Connect with us

Editorial

സേനാ മേധാവി പദവി മറക്കരുത്

Published

|

Last Updated

പദവിക്ക് ചേര്‍ന്നതായില്ല കരസേനാ മേധാവി ജനറല്‍ ബിപിന്‍ റാവത്ത് ബുധനാഴ്ച ഡല്‍ഹിയിലെ സെമിനാറില്‍ നടത്തിയ പ്രസ്താവന. അസമിലെ മുസ്‌ലിം ജനസംഖ്യാ വര്‍ധനവിലും ബദ്‌റുദ്ദീന്‍ അജ്മല്‍ നയിക്കുന്ന ആള്‍ ഇന്ത്യ യുനൈറ്റഡ് ഡെമോക്രാറ്റിക് ഫ്രണ്ടിന്റെ വളര്‍ച്ചയിലുമുള്ള ഉത്ക്കണ്ഠയായിരുന്നു പ്രസ്താവനയില്‍ തെളിഞ്ഞു കണ്ടത്. അസമില്‍ മുസ്‌ലിം ഭൂരിപക്ഷ ജില്ലകള്‍ വര്‍ധിച്ചു വരികയാണ്. ആദ്യം അഞ്ചേ ഉണ്ടായിയിരുന്നുള്ളൂ. ഇപ്പോള്‍ ഒമ്പതായി. ബംഗ്ലാദേശില്‍ നിന്ന് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലേക്കുള്ള മുസ്‌ലിംകളുടെ കുടിയേറ്റമാണ് വര്‍ധനവിന് കാരണം. ചൈനീസ് പിന്തുണയോടെ പാക്കിസ്ഥാന്‍ നടത്തുന്ന നിഴല്‍യുദ്ധത്തിന്റെ ഭാഗമാണിത്. രാജ്യത്തിന്റെ വടക്കുകിഴക്കന്‍ മേഖല കൈയടക്കാനാണ് അവരുടെ ശ്രമം എന്നിങ്ങനെ നീളുന്നു റാവത്തിന്റെ വാക്കുകള്‍. ബി ജെ പി വര്‍ഷങ്ങളെടുത്തു വളര്‍ന്നതിനെക്കാള്‍ വേഗത്തിലാണ് യുനൈറ്റഡ് ഡെമോക്രാറ്റിക് ഫ്രണ്ടിന്റെ വളര്‍ച്ച. 1984ലെ പൊതു തിരഞ്ഞെടുപ്പില്‍ ബി ജെ പിക്ക് രണ്ടു സീറ്റേ ലഭിച്ചിരുന്നുള്ളൂ. എന്നാല്‍ അസം നിയമസഭയില്‍ 13 എം എല്‍ എമാരും മൂന്ന് എം പിമാരുമുണ്ട് ഫ്രണ്ടിനെന്നും റാവത്ത് പരിഭവിക്കുന്നു.

മോഹന്‍ ഭഗവതോ പ്രവീണ്‍ തൊഗാഡിയയോ ആണ് പറഞ്ഞതെങ്കില്‍ മനസ്സിലാക്കാമായിരുന്നു. ഒരു സൈനിക മേധാവിക്കെന്താണ് മുസ്‌ലിം ജനസംഖ്യയുടെ വര്‍ധനവിലും ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ വളര്‍ച്ചയിലും ഇത്രയും ബേജാറ്? ഒരു മതേതര രാഷ്ട്രത്തിന്റെ സൈനിക മേധാവിയെന്ന നിലയില്‍ സാമുദായിക വേര്‍തിരിവ് കൂടാതെ ജനങ്ങളെ ഒരേ കണ്ണോടെ കാണേണ്ടയാളാണ് റാവത്ത്. രാഷ്ട്രീയ കക്ഷികളുടെ വളര്‍ച്ചയും തളര്‍ച്ചയുമൊക്കെ പതിവാണ്. പാര്‍ട്ടി രൂപവത്കരണത്തിനും വിപുലീകരണത്തിനും ജനാധിപത്യ സംവിധാനത്തില്‍ ഭരണഘടനാപരമായി എല്ലാവര്‍ക്കും അവകാശമുണ്ട്. അതെക്കുറിച്ചു പറയേണ്ടതും ഉത്ക്കണ്ഠപ്പെടേണ്ടതും രാഷ്ട്രീയ നേതൃത്വങ്ങളാണ്.

