ഈ കാവി നിറത്തെ എനിക്ക് പേടിയാണ്

Posted on: February 26, 2018 6:02 am | Last updated: February 25, 2018 at 11:59 pm

യു പിയിലെ പോലീസ് സ്‌റ്റേഷനുകള്‍ക്ക് കാവി നിറം പൂശിയ വാര്‍ത്ത ദിവസങ്ങള്‍ക്കു മുമ്പ് പത്രമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നുവെങ്കിലും നീരവ് മോദിയുടെയും റോട്ടോമാക് കൊത്താരിയുടെയും ലോണ്‍ വിവാദമുള്‍പ്പെടെയുള്ള ദേശീയ, പ്രാദേശിക വാര്‍ത്താ ചര്‍ച്ചകളാല്‍ കാവിക്കളര്‍ വാര്‍ത്ത നിലംതൊടാതെ പോയി. യു പിയിലെ സര്‍ക്കാര്‍ കാര്യാലയങ്ങള്‍ക്കും ഹജ്ജ് ഹൗസ് ഉള്‍പ്പെടെ സര്‍ക്കാറിന്റെ നിയന്ത്രണത്തില്‍ വരുന്ന സ്ഥാപനങ്ങള്‍ക്കും കാവി നിറം നല്‍കാനാണ് തീരുമാനം. നിയമപാലക കേന്ദ്രങ്ങള്‍ക്കും കാവി ചാര്‍ത്തും. യു പി യിലെ ചരിത്ര സ്മാരകങ്ങള്‍, വിദ്യാലയങ്ങള്‍, സര്‍ക്കാര്‍ ബസ്സുകള്‍ തുടങ്ങി പൊതു ജീവിതവുമായി ബന്ധപ്പെട്ട മുഴുവന്‍ ഇടങ്ങളും കാവിയില്‍ മുക്കാനാണ് യോഗി സര്‍ക്കാര്‍ പദ്ധതി ആവിഷ്‌കരിച്ചിട്ടുള്ളത്. (ലക്‌നോയിലെ ഹജ്ജ് കമ്മിറ്റി ഓഫീസിന് അടിച്ച കാവി നിറം പിന്നീട് വിവാദമായപ്പോള്‍ ക്രീം നിറത്തിലേക്ക് മാറിയിട്ടുണ്ട്).

ഇന്ത്യയെ സമ്പൂര്‍ണമായി ഫാസിസ്റ്റ്‌വത്കരിക്കുന്നതിന് ഏറ്റവും വലിയ തടസ്സമായി നില്‍ക്കുന്നത് മഹാഭൂരിഭാഗം ജന വിഭാഗങ്ങളും അംഗീകരിക്കുകയും ആഗ്രഹിക്കുകയും ചെയ്യുന്ന ബഹുസ്വരത തന്നെയാണ്. ദേശം, ഭാഷ, മതം, ജാതി തുടങ്ങി മനുഷ്യ ജീവിതവുമായി ബന്ധപ്പെട്ട നിരവധി വൈവിധ്യങ്ങളെ കൗതുക പൂര്‍വമോ ജിജ്ഞാസയോടെയോ കണ്ടിരുന്ന പഴയകാല സൗഹൃദാന്തരീക്ഷത്തെ കുടിലതമുറ്റിയ ആസുര വൈകൃതങ്ങളിലേക്കു മാറ്റിപ്പാര്‍പ്പിക്കുക വഴി ഹിന്ദുത്വ സംസ്‌കൃതി പുനരുജ്ജീവിപ്പിക്കുക എന്നതിനപ്പുറം ഫാസിസ്റ്റ് സൈദ്ധാതികതയെ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുകയാണ് ബി ജെ പി ഭരണകൂടം.
