കൊലപാതക രാഷ്ട്രീയത്തില്‍ സിപിഐ സിപിഎമ്മിനോട് മത്സരിക്കുന്നു: ബല്‍റാം

Posted on: February 26, 2018 12:06 pm | Last updated: February 26, 2018 at 12:06 pm

പാലക്കാട്: മണ്ണാര്‍ക്കാട് മുസ്‌ലിം ലീഗ് പ്രവര്‍ത്തകന്‍ സഫീര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതികരണവുമായി വിടി ബല്‍റാം എംഎല്‍എ. കൊലപാതക രാഷ്ട്രീയത്തില്‍ വല്യേട്ടനായ സിപിഎമ്മിനോട് മത്സരിക്കുകയാണ് ചെറിയേട്ടനായ സിപിഐ എന്ന് ബല്‍റാം ഫേസ്ബുക്ക് പോസ്റ്റില്‍ ആരോപിച്ചു.

കൊലപാതകത്തിന്റെ ഉത്തരവാദിത്വത്തില്‍ നിന്ന് ഒഴിഞ്ഞു മാറാന്‍ പോലീസിന് സാധിക്കില്ല. കേരളത്തിന്റെ ക്രമസമാധാനനില സമ്പൂര്‍ണ തകര്‍ച്ചയിലേക്കാണ് നീങ്ങിക്കൊണ്ടിരിക്കുന്നതെന്നും കൊടും ക്രിമിനലുകളെ സംരക്ഷിച്ചും പോറ്റി വളര്‍ത്തിയും മുന്നോട്ടുപോകുന്ന എല്‍ഡിഎഫ് സര്‍ക്കാറിന് അധികാരത്തില്‍ തുടരാനുള്ള എല്ലാ അവകാശവും നഷ്ടമാവുകയാണെന്നും ബല്‍റാം കൂട്ടിച്ചേര്‍ത്തു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം…..

കേരളത്തില്‍ കമ്മ്യൂണിസ്റ്റ് ഭീകരത വീണ്ടും!
മണ്ണാര്‍ക്കാട് എംഎസ്എഫ് പ്രവര്‍ത്തകന്‍ സഫീറിനെ സിപിഐ ക്രിമിനലുകള്‍ ക്രൂരമായി കുത്തിക്കൊലപ്പെടുത്തിയതില്‍ ശക്തമായി പ്രതിഷേധിക്കുന്നു. കൊലപാതക രാഷ്ട്രീയത്തില്‍ വല്യേട്ടനായ സിപിഎമ്മിനോട് മത്സരിക്കുകയാണ് ചെറിയേട്ടനായ സിപിഐയും. ഇത് നാലാം തവണയാണ് സഫീറിന്റെയും കുടുംബത്തിന്റേയും നേര്‍ക്ക് ആക്രമണമുണ്ടാകുന്നത്. വീടിന് ബോംബെറിഞ്ഞ സംഭവം വരെയുണ്ടായി. ആ അവസരങ്ങളിലൊക്കെ ഉദാസീന സമീപനം സ്വീകരിച്ച പോലീസിന് ഇന്നത്തെ കൊലപാതകത്തിന്റെ ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞു മാറാന്‍ സാധിക്കില്ല.

കേരളത്തിന്റെ ക്രമസമാധാനനില സമ്പൂര്‍ണ്ണ തകര്‍ച്ചയിലേക്കാണ് നീങ്ങിക്കൊണ്ടിരിക്കുന്നത്. കൊടും ക്രിമിനലുകളെ സംരക്ഷിച്ചും പോറ്റി വളര്‍ത്തിയും മുന്നോട്ടുപോകുന്ന എല്‍ഡിഎഫ് സര്‍ക്കാരിന് അധികാരത്തില്‍ തുടരാനുള്ള എല്ലാ അവകാശവും നഷ്ടമാവുകയാണ്.