സുവാരസിന് ഹാട്രിക്ക്; ബാഴ്‌സലോണക്ക് ജയം

Posted on: February 26, 2018 12:12 am | Last updated: February 26, 2018 at 12:12 am
ജെറോണക്കെതിരെ സുവാരസ് ഗോള്‍ നേടുന്നു

നൗകാംപ്: ഉറുഗ്വെന്‍ സ്‌ട്രൈക്കര്‍ ലൂയിസ് സുവാരസിന്റെ ഹാട്രിക്ക് മികവില്‍ ബാഴ്‌സക്ക് തകര്‍പ്പന്‍ ജയം. ജിറോണയെ ഒന്നിനെതിരേ ആറ് ഗോളുകള്‍ക്ക് തകര്‍ത്ത് കാറ്റലന്‍ ടീം ലാ ലിഗയില്‍ വിജയക്കുതിപ്പ് തുടരുന്നു.
രണ്ട് ഗോളുകള്‍ നേടുകയും രണ്ട് ഗോളുകള്‍ക്ക് വഴിയൊരുക്കുകയും ചെയ്ത മെസ്സിയാണ് മത്സരത്തിലെ താരം. ശേഷിച്ച ഗോള്‍ ബ്രസീല്‍ താരം കുട്ടീഞ്ഞോ നേടി. കുട്ടീഞ്ഞോയുടെ ആദ്യ ലാലിഗ ഗോളാണിത്.
മത്സരത്തിന്റെ മൂന്നാം മിനുട്ടില്‍ നൗകാംപിനെ ഞെട്ടിച്ച് പോര്‍ട്ടുവിലൂടെ ജിറോണ ലീഡെടുത്തു. ബാഴ്‌സയുടെ പ്രതിരോധത്തിലെ പിഴവ് മുതലെടുത്താണ് പോര്‍ട്ടു വല കുലുക്കിയത്. ഗോള്‍ വീണതോടെ ബാഴ്‌സലോണ പതറിയെങ്കിലും രണ്ട് മിനുട്ടിനുള്ളില്‍ സുവാരസിലൂടെ തിരിച്ചടിച്ചു.

മെസ്സിയുടെ തകര്‍പ്പന്‍ പാസിലായിരുന്നു സുവാരസിന്റെ ഗോള്‍. മത്സരത്തിന്റെ 62 ശതമാനം പന്ത് കൈവശം വച്ച ബാഴ്‌സലോണ ആദ്യ പകുതിക്ക് മുന്‍പ് തന്നെ നാല് ഗോളുകള്‍ നേടി കളി വരുതിയിലാക്കി.
മെസ്സി(30, 36), സുവാരസ് (5, 44) എന്നിവരാണ് ഗോള്‍ നേടിയത്. ആദ്യ പകുതിയില്‍ നാല് ഗോളുകള്‍ വലയില്‍ വീണതിനാല്‍ രണ്ടാം പകുതിയിലും ജിറോണക്ക് മത്സരത്തിലേക്ക് തിരിച്ചു വരാനായില്ല. 66ാം മിനുട്ടില്‍ കുട്ടീഞ്ഞോയും 76ാം മിനുട്ടില്‍ സുവാരസും ബാഴ്‌സലോണക്ക് വേണ്ടി ഗോള്‍ നേടിയതോടെ ജിറോണ പോരാട്ടം അവസാനിപ്പിച്ചു. 25 മത്സരങ്ങളില്‍ നിന്ന് 20 ജയവും അഞ്ച് സമനിലയുമടക്കം 65 പോയിന്റോടെ പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്താണ് ബാഴ്‌സലോണ. രïാം സ്ഥാനത്തുള്ള അത്‌ലറ്റികോ മാഡ്രിഡിന് 55 പോയിന്റും മൂന്നാം സ്ഥാനത്തുള്ള റയല്‍ മാഡ്രിഡിന് 51 പോയിന്റുമാണുള്ളത്. മറ്റൊരു മത്സരത്തില്‍ വിയ്യാറയല്‍ ഗെറ്റാഫയെ ഏതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തി.
മറ്റൊരു മത്സരത്തില്‍ വിയ്യാറല്‍ സ്വന്തം തട്ടകത്തില്‍ മറുപടിയില്ലാത്ത ഒറ്റ ഗോളിന് ഗെറ്റാഫയെ പരാജയപ്പെടുത്തി.