മാ നിഷാദയും ആതിഥേയ സംസ്‌കൃതിയും ഗുരുപൂജയും മുഖമുദ്രകളായി വായിക്കപ്പെടുന്ന പൗരാണിക സൈന്ധവ സംസ്‌കൃതിയില്‍ രൂപം കൊണ്ട ഇന്ത്യന്‍ സംസ്‌കാരത്തില്‍ കൊടുംവിഷം കലര്‍ത്തിയാണ് ആര്യ- ഫാസിസ്റ്റ് ബീജാവാഹകര്‍ ആധുനിക ഹിന്ദുത്വം രൂപപ്പെടുത്തിയിട്ടുള്ളത്. ഹിന്ദുത്വത്തിന്റെ ബാനറില്‍ ഇന്ന് അരങ്ങേറുന്ന വംശീയ വെല്ലുവിളികളും ഉന്മൂലനങ്ങളും സൈന്ധവ സംസ്‌കൃതിയിലോ ബ്രിട്ടീഷ് ആഗമനം വരെയുള്ള ചരിത്ര ഭാരതത്തിലോ നടന്നിരുന്നതായി അറിവില്ല. നാട്ടു രാജാക്കന്മാരും ചക്രവര്‍ത്തിമാരും രാഷ്ട്രീയ മോഹങ്ങള്‍ക്ക് വേണ്ടി നടത്തിയിരുന്ന യുദ്ധങ്ങളും കിട മത്സരങ്ങളും മാത്രമാണ് പൗരാണിക ചരിത്രത്തില്‍ യുദ്ധങ്ങളായി വായിക്കപ്പെട്ടിട്ടുള്ളത്. ഒരു മത സമൂഹം എന്ന നിലക്ക് ഏറ്റുമുട്ടാനോ വൈരാഗ്യം വെച്ച് പുലര്‍ത്താനോ പാകത്തില്‍ ഇന്ത്യയിലാകമാനമുള്ള ഹൈന്ദവ സമൂഹത്തിനിടയില്‍ ഇന്ന് കാണുന്ന രൂപത്തില്‍ ‘ഹിന്ദു മതം’ വളര്‍ച്ച പ്രാപിച്ചിരുന്നില്ല എന്നതാണ് വസ്തുത. പുരാണങ്ങളും ഉപനിഷത്തുകളും മികച്ച രചനാ സൃഷ്ടികളായി പിറവി കൊണ്ട പൗരാണിക ഭാരതത്തിന്റെ സര്‍ഗാത്മക ഇടങ്ങളെ ആധുനിക സങ്കുചിത ഫാസിസ്റ്റ് വായനയുമായി ചേര്‍ത്തു നിര്‍ത്താന്‍ ഒരു നിലക്കും സാധ്യമല്ല. ഹിന്ദു പുരാണങ്ങളുമായി ചേര്‍ന്ന് വരുന്ന ആചാരാനുഷ്ഠാന, മത സമ്പ്രദായങ്ങളെ പ്രതീകങ്ങളായി ചേര്‍ത്ത് പാരമ്പര്യ വിശ്വാസികളെ ചൂഷണം ചെയ്താണ് സംഘ്പരിവാര്‍ ഇവിടേക്ക് യൂറോപ്യന്‍ ഫാസിസം ഇറക്കുമതി ചെയ്യുന്നത്.
ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങളില്‍ ഇറ്റലിയില്‍ ബെനിറ്റോ മുസോളിനി പരീക്ഷിച്ചു വിജയിച്ച ഫാസിസ്റ്റ് മോഡല്‍ അതേ രീതിയില്‍ ഇന്ന് ഇന്ത്യയില്‍ ചുവടുറപ്പിക്കുന്നത് കാണാം. പതിനെട്ട്, പത്തൊമ്പതാം നൂറ്റാണ്ടുകളില്‍ യൂറോപ്പില്‍ വ്യാവസായിക വിപ്ലവം ശക്തമാവുകയും തുടര്‍ന്ന് തൊഴിലാളി മുതലാളി എന്നീ രണ്ടു വിഭാഗങ്ങള്‍ സാമൂഹിക ക്രമമത്തില്‍ ശക്തമായി ഇടം പിടിക്കുകയും ചെയ്തു. പൊടുന്നനെ മുതലാളിമാര്‍ ഭീകരമായി ശക്തി പ്രാപിക്കുകയും മേലാള ശീലങ്ങള്‍ അവരെ മദോന്‍മത്തരാക്കി തീര്‍ക്കുകയും ചെയ്തു. ശക്തി പ്രാപിച്ച ഈ മേധാവിത്ത സമ്പ്രദായത്തിനെതിരെ രൂപം കൊണ്ട തൊഴിലാളി മുന്നേറ്റങ്ങള്‍ ശക്തമാകുകയും സോഷ്യലിസത്തിന്റെ കൊടുങ്കാറ്റ് യൂറോപ്പിലെ അധികാര സ്ഥാനങ്ങളെ വിറകൊള്ളിക്കുകയും കമ്യൂണിസം പോലുള്ള സാമൂഹിക സമത്വവാദങ്ങള്‍ രംഗം ഏറ്റെടുക്കുകയും ചെയ്തതാണെല്ലോ കഴിഞ്ഞ ഒന്ന് രണ്ടു നൂറ്റാണ്ടുകളിലെ യൂറോപ്യന്‍ രാഷ്ട്രീയ ചരിത്രം.

