര്‍ന്നുവന്നത്. സംസ്ഥാനത്തിന് സ്വന്തം പതാകയുണ്ടാക്കുന്നതില്‍ നിയമ തടസ്സമില്ലെന്ന് നിയമോപദേശം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് മുഖ്യമന്ത്രി സിദ്ധരാമയ്യ ഇത് സംബന്ധിച്ച തുടര്‍നടപടികളുമായി മുന്നോട്ട് പോയത്. ഇതിന്റെ ഭാഗമായാണ് പതാകയുടെ നിറം, മാതൃക എന്നിവ തീരുമാനിക്കുന്നതിന് ഒമ്പതംഗ വിദഗ്ധ സമിതിക്കും രൂപം നല്‍കിയത്.

സംസ്ഥാനങ്ങള്‍ക്ക് സ്വന്തമായി പതാക രൂപവത്കരിക്കാനുള്ള അവകാശം രാജ്യത്തിന്റെ നിയമം അനുശാസിക്കുന്നുണ്ടെന്ന് സര്‍ക്കാര്‍ ആണയിട്ട് പറയുന്നു. സംസ്ഥാനത്ത് പ്രത്യേക അധികാരം നല്‍കുന്ന 370 വകുപ്പ് പ്രകാരമാണ് ജമ്മു കശ്മീരിന് പ്രത്യേക പതാകയുണ്ടാക്കാന്‍ അനുമതി നല്‍കിയത്. എന്നാല്‍ ഇത്ര ധൃതിപിടിച്ച് പതാക ഉണ്ടാക്കാന്‍ സിദ്ധരാമയ്യ നീക്കം നടത്തുന്നത് നിയമസഭാ തിരഞ്ഞെടുപ്പ് മുന്നില്‍കണ്ടാണെന്നാണ് പ്രതിപക്ഷ കക്ഷികള്‍ ആരോപിക്കുന്നത്. 2012ല്‍ ബി ജെ പിയും സ്വന്തം പതാക എന്ന ആശയവുമായി മുന്നോട്ട് വന്നിരുന്നു. എന്നാല്‍, ഇത് ലക്ഷ്യം കണ്ടിരുന്നില്ല. വിഷയത്തില്‍ ഹൈക്കോടതി ഇടപെട്ടതോടെ നീക്കവുമായി മുന്നോട്ടുപോകില്ലെന്ന് അന്നത്തെ ബി ജെ പി സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിക്കുകയും ചെയ്തു. സംസ്ഥാനങ്ങള്‍ സ്വന്തം പതാകയുണ്ടാക്കുന്നത് രാജ്യത്തിന്റെ അഖണ്ഡതക്ക് വിരുദ്ധമാണെന്ന വാദഗതികളും ഇപ്പോള്‍ ചില കോണുകളില്‍ നിന്ന് ഉയരുന്നുണ്ട്. പതാകക്ക് രൂപം നല്‍കിയാല്‍ ദേശീയ പതാകയുടെ പ്രാധാന്യം നഷ്ടപ്പെടുമെന്നും ഏകസ്വരമെന്ന തത്വത്തെ ബാധിക്കുമെന്ന് അഭിപ്രായവും ശക്തമായിട്ടുണ്ട്.

സ്വന്തം പതാക ഉണ്ടാക്കിയാല്‍ കന്നഡ വികാരം അനുകൂലമാക്കാനും പരമാവധി വോട്ടുകള്‍ തങ്ങളുടെ പക്ഷത്തേക്ക് കൊണ്ടുവരാനും കഴിയുമെന്നാണ് സര്‍ക്കാറും കോണ്‍ഗ്രസ് നേതൃത്വവും കണക്കുകൂട്ടുന്നത്. ഏതാനും മാസങ്ങള്‍ക്കുള്ളില്‍ നിരവധി കന്നഡ അനുകൂല നടപടികളാണ് സര്‍ക്കാര്‍ സ്വീകരിച്ചത്. സി ബി എസ് ഇ, ഐ സി എസ് ഇ സ്‌കൂളുകളില്‍ കന്നഡ നിര്‍ബന്ധമാക്കല്‍, സംസ്ഥാന സിവില്‍ സര്‍വീസില്‍ കന്നഡ മീഡിയത്തില്‍ പഠിച്ച വിദ്യാര്‍ഥികള്‍ക്ക് അഞ്ച് ശതമാനം സംവരണം, മെട്രോ സ്റ്റേഷനുകളിലെ ബോര്‍ഡുകളില്‍ നിന്ന് ഹിന്ദി ഭാഷയിലുള്ള അറിയിപ്പ് ഒഴിവാക്കല്‍, മെഡിക്കല്‍ കോളജിലെ സര്‍ക്കാര്‍ ക്വാട്ടയില്‍ കന്നഡ വിദാര്‍ഥികള്‍ക്ക് 30 ശതമാനം സംവരണം, സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ക്ക് കന്നഡ ഭാഷ നിര്‍ബന്ധമാക്കല്‍, ധനകാര്യ സ്ഥാപനങ്ങളിലെ ബോര്‍ഡുകളില്‍ നിന്ന് ഹിന്ദി ഭാഷ ഒഴിവാക്കല്‍ തുടങ്ങിയ തീരുമാനങ്ങള്‍ ഇവയില്‍ പ്രധാനപ്പെട്ടവയാണ്. കന്നഡ വികാരം ശക്തമാക്കുന്നതിലൂടെ ബി ജെ പി ഉയര്‍ത്തുന്ന വെല്ലുവിളി നേരിടാനും പ്രതിപക്ഷ കക്ഷികളെ നിശ്ശബ്ദരാക്കാനും കഴിയുമെന്നാണ് കോണ്‍ഗ്രസ് നേതൃത്വം കണക്കുകൂട്ടുന്നത്.

കര്‍ണാടകയുടെ സവിശേഷത ഉയര്‍ത്തിപ്പിക്കേണ്ടത് എല്ലാ കന്നഡക്കാരുടെയും ഉത്തരവാദിത്വമാണെന്നും പ്രത്യേകമായ ഗാനവും പതാകയും വരുന്നത് ഒരിക്കലും ദേശീയഗാനത്തിനും ദേശീയപതാകക്കും എതിരാകില്ലെന്നുമാണ് മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ നിലപാട്. പതാക യാഥാര്‍ഥ്യമായാല്‍ വിദ്യാഭ്യാസ മേഖലയില്‍ പ്രദേശിക ഭാഷ നിര്‍ബന്ധമാക്കാനാണ് സര്‍ക്കാറിന്റെ അടുത്ത നീക്കം. ഇതില്‍ നിലനില്‍ക്കുന്ന നിയമപ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഭരണഘടനാ ഭേദഗതി കൊണ്ടുവരണമെന്നാണ് സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെടുന്നത്. ഇക്കാര്യം ആവശ്യപ്പെട്ട് കേന്ദ്രത്തിന് രണ്ട് തവണ മുഖ്യമന്ത്രി കത്തയച്ചു.

കന്നഡിഗര്‍ക്ക് അനുകൂലമായ തീരുമാനങ്ങളെടുത്താണ് സിദ്ധരാമയ്യ ഭരണത്തിന്റെ തുടക്കത്തില്‍ ജനങ്ങളുടെ കൈയടി നേടിയത്. കാലാവധി തികക്കുന്ന അവസാന നാളുകളിലും അങ്ങനെ നീങ്ങുന്നുവെന്ന്് വ്യക്തമാക്കുന്നതാണ് പതാക നേടിയെടുക്കാന്‍ അദ്ദേഹം നടത്തുന്ന നീക്കങ്ങള്‍.