ആവര്‍ത്തിക്കുന്ന കൊലകള്‍

Posted on: February 27, 2018 6:10 am | Last updated: February 26, 2018 at 10:19 pm

മൂന്ന് കൊലപാതകങ്ങളാണ് രണ്ടാഴ്ചക്കിടെ കേരളത്തില്‍ നടന്നത്. ഫെബ്രുവരി 12ന് രാത്രിയാണ് യൂത്ത് കോണ്‍ഗ്രസ് നേതാവും സുന്നി പ്രവര്‍ത്തകനുമായ ശുഐബ് ക്രൂരമായി വധിക്കപ്പെട്ടത്. ആദിവാസി യുവാവ് അട്ടപ്പാടി കടകമണ്ണ ഊരില്‍ മധുവിനെ മോഷണക്കുറ്റം ആരോപിച്ച് തല്ലിക്കൊന്നത് ഫെബ്രുവരി 22ന് വ്യാഴാഴ്ച. ഞായറാഴ്ച രാത്രി മുസ്‌ലിം ലീഗ് പ്രവര്‍ത്തകനും മണ്ണാര്‍ക്കാട് നഗരസഭ രണ്ടാം വാര്‍ഡ് കൗണ്‍സിലര്‍ വറോടന്‍ സിറാജുദ്ദീന്റെ മകനുമായ സഫീര്‍ അക്രമികളുടെ കുത്തേറ്റു മരിച്ചു, മൂന്നംഗ സംഘം സഫീറിന്റെ വസ്ത്രവ്യാപാരശാലയില്‍ അതിക്രമിച്ചു കയറി കുത്തിക്കൊല്ലുകയായിരുന്നു.

ശുഐബ് അക്രമ രാഷ്ട്രീയത്തിന്റെ ഇരയായിരുന്നുവെങ്കില്‍ മധു ആള്‍ക്കൂട്ട പോലീസിംഗിന്റെ ഇരയാണ്. സഫീറിന്റെ വധത്തിന് പിന്നില്‍ ലീഗുകാര്‍ രാഷ്ട്രീയമാരോപിക്കുമ്പോള്‍ വ്യക്തിവൈരാഗ്യമാണെന്നാണ് പോലീസ് റിപ്പോര്‍ട്ട്. ഏതായാലും നിയമവ്യവസ്ഥയെ നോക്കുകുത്തിയാക്കി സംസ്ഥാനത്ത് അക്രമികള്‍ അഴിഞ്ഞാടുകാണെന്നാണ് ഈ സംഭവങ്ങള്‍ വ്യക്തമാക്കുന്നത്. പാര്‍ട്ടികള്‍ തമ്മിലുള്ള തര്‍ക്കങ്ങള്‍ അതിവേഗത്തിലാണ് സംഘര്‍ഷത്തിലേക്കും കൊലപാതകത്തിലേക്കും നീങ്ങുന്നത്. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ചോരമണക്കാത്ത ദിവസങ്ങള്‍ കേരളത്തില്‍ കുറവാണ്. കക്ഷിരാഷ്ട്രീയ സംവിധാനത്തില്‍ അഭിപ്രായ ഭിന്നതകളും തര്‍ക്കങ്ങളും സ്വാഭാവികമാണെങ്കിലും അത് സംവാദത്തിലും ആശയപരമായ ഏറ്റുമുട്ടലിലും ഒതുങ്ങേണ്ടതാണ്. ഹിംസാത്കമായി മാറുന്നത് ഭൂഷണമല്ല. ജനാധിപത്യ വ്യവസ്ഥിതി നിലനില്‍ക്കുന്ന ഒരു രാജ്യത്ത് വിശേഷിച്ചും. സ്വന്തം ബോധ്യങ്ങള്‍ക്കും ആശയങ്ങള്‍ക്കും പുറത്തുള്ളവരോട് ആശയപരമായി സംവദിക്കാനാണ് ജനാധിപത്യം ആവശ്യപ്പെടുന്നത്, ആയുധമെടുത്ത് നേരിടാനല്ല.

ഓരോ കൊലപാതകങ്ങള്‍ അരങ്ങേറുമ്പോഴും ഇതവസാനത്തേതായിരിക്കേണമേ എന്നാണ് സമാധാന പ്രേമികള്‍ ആഗ്രഹിക്കുന്നതും പ്രാര്‍ഥിക്കുന്നതും. പക്ഷേ, അതിനേക്കാള്‍ ക്രൂരവും പൈശാചികവുമായ വധങ്ങളെക്കുറിച്ചുള്ള വാര്‍ത്തകളാണ് പിന്നെയും കേള്‍ക്കേണ്ടിവരുന്നത്. അക്രമ രാഷ്ട്രീയത്തെ നയമപരമായി ഒരു പാര്‍ട്ടിയും തുണക്കുന്നില്ല. ഹിംസാത്മക രാഷ്ട്രീയം തങ്ങളുടെ നയമല്ലെന്നും രാഷ്ട്രീയ അക്രമങ്ങളില്‍ വിശ്വസിക്കുന്നില്ലെന്നും ഓരോ പാര്‍ട്ടി നേതൃത്വവും അടിക്കടി ആവര്‍ത്തക്കാറുണ്ട്. അതേസമയം രാഷ്ട്രീയ കൊലപാതകക്കേസുകളിലെ പ്രതിപ്പട്ടികയില്‍ നിന്ന് ഒരു പാര്‍ട്ടിക്കാരും ഒഴിവല്ല. ഓരോ സംഭവം നടക്കുമ്പോഴും ബന്ധപ്പെട്ട പാര്‍ട്ടി തള്ളിപ്പറയാറുണ്ടെങ്കിലും എല്ലാം പ്രഹസനമായി കലാശിക്കുകയാണ്. സമാന സംഭവങ്ങള്‍ അടിക്കടി പിന്നെയും ആവര്‍ത്തിക്കുന്നു. ഇതൊരു ഭീകര സാംക്രമിക രോഗമായി പടര്‍ന്നുകൊണ്ടിരിക്കുകയാണ്.