ഭീഷണിയായി തീര്‍ന്ന ഈ സോഷ്യലിസ്റ്റുകളെ അടിച്ചമര്‍ത്തുന്നതിനായി തികച്ചും ആസൂത്രിതമായി 1919ല്‍ മുസോളിനി രൂപം കൊടുത്ത സൈനിക സംവിധാനമായിരുന്നു ഫാസിസം. സോഷ്യലിസ്റ്റുകളെ വക വരുത്തുന്നു എന്ന് കേട്ടപ്പോഴേക്കും അന്നത്തെ കുത്തക കോര്‍പറേറ്റ് ഭീമന്മാര്‍ മുസ്സോളിനിക്കൊപ്പം കൂടുകയും ഫാസിസ്റ്റ് സേനയെ കൈയയച്ച് സഹായിക്കുകയും ചെയ്തു. സോഷ്യലിസ്റ്റ്് ആസ്ഥാനങ്ങള്‍ തട്ടി നിരപ്പാക്കിയും കൂട്ടക്കുരുതി നടത്തിയും ഫാസിസ്റ്റുകള്‍ മുന്നേറി. ഈ സമരാവസ്ഥയില്‍ സ്വാഭാവികമായും രാജ്യത്തു വിരുന്നെത്തിയ പട്ടിണിയും തൊഴിലില്ലായ്മയും പാവപ്പെട്ട ജനങ്ങളെ വല്ലാതെ വലച്ചു. അവര്‍ക്കും മോചന മാര്‍ഗം മുസോളിനി തന്നെ തുറന്നു കൊടുത്തു. അങ്ങനെ ഒരേ സമയം കുത്തക മുതലാളിമാരുടെയും പട്ടിണി പാവങ്ങളുടെയും ആരാധ്യ പുരുഷനായി മുസോളിനി വളര്‍ന്നു. തീര്‍ത്തും വൈരുധ്യാത്മകമായ ഈ ഐക്യപ്പെടലാണ് ഇറ്റലിയില്‍ ഫാസിസ്റ്റുകള്‍ക്കു തഴച്ചു വളരാന്‍ വഴിയൊരുക്കിയത്.
ആധുനിക ഇന്ത്യയിലും ഇതിനു സമാനമായ അവസ്ഥകള്‍ നാം കാണുന്നു. ലോകത്തെ മുന്‍നിര കോര്‍പറേറ്റ് ഭീമന്മാരില്‍ വലിയൊരു ശതമാനം ഇന്ന് ഇന്ത്യയിലാണല്ലോ. നരേന്ദ്ര മോദിയെ പ്രധാനമന്ത്രിപദത്തിലേറ്റുന്നതിന്ന് ഇന്ത്യയിലെ കോര്‍പറേറ്റ് ഭീമന്മാര്‍ വഹിച്ച പങ്കും ശേഷം അവരനുഭവിക്കുന്ന ഗുണഫലങ്ങളും വര്‍ത്തമാന ഇന്ത്യയില്‍ വലിയ വിശദീകരണം ആവശ്യമില്ലാത്ത വസ്തുതകളാണ്. തീര്‍ത്തും പ്രഹസന പ്രഖ്യാപനങ്ങള്‍ മാത്രം ആയുധമാക്കി പിന്നോക്ക കീഴാള വിഭാഗം ജനതയെയും ഒപ്പം അണി നിരത്താന്‍ കഴിഞ്ഞു എന്നതാണ് ഇന്ത്യന്‍ ഫാസിസ്റ്റുകള്‍ കൈക്കലാക്കിയ ഏറ്റവും വലിയ വിജയം.
