മധുവിന്റെ കൊലപാതകം ; പ്രതിഷേധ ആഹ്വാനവുമായി വയനാട്ടില്‍ മാവോയിസ്റ്റ് ലഘുലേഖ

Posted on: February 26, 2018 11:54 pm | Last updated: February 26, 2018 at 11:54 pm
SHARE

കല്‍പ്പറ്റ: മധുവിന്റെ കൊലപാതകത്തില്‍ പ്രതിഷേധിക്കാന്‍ ആഹ്വാനം ചെയ്ത് മാവോയിസ്റ്റുകളുടെ പേരില്‍ പത്രപ്രസ്താവന. ജോഗി, വക്താവ്, സി പി ഐ (മാവോയിസ്റ്റ്)എന്ന പേരില്‍, ആദിവാസി സമൂഹത്തിന് നേരെയുള്ള മലയാളി വംശീയ കടന്നാക്രമണത്തെ ചെറുക്കുക, മധുവിന്റെ കൊലപാതകത്തില്‍ പ്രതിഷേധിക്കുക എന്നിങ്ങനെ ആഹ്വാനം ചെയ്യുന്ന പ്രസ്താവന കല്‍പ്പറ്റ പ്രസ് ക്ലബ്ബ് പരിസരത്ത് നിന്നാണ് കണ്ടെത്തിയത്.

അട്ടപ്പാടിയില്‍ കടുകമണ്ണ ഊരിലെ മധുവിനെ കൊലചെയ്ത നടപടി ആദിവാസി സമൂഹത്തിനുമേലുള്ള അത്യന്തം ക്രൂരമായ മലയാളി വംശീയതയുടെ ആധിപത്യമാണ് പ്രകടമാകുന്നത്. ഇതില്‍ മുഴുവന്‍ ജനാധിപത്യ പുരോഗമന ശക്തികളും പ്രതിഷേധിക്കണം. നൂറുകണക്കിന് ആദിവാസികള്‍ അട്ടപ്പാടിയിലും കേരളത്തിന്റെ മറ്റ് ആദിവാസി മേഖലകളിലും വംശീയ കടന്നാക്രമണത്തിന്റെ ഭാഗമായി മലയാളികളാല്‍ കൊല ചെയ്യപ്പെട്ടിട്ടുണ്ട്. ഈയിടെ നിലമ്പൂരില്‍ ചികിത്സ നിഷേധിച്ചതിനെ തുടര്‍ന്ന് മരണമടഞ്ഞ പൂക്കോട്ടുപാടം ചേലാട് കോളനിയിലെ കണ്ണന്റെ അന്ത്യം ഈ മനോഭാവത്തിന്റെ ദൃഷ്ടാന്തം തന്നെയാണ്. ദൈനംദിന ജീവിതത്തില്‍ കേരളത്തില്‍ ഈ ജനത മലയാളി വര്‍ഗീയതയുടെ ബഹുമുഖ കടന്നാക്രമണത്തിന് വിധേയരായിക്കൊണ്ടിരിക്കുകയാണ്. ഒരു പരിഷ്‌കൃത സമൂഹമെന്ന് അഹങ്കരിക്കുന്ന കേരളീയ സമൂഹത്തിന്റെ യഥാര്‍ഥ പിന്തിരിപ്പന്‍ മുഖമാണ് മലയാളികള്‍ ഇത്തരത്തില്‍ അനാവരണം ചെയ്തിരിക്കുന്നത്. കക്ഷി രാഷ്ട്രീയ കൊലപാതകത്തില്‍ മത്തുപിടിച്ച് മനുഷ്യാവകാശങ്ങള്‍ ചവിട്ടിമെതിക്കുന്ന സി പി എമ്മും മുഖ്യാധാര രാഷ്ട്രീയ പാര്‍ട്ടികളും ഇത്തരം സംഭവങ്ങള്‍ ആകസ്മികമായിട്ടാണ് ചിത്രീകരിക്കുന്നതെന്നും വിശക്കുന്നവനെ തല്ലിക്കൊല്ലുന്ന മലയാളി വംശീയധിനിവേശക്കാര്‍ക്കെതിരെ ജനകീയ ചെറുത്തുനില്‍പ്പുകള്‍ സംഘടിപ്പിക്കുന്നതിന് മുഴുവന്‍ മര്‍ദിതരും ഒന്നിക്കണമെന്നും പ്രസ്താവനയിലൂടെ ആവശ്യപ്പെടുന്നു.

 

 

 

 

LEAVE A REPLY

Please enter your comment!
Please enter your name here