വര്‍ഗീയത സ്ഫുരിക്കുന്ന റാവത്തിന്റെ പ്രസ്താവന ഇതാദ്യമല്ല. സുരക്ഷാ ഉദ്യോഗസ്ഥരെ കല്ലെറിയുന്ന കശ്മീരികളെ ഭീകരരെപ്പോലെ കൈകാര്യം ചെയ്യുമെന്ന അടുത്തിടെയുള്ള പ്രസ്താവം ഏറെ വിവാദമായിരുന്നു. കശ്മീരികളെ മൊത്തം ഭീകരരാക്കി മുദ്ര കുത്തുകയും പ്രകോപിതരാക്കുകയും ചെയ്യുന്ന ഈ പരാമര്‍ശത്തിനെതിരെ കോണ്‍ഗ്രസ്,നാഷനല്‍ കോണ്‍ഫറന്‍സ് കക്ഷികള്‍ ശക്തമായി രംഗത്തു വരികയുണ്ടായി. ദിവസങ്ങള്‍ നീണ്ട സംഘര്‍ഷത്തിന് ഇതു വഴിയൊരുക്കുകയുമുണ്ടായി.
അസമിലെ മുസ്‌ലിംകളെ കുടിയേറ്റക്കാരായി മുദ്രകുത്തി രാജ്യത്ത് നിന്ന് പുറത്താക്കണമെന്നാവശ്യപ്പെടുന്ന ഹിന്ദുത്വ വര്‍ഗീയ ശക്തികള്‍ക്കും ദേശീയ പൗരത്വ രേഖ വഴി അസമിലെ ബംഗഌ മുസ്‌ലിംകളെ പുറത്താക്കാനുള്ള ഭരണകൂടത്തിന്റെ നീക്കങ്ങള്‍ക്കും ശക്തിപകരുന്നതും പുതിയ സംഘര്‍ഷത്തിന് വിത്തിടുന്നതുമാണ് പ്രസ്താവന. 1979-1985 കാലത്ത് സംസ്ഥാനത്ത് അരങ്ങേറിയ ബോഡോ കലാപത്തിന്റെ പാടുകള്‍ ഇന്നും മാഞ്ഞിട്ടില്ല. ബംഗഌദേശില്‍ നിന്നുള്ള കുടിയേറ്റക്കാരെ കണ്ടെത്തി പുറത്താക്കണമെന്നാവശ്യപ്പെട്ടു വംശീയമായ തുടച്ചുമാറ്റല്‍ ലക്ഷ്യമാക്കി ഭരണകൂടത്തിന്റെ ഒത്താശയോടെ അരങ്ങേറിയ ആ പ്രക്ഷോഭത്തില്‍ ആയിരക്കണക്കിന് മുസ്‌ലിംകാണ് കൊല്ലപ്പെട്ടത്. മുസ്‌ലിം സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെ കിരാതമായ കുറ്റകൃത്യങ്ങളും അരങ്ങേറിയതായി കലാപത്തെക്കുറിച്ചു അന്വേഷിച്ച തിവാരി കമ്മീഷന്‍ രേഖപ്പെടുത്തുന്നുണ്ട്. ആ കലാപത്തിന് നേതൃത്വം നല്‍കിയ ശക്തികള്‍ സംസ്ഥാനത്ത് ഇപ്പോഴും സജീവമാണ്. റാവത്തിന്റെ പ്രസ്താവന സംസ്ഥാനത്ത് മത,വംശീയ വിഭാഗങ്ങള്‍ക്കിടയിലെ വിടവുകള്‍ക്ക് അകലം വര്‍ധിപ്പിക്കുമോ എന്ന് ശങ്കിക്കേണ്ടതുണ്ട്.

യഥാര്‍ഥ ഇന്ത്യന്‍ പൗരന്മാരെ തിരിച്ചറിയുകയും, അനധികൃത കുടിയേറ്റക്കാരെ കണ്ടെത്തുകയുമാണ് എന്‍ ആര്‍ സി രേഖ തയ്യാറാക്കുന്നതിന്റെ ലക്ഷ്യമായി സര്‍ക്കാര്‍ പറയുന്നത്. എന്നാല്‍, 2016 ജൂലൈ 19ന് മോദി സര്‍ക്കര്‍ ലോക്‌സഭയില്‍ അവതരിപ്പിച്ച പൗരത്വ ഭേദഗതി ബില്ലില്‍ അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ്, പാക്കിസ്ഥാന്‍ രാജ്യങ്ങളില്‍ നിന്നുള്ള മുസ്‌ലിംകളല്ലാത്ത അനധികൃത കുടിയേറ്റക്കാര്‍ക്ക് ഇന്ത്യന്‍ പൗരത്വത്തിന് അവസരമൊരുക്കുയും ചെയ്യുന്നു. ഇതോടെ മുസ്‌ലിം കുടിയേറ്റക്കാരെ മാത്രം രാജ്യത്ത് നിന്ന് പുറത്താക്കുകയാണ് മോദി സര്‍ക്കാറിന്റെ ലക്ഷ്യമെന്ന് വ്യക്തം. സേനാ മേധാവികള്‍ ഇത്തരം വര്‍ഗീയ നീക്കങ്ങള്‍ക്ക് ശക്തിപകരുന്ന പ്രസ്താവനകള്‍ നടത്തിയാല്‍ രാജ്യത്തിന്റെ ഭാവിയെന്താകും? സൈനിക തലപ്പത്തുള്ളവരുടെ വിവേക രഹിതമായ പ്രസ്താവനകളെ സര്‍ക്കാര്‍ നിയന്ത്രിക്കേണ്ടതുണ്ട്. എന്നാല്‍ റാവത്തിന്റെ പ്രസ്താവനയെക്കുറിച്ച മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന ്”ആരെങ്കിലും എന്തിനെക്കുറിച്ചെങ്കിലും സംസാരിക്കുന്നതിന് ഞാനെന്തിന് പ്രതികരിക്കണ”മെന്നായിരുന്നു കേന്ദ്ര പ്രതിരോധമന്ത്രി നിര്‍മലാ സീതാരാമന്റെ മറുപടി. അത്ര ലാഘവത്തോടെ കാണാമോ സൈനിക മേധാവിയുടെ ഈ പ്രസ്താവന?

Latest