രണ്ടു തരത്തിലുള്ള വിശേഷ വര്‍ത്തമാനങ്ങളാണ് ഫാസിസ്റ്റ് ഭരണത്തില്‍ നിരന്തരം വാര്‍ത്തയായിക്കൊണ്ടിരിക്കുന്നത്. പ്രഖ്യാപന പ്രഹസനങ്ങളിലൂടെ വഞ്ചിക്കപ്പെട്ട സാധാരണക്കാര്‍ പുതിയ സര്‍ക്കാര്‍ തീരുമാനങ്ങളാല്‍ വീണ്ടും വീണ്ടും ക്രൂശിക്കപ്പെടുന്നതും മുമ്പെങ്ങുമില്ലാത്ത വിധം ഇന്ത്യന്‍ കോര്‍പറേറ്റ് ഭീമന്മാര്‍ ഭരണകൂടത്താല്‍ അനധികൃതമായി പരിരക്ഷിക്കപ്പെടുന്നതുമാണ് ആ സവിശേഷ വൃത്താന്തങ്ങള്‍. പൊതു ഖജനാവില്‍ നിന്നും ഓശാരമായി കിട്ടുന്ന കുറെയേറെ മാമൂല്‍ പണം കൊണ്ട് കോര്‍പറേറ്റ് ബന്ധം അരക്കിട്ടുറപ്പിക്കുമ്പോള്‍ പുരാണങ്ങളും ഇതിഹാസങ്ങളും തീര്‍ത്ത ആത്മീയ പാതകളെ പുണരുന്നു എന്ന വ്യാജേനെ വക്രീകരിച്ച ഹിന്ദുത്വ സിദ്ധാന്തങ്ങളുടെ കപടവക്താക്കളായി സാധാരണക്കാരെയും ചേര്‍ത്തു നിറുത്തുന്ന അടവുനയങ്ങളും അരങ്ങേറുന്നു. അങ്ങനെ ഭരണകൂടം കോര്‍പറേറ്റ്‌വത്കരിക്കുകയെന്ന ആത്യന്തിക അവസ്ഥയിലേക്ക് ഇന്ത്യ സഞ്ചരിക്കുന്നു.

ഒരു പ്രത്യേക സമുദായത്തോടുള്ള എതിര്‍പ്പും ഈഗോയും തരിമ്പും ലജ്ജയില്ലാതെ വികസന സമീപനങ്ങളില്‍ പോലും പ്രകടമാക്കുകയും തന്മൂലം നേരിടേണ്ടിവരുന്ന കോടികളുടെ നഷ്ടക്കണക്കുകള്‍ പൊതു ജനങ്ങളുടെ തലയില്‍ കെട്ടിവെക്കുകയും ചെയ്യുന്ന രീതി വളച്ചു കെട്ടില്ലാതെ പറഞ്ഞാല്‍ ശുദ്ധ തെമ്മാടിത്തമാണ്. സംസ്ഥാനങ്ങളില്‍ ഹിന്ദുത്വ ശക്തികള്‍ നടപ്പിലാക്കുന്ന ‘ഗോവധ നിരോധന’ങ്ങള്‍ മനുഷ്യരുടെയും പശുക്കളുടെയും സാധാരണ ജീവിത വ്യവസ്ഥയെ സാരമായി ബാധിക്കുകയും സാമൂഹിക സാമ്പത്തിക പ്രകൃതി മേഖലകളില്‍ പ്രതികൂല ഫലങ്ങള്‍ ഉളവാക്കുകയും ചെയ്തിട്ടുണ്ട്. രാജസ്ഥാന്‍ മുഖ്യമന്ത്രി വസുന്ധരാജെയുടെ ഏറ്റവും പുതിയ പ്രഖ്യാപനം ഇത്തരത്തില്‍ തിടം വെച്ച് വളര്‍ന്ന ഈഗോ പ്രകടനമായി കാണാം. ഗോ ശാലകള്‍ക്കു വേണ്ടി 16 