Connect with us

Gulf

ദോഹ-കൊച്ചി റൂട്ടില്‍ കൂടുതല്‍ എക്‌സ്പ്രസ് വിമാനങ്ങള്‍

Published

|

Last Updated

ദോഹ: കൊച്ചിയിലേക്കും തിരിച്ച് ദോഹയിലേക്കും സര്‍വീസുകള്‍ ഉയര്‍ത്താന്‍ എയര്‍ ഇന്ത്യാ എക്‌സ്പ്രസ്. ആഴ്ചയില്‍ മൂന്നു സര്‍വീസുകളാണ് വര്‍ധിപ്പിക്കുന്നത്. മാര്‍ച്ച് 25 മുതല്‍ ഒക്‌ടോബര്‍ 28 വരെയാണ് വര്‍ധിപ്പിച്ച വിമാനങ്ങളുടെ സര്‍വീസ്. അവധിക്കാലതിരക്ക് മുന്നില്‍ കണ്ടാണ് തീരുമാനം. ഇന്ത്യന്‍ എംബസി അധികൃതര്‍ ട്വിറ്ററിലാണ് പുതിയ വിമാന സര്‍വീസ് അറിയിച്ചത്.
ഇതോടെ ഇപ്പോള്‍ കൊച്ചിയില്‍ നിന്നും ദോഹയിലേക്ക് ആഴ്ചയില്‍ നാലു സര്‍വീസുകള്‍ മാത്രമുള്ളത് അടുത്ത മാസം 25 മുതല്‍ പ്രതിദിന സര്‍വീസായി ഉയരും. ഐ എക്‌സ് 0475 വിമാനം രാത്രി 11.30ന് കൊച്ചിയില്‍നിന്ന് പുറപ്പെട്ട് പിറ്റേന്ന് പുലര്‍ച്ചെ 1.15ന് ദോഹയില്‍ ഇറങ്ങും. പുലര്‍ച്ചെ 2.15ന് ഇവിടെ നിന്നും പുറപ്പെടുന്ന വിമാനം രാവിലെ 9.10ന് തിരിച്ച് കൊച്ചിയിലെത്തും.
കേരളത്തിലേക്ക് കൂടുതല്‍ വിമാന സര്‍വീസുകളുണ്ടാകുന്നത് പ്രവാസി മലയാളികള്‍ക്ക് ഏറെ സഹായകമാകും. ഉപരോധത്തിന്റെ പശ്ചാത്തലത്തില്‍ യു എ ഇ വിമാനങ്ങള്‍ ഇല്ലാതായതോടെ കേരളത്തിലേക്ക് യാത്രാ മാര്‍ഗങ്ങള്‍ കുറയുകയും നിരക്ക് ഉയരാന്‍ ഇടയാക്കുകയും ചെയ്തിരുന്നു. ഇപ്പോള്‍ നേരിട്ട് സര്‍വീസ് നടത്തുന്ന ഇന്ത്യന്‍ വിമാനക്കമ്പനികളും ഖത്വര്‍ എയര്‍വേയ്‌സും നടത്തുന്ന നേരിട്ടുള്ള സര്‍വീസുകള്‍ക്കു പുറമേ ഒമാന്‍ എയറും കുവൈത്ത് എയര്‍വേയ്‌സും മാത്രമാണ് ഖത്വര്‍ പ്രവാസികള്‍ക്ക് ആശ്രയിക്കാവുന്ന വിമാനങ്ങള്‍. നേരത്തേ എമിറേറ്റ്‌സ്, എയര്‍ അറേബ്യ, ഇത്തിഹാദ് തുടങ്ങിയ വിമാനങ്ങള്‍ കുറഞ്ഞ നിരക്കില്‍ സര്‍വീസ് നടത്തിയിരുന്നു.

Latest