ഇരട്ട റെക്കോര്‍ഡുകളിട്ട്
ലയണല്‍ മെസ്സി

ജിറോണക്കെതിരായ മത്സരത്തില്‍ രണ്ട് ഗോളുകള്‍ നേടിയതോടെ മെസ്സി തന്റെ പേരിലേക്ക് പുതിയ രണ്ട് ലാ ലിഗ റെക്കോര്‍ഡുകള്‍ കൂടി എഴുതിച്ചേര്‍ത്തു. ഏറ്റവും കൂടുതല്‍ എതിര്‍ ടീമുകള്‍ക്കെതിരേ ഗോള്‍ നേടുന്ന താരമെന്ന ലാ ലിഗ റെക്കോര്‍ഡാണ് മെസ്സി നേടിയത്. കരിയറില്‍ 36ാമത്തെ ടീമിനെതിരേയാണ് മെസ്സി ഗോള്‍ നേടിയത്. ഇതോടെ 35 ടീമുകള്‍ക്കെതിരേ ഗോള്‍ നേടിയ റൗള്‍ ഗോണ്‍സാലസ്, ആര്‍ട്ടിസ് അദൂരിസ് എന്നിവരുടെ റെക്കോര്‍ഡാണ് മെസ്സി തിരുത്തിയെഴുതിയത്.
148 അസിസ്റ്റുകളോടെ ലാലിഗ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ഗോളുകള്‍ക്ക് വഴിയൊരുക്കിയ താരമെന്ന റെക്കോര്‍ഡും മെസ്സി സ്വന്തമാക്കി.

മത്സരത്തില്‍ 6-1ന് ബാഴ്‌സലോണ ജിറോണയെ പരാജയപ്പെടുത്തി. രണ്ട് ഗോളുകള്‍ നേടുകയും രണ്ട് ഗോളുകള്‍ക്ക് വഴിയൊരുക്കി ഇരട്ട റെക്കോര്‍ഡ് നേട്ടം അര്‍ജന്റീന നായകന്‍ ശരിക്കും ആഘോഷിച്ചു.

ടോട്ടനത്തിന് വിജയം

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ടോട്ടനം ഹോട്‌സ്പര്‍ ക്രിസ്റ്റല്‍ പാലസിനെ എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തി. 88ാം മിനുട്ടില്‍ ഹാരി കെയ്ന്‍ നേടിയ ഗോളിലാണ് ടോട്ടനത്തിന്റെ വിജയം.

മോണാക്കോയ്ക്ക് സമനില

ഫ്രഞ്ച് ലീഗ് വണ്‍ പോരാട്ടങ്ങളില്‍ നിലവിലെ ചാംപ്യന്‍മാരായ മൊണാക്കോയെ ത്രില്ലര്‍ പോരാട്ടത്തില്‍ ടോളൗസ് 3-3ന് സമനിലയില്‍ തളച്ചു.

3-1ന് മുന്നില്‍ നിന്ന ശേഷമാണ് മൊണാക്കോ മത്സരം കളഞ്ഞുകുളിച്ചത്. മറ്റൊരു മത്സരത്തില്‍ കരുത്തരായ നീസിനെ ബോര്‍ഡെക്‌സ് ഗോള്‍രഹിത സമനിലയിലും കുരുക്കി. നാന്റസിനെ അമിയെന്‍സ് എവേ പോരാട്ടത്തില്‍ 01ന് അട്ടിമറിച്ചു.