കോടിയാണ് സര്‍ക്കാര്‍ ബജറ്റില്‍ വകയിരുത്തിയിരിക്കുന്നത്. ബി ജെ പി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം കന്നുകാലി കച്ചവടത്തില്‍ ഭീമമായ നഷ്ടം രേഖപ്പെടുത്തി കഴിഞ്ഞു. ഗോവധ നിരോധനം പ്രാബല്യത്തിലുള്ളത് കൊണ്ട് തന്നെ പൊതു ജന ജീവിതം ദുരിതമാക്കും വിധം നിരത്തില്‍ കാളകളും പശുക്കളും യഥേഷ്ടം വിഹരിക്കുന്നു. 2010- 11 വര്‍ഷങ്ങളില്‍ 31,299 കന്നുകാലികള്‍ വിറ്റു പോയിടത്തു 2016- 17 കാലയളവില്‍ കേവലം 2973 കാളകളുടെ കച്ചവടം മാത്രമാണ് നടന്നിട്ടുള്ളത്. പൊഹ്‌ലുഖാനും അഖ്‌ലാഖും ജുനൈദും അരുംകൊലചെയ്യപ്പെട്ട കലുഷിതമായ സാമൂഹികാന്തരീക്ഷത്തില്‍ അതൊരു ഉപജീവനമാര്‍ഗമായി കൊണ്ടുപൗകാന്‍ ആര്‍ക്കാണ് ധൈര്യം വരിക?

പ്രശസ്ത ബോളിവുഡ് സംവിധായിക ദീപ മേത്തക്ക് വാട്ടര്‍ സിനിമയുടെ ചിത്രീകരണ സമയത്തുണ്ടായ ദുരനുഭവം മകളും പ്രശസ്ത പത്രപ്രവര്‍ത്തകയുമായ ദേവയാനി സാള്‍ട്‌സ്മാന്‍ തന്റെ ഷൂട്ടിംഗ് വാട്ടര്‍ എന്ന പുസ്തകത്തില്‍ തുറന്നെഴുതി: ‘വാരാണസിയില്‍ ഷൂട്ടിംഗിന് മുമ്പ് അന്നത്തെ ആര്‍ എസ് എസ് സംഘ് ചാലക് സുദര്‍ശനോട് മുന്‍കൂര്‍ സമ്മതം ചോദിച്ചില്ല എന്ന കുറ്റം ചാര്‍ത്തി സംഘ്പരിവാര്‍ സംഘങ്ങള്‍ സിനിമാ സെറ്റിലെത്തി പരാക്രമം സൃഷ്ടിക്കുകയും ഷൂട്ടിംഗ് സാമഗ്രികള്‍ ഗംഗയിലെറിയുകയും ചെയ്തു. ഗത്യന്തരമില്ലാതെ അമ്മ സുദര്‍ശനെ അദ്ദേഹത്തിന്റെ കാര്യാലയത്തില്‍ പോയി കണ്ടു. എന്റെ അമ്മയുടെ അടുത്തുവന്നു സംസാരം തുടങ്ങുന്നതിനു മുമ്പ് സുദര്‍ശന്‍ ശുദ്ധമായ ഇറ്റാലിയന്‍ ഭാഷയില്‍ കവിത ഉരുവിടുന്നുണ്ടായിരുന്നു.’ ഹിന്ദുത്വ സംരക്ഷണത്തിന്റെ ഉത്തരവാദിത്വ ബോധം ചമയുമ്പോഴും മനസ്സില്‍ സൂക്ഷിക്കുന്ന യൂറോപ്യന്‍ ആര്യ ഫാസിസം ഓരോ സംഘ് പരിവാറുകാരനെയും ഏതു തരത്തില്‍ ആവേശഭരിതനാക്കുന്നുവെന്ന് ഇത് വ്യക്തമാക്കുന്നു.