ഏക അത്താണി നഷ്ടപ്പെട്ട് വഴിയാധാരമായ കുടുംബങ്ങളും ചെറുപ്പത്തിലേ മക്കള്‍ നഷ്ടപ്പെട്ട മാതാപിതാക്കളും അനാഥരായ മക്കളും ദാമ്പത്യ ജീവിതത്തിന്റെ ആരംഭത്തിലേ വിധവയാകാന്‍ വിധിക്കപ്പെട്ട സ്ത്രീകളും നൂറുകണക്കിനുണ്ട് സംസ്ഥാനത്ത്. ഏക ആശ്രയമായ മകന്‍ ഏതു നിമിഷവും രാഷ്ട്രീയക്കാരുടെ കൊലക്കത്തിക്ക് ഇരയായേക്കാമെന്ന ഭീതിയില്‍ കഴിയുന്ന കുടുംബങ്ങളും നിരവധിയാണ്. പാര്‍ട്ടിക്ക് വേണ്ടി ജീവന്‍ വെടിഞ്ഞവരെ ഓര്‍ത്തു പ്രിയപ്പെട്ടവര്‍ കണ്ണീര്‍ വാര്‍ക്കുമ്പോള്‍, അടുത്ത ഇരക്ക് വേണ്ടി കത്തിക്കു മൂര്‍ച്ചകൂട്ടുന്ന തിരക്കിലായിരിക്കും പാര്‍ട്ടിക്കാര്‍. ഇതില്‍ കക്ഷി വ്യത്യാസമില്ല. കൊലക്കത്തിക്കിരയാകുന്നവര്‍ സാധാരണ പ്രവര്‍ത്തകരാണ്. രാഷ്ട്രീയ പക തീര്‍ക്കാന്‍ ആയുധം നല്‍കി പ്രവര്‍ത്തകരെ അയക്കുന്ന നേതാക്കള്‍ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടാറില്ല. 2000 മുതല്‍ 2017 വരെയുള്ള കാലയളവില്‍ സംസ്ഥാനത്ത് 172 രാഷ്ട്രീയ കൊലപാതകങ്ങള്‍ നടന്നതായി വിവരാവകാശനിയമപ്രകാരം ലഭിച്ച രേഖകള്‍ വ്യക്തമാക്കുന്നു. കൊല്ലപ്പെട്ടവരില്‍ 85 പേര്‍ സി പി എം പ്രവര്‍ത്തകരും 65 പേര്‍ ആര്‍ എസ് എസുകാരുമാണ്.

വര്‍ധിച്ചുവരുന്ന കുറ്റകൃത്യങ്ങളും രാഷ്ട്രീയ കൊലപാതകങ്ങളും സംസ്ഥാനത്തിന്റെ പ്രതിച്ഛായക്ക് തന്നെ മങ്ങലേല്‍പ്പിച്ചുകൊണ്ടിരിക്കുന്നു. ഇനിയെങ്കിലും ഇതവസാനിപ്പിക്കാന്‍ പാര്‍ട്ടി നേതൃത്വങ്ങള്‍ ആത്മാര്‍ഥമായി രംഗത്തു വരേണ്ടതുണ്ട്. അക്രമവും കൊലപാതകവും നടത്തുന്ന അണികളെ രക്ഷിക്കാനും ഇരകളുടെ കുടുംബങ്ങളുടെ സംരക്ഷണം ഏറ്റെടുക്കാനും നേതൃത്വങ്ങള്‍ സന്നദ്ധമാകുന്നതാണ് സംഭവങ്ങള്‍ ആവര്‍ത്തിക്കാന്‍ ഇടയാക്കുന്നത്. അക്രമ രാഷ്ട്രീയത്തെ പൊതുവേദികളില്‍ തള്ളിപ്പറയുകയും അണിയറയില്‍ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന നയം ഉപേക്ഷിക്കണം. അഞ്ച് വര്‍ഷമെങ്കിലും തടവ് ശിക്ഷ കിട്ടാവുന്ന കുറ്റം ചെയ്തവരെന്ന് തെളിഞ്ഞവര്‍ക്ക് മാത്രമാണ് നിലവില്‍ തിരഞ്ഞെടുപ്പില്‍ വിലക്കുള്ളത്. ഇത് ഗുരുതരമായ കേസുകളില്‍ വിചാരണ നേരിടുന്നവര്‍ക്കും ബാധകമാക്കുന്ന കാര്യം തിരഞ്ഞെടുപ്പ് കമ്മീഷന്റെയും നിയമകമ്മീഷന്റെയും കോടതിയുടെയും പരഗണനയിലുണ്ട്. ഇതെത്രയും വേഗം പ്രാബല്യത്തില്‍ കൊണ്ടുവന്നാല്‍, ചെറിയൊരു ശമനം കിട്ടുമെന്ന് പ്രതീക്ഷിക്കാം.