ശ്രീദേവിയുടെ മൃതദേഹം ഇന്ന് മുംബൈയിലെത്തിക്കും

Posted on: February 26, 2018 9:16 am | Last updated: February 26, 2018 at 11:21 am

ന്യൂഡല്‍ഹി: ദുബൈയില്‍ അന്തരിച്ച ബോളിവുഡ് നടി ശ്രീദേവിയുടെ മൃതദേഹം ഇന്ന് വൈകീട്ടോടെ മുംബൈയിലെത്തിക്കും. ഇന്ന് ഉച്ചക്ക് ശേഷം സംസ്‌കാരം നടക്കുമെന്നാണ് വിവരം. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകാതിരുന്നതിനെ തുടര്‍ന്നാണ് മൃതദേഹം ഇന്ത്യയിലെത്തിക്കുന്നത് വൈകുന്നത്. ദുബൈ ഖിസൈസിലെ പോലീസ് ഹെഡ് ക്വാര്‍ട്ടേഴ്‌സ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന ശ്രീദേവിയുടെ മൃതദേഹത്തിന്റെ പോസ്റ്റ്്‌മോര്‍ട്ടം നടപടിക്രമങ്ങള്‍ ഞായറാഴ്ച വൈകീട്ടോടെയാണ് പൂര്‍ത്തിയായത്. ഫൊറന്‍സിക്, രക്തപരിശോധന റിപ്പേര്‍ട്ടുകള്‍ ലഭിക്കാത്തതിനെ തുടര്‍ന്നാണ് മൃതദേഹം നാട്ടിലെത്തിക്കാന്‍ വൈകുന്നത്.

ദുബൈയില്‍ ശനിയാഴ്ച രാത്രി 11.30ന് ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. കുളിമുറിയില്‍ വീണതാണ് മരണകാരണം എന്ന റിപ്പോര്‍ട്ടുകളും ഉണ്ട്. ബന്ധുവിന്റെ വിവാഹച്ചടങ്ങില്‍ സംബന്ധിക്കാന്‍ കുടുംബ സമേതം ദുബൈയില്‍ എത്തിയതായിരുന്നു ശ്രീദേവി. ചലച്ചിത്ര നിര്‍മാതാവായ ഭര്‍ത്താവ് ബോണി കപൂറും ഇളയ മകള്‍ ഖുഷിയുമാണ് മരണസമയം ഒപ്പമുണ്ടായിരുന്നത്. ഖുഷിയെ കൂടാതെ ജാഹ്നവി എന്ന മറ്റൊരു മകള്‍ കൂടിയുണ്ട്.

തമിഴ്‌നാട്ടിലെ ശിവകാശിയില്‍ അഭിഭാഷകനായിരുന്ന അയ്യപ്പന്റെയും രാജേശ്വരിയുടെയും മകളായി 1963 ആഗസ്റ്റ് 13നാണ് ശ്രീദേവിയുടെ ജനനം. നാലാം വയസ്സില്‍ ‘തുണൈവന്‍’ എന്ന തമിഴ് ചിത്രത്തിലൂടെ ബാലതാരമായി സിനിമയിലെത്തി. ‘പൂമ്പാറ്റ’ എന്ന മലയാള ചിത്രത്തിലെ അഭിനയത്തിന് മികച്ച ബാലനടിക്കുള്ള കേരള സര്‍ക്കാറിന്റെ പുരസ്‌കാരം ലഭിച്ചിരുന്നു.

12ാം വയസ്സില്‍ ബോളിവുഡിലെത്തിയ ശ്രീദേവി 1979ല്‍ ‘സൊല്‍വ സാവന്‍’ എന്ന ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചു. നാല് വര്‍ഷത്തിന് ശേഷം ‘ഹിമ്മത്‌വാല’ എന്ന ചിത്രമാണ് ബോളിവുഡിലെ താരറാണിയെന്ന തലത്തിലേക്ക് അവരെ ഉയര്‍ത്തിയത്. കുറ്റവും ശിക്ഷയും, ആലിംഗനം, തുലാവര്‍ഷം, സത്യവാന്‍ സാവിത്രി, ദേവരാഗം തുടങ്ങി 26 മലയാള ചിത്രങ്ങളില്‍ അഭിനയിച്ചു. 1997 മുതല്‍ സിനിമയില്‍ നിന്ന് വിട്ടുനിന്ന ശ്രീദേവി ‘ഇംഗ്ലീഷ് വിംഗ്ലീഷ്’ എന്ന സിനിമയിലൂടെ 2012ല്‍ തിരിച്ചെത്തി. കഴിഞ്ഞ വര്‍ഷം ‘മോം’ എന്ന സിനിമയില്‍ അഭിനയിച്ചു. അവസാന ചിത്രം ‘സീറോ’ പുറത്തുവരാനിരിക്കുകയാണ്.