ബ്രാഹ്മണിസം പൗരാണിക ഇന്ത്യയില്‍ നടപ്പിലാക്കിയ സാമൂഹിക അസമത്വങ്ങള്‍ കുപ്രസിദ്ധമാണെല്ലോ. ബ്രാഹ്മണ്യ സംസ്‌കാരം നില നില്‍ക്കുകയും ഹിന്ദു മതം രൂപം പ്രാപിക്കാതിരിക്കുകയും ചെയ്തിരുന്ന ആ കാല ഘട്ടത്തില്‍ പ്രത്യേക വിശേഷങ്ങളൊന്നുമില്ലാതെ കീഴാള ജാതിക്കാര്‍ നിരന്തരം പീഡിപ്പിക്കപ്പെട്ടു. പൗരോഹിത്യ സംസ്‌കരം ഈ അനീതിയുടെ വാഹകരായി. ഒരു ഭാഗത്തു നിന്നും കാര്യമായ എതിര്‍പ്പുകളൊന്നും ഉയര്‍ന്നു വരാത്തതിനാല്‍ ബ്രാഹ്മണ്യ മേധാവിത്വ സംസ്‌കാരം നൂറ്റാണ്ടുകളോളം ഇന്ത്യയില്‍ ഇത്തരത്തില്‍ നില നിന്ന് പോന്നു. ചോദ്യം ചെയ്യപ്പെടാത്ത ഈ ബ്രാഹ്മണ്യ ശക്തിയെ കൂട്ടുപിടിച്ചാണ് പത്തൊമ്പത്, ഇരുപത് നൂറ്റാണ്ടുകളിലായി ഫാസിസ്റ്റുകള്‍ ഇന്ത്യയില്‍ ശക്തി പ്രാപിച്ചത്.
അത്‌കൊണ്ട് അവര്‍ മുന്നോട്ട് വെക്കുന്ന കാവി ഇന്ത്യന്‍ പാരമ്പര്യത്തിന്റെ നിറമല്ല. മറിച്ച് യൂറോപ്യന്‍ ഫാസിസത്തിന്റെ ഇന്ത്യന്‍ നിറമാണ്. നിഷ്‌കാമകര്‍മിയായ യോഗിയുടുത്ത കാവിയല്ല ശാഖയിലെ കാവി. തീരെ ചെറിയ പ്രായം മുതല്‍ കാവിയണിയിച്ചു ശാഖയില്‍ ഉരുക്കഴിച്ചെടുക്കുന്നത് ഫാസിസ്റ്റ് മന്ത്രങ്ങളാണ്. അഞ്ച് വയസ്സ് മുതല്‍ തുടങ്ങുന്ന കാവി ധാരണം അകത്തും പുറത്തും പരജീവി വിദ്വേഷവും വെറുപ്പിന്റെ കപട ദേശീയ ചിന്താഗതിയും നട്ടു വളര്‍ത്തുകയാണ് ചെയ്യുന്നത്. ചെറുപ്രായത്തില്‍ ആശയ പരിശീലനം തുടങ്ങുകയെന്നത് മുസ്സോളിനിയുടെ കാലത്തെ ഇറ്റാലിയന്‍ വിദ്യാഭ്യാസ മന്ത്രിയും ഫാസിസ്റ്റ് സൈദ്ധാന്തികനുമായ ജിയോവാനി ജെന്റൈലിന്റെ ആശയമാണ്. ‘ആറാം വയസ്സില്‍ പൗരനെ പിടികൂടുക. പതിനാറാം വയസ്സില്‍ പുതിയൊരു മനുഷ്യനാക്കി സമൂഹത്തിനു തിരിച്ചേല്‍പ്പിക്കുക’ ഇതായിരുന്നു അദ്ദേഹത്തിന്റെ പ്രഖ്യാപനം. കാവി ഇന്ന് വെറുമൊരു നിറമല്ല. അത് പേടിപ്പെടുത്തുന്ന നിറമാണ്. വര്‍ഗീയതയും അക്രമോത്സുക ദേശീയതയും അന്യവത്കരണവും കൂട്ടിക്കുഴച്ച് സൃഷ്ടിച്ച നിറം.