വനിതാ ക്വാട്ടയിലെ സീറ്റുകള്‍ വെയ്റ്റിംഗ് ലിസ്റ്റിലെ സ്ത്രീകള്‍ക്കും മുതിര്‍ന്നവര്‍ക്കും നല്‍കാന്‍ റെയില്‍വേ

Posted on: February 26, 2018 11:38 pm | Last updated: February 26, 2018 at 11:41 pm

ന്യൂഡല്‍ഹി: വനിതാ ക്വാട്ടയില്‍ ഒഴിവുവരുന്ന ബെര്‍ത്തുകള്‍ വെയ്റ്റിംഗ് ലിസ്റ്റിലുള്ള വനിതകള്‍ക്കും ലിംഗഭേദമന്യെ മുതിര്‍ന്ന പൗരന്‍മാര്‍ക്കും നല്‍കാന്‍ റെയില്‍വേ തീരുമാനിച്ചു. റിസര്‍വേഷന്‍ ചാര്‍ട്ട് തയ്യാറാക്കുന്ന സമയം വരെ വനിതാ ക്വാട്ടയില്‍ ബുക്കിംഗ് ലഭിക്കും. ചാര്‍ട്ട് തയ്യാറാക്കിയതിന് ശേഷം വെയ്റ്റിംഗ് ലിസ്റ്റിലുള്ളവര്‍ക്ക് നല്‍കും.

വനിതാ ക്വാട്ടയിലുള്ള ഒഴിവുകള്‍ ഉപയോഗിക്കുന്നതിനുള്ള നയം പരിഷ്‌കരിക്കണമെന്ന് ജീവനക്കാര്‍ക്കുള്ള കത്തില്‍ റെയില്‍വേ ബോര്‍ഡ് സൂചിപ്പിച്ചു. വനിതാ യാത്രക്കാരുടെ അഭാവത്തില്‍ ട്രെയിനിലെ ടിക്കറ്റ് പരിശോധകന് വനിതാ യാത്രക്കാര്‍ക്കും മുതിര്‍ന്ന പൗരന്മാര്‍ക്കും ഈ സീറ്റുകള്‍ നല്‍കാം.

സ്ലീപ്പര്‍ ബെര്‍ത്തുള്ള എല്ലാ ട്രെയിനുകളിലും ഓരോ കോച്ചിലെയും അടിയിലെ ആറ് ബെര്‍ത്തുകളും എ സി ത്രി- ടു ടയര്‍ കോച്ചുകളിലെ താഴത്തെ മൂന്ന് ബര്‍ത്തുകളും മുതിര്‍ന്ന പൗരന്മാര്‍ക്കും 45നും മുകളിലും വയസ്സുള്ള വനിതകള്‍ക്കും ഗര്‍ഭിണികള്‍ക്കുമുള്ളതാണ്.