കേരള കോണ്‍ഗ്രസ് കോണ്‍ഗ്രസിനേക്കാള്‍ അഴിമതിക്കാരല്ല: കോടിയേരി

Posted on: February 25, 2018 6:48 pm | Last updated: February 26, 2018 at 9:36 am

തൃശൂര്‍: കേരള കോണ്‍ഗ്രസ് കോണ്‍ഗ്രസിനേക്കാള്‍ അഴിമതിക്കാരല്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.

കോണ്‍ഗ്രസിനോടുള്ള രാഷ്ട്രീയനയമല്ല കേരള കോണ്‍ഗ്രസിനോട് സ്വീകരിക്കുന്നത്. സിപിഐ നിഴല്‍യുദ്ധം നടത്തേണ്ട. തര്‍ക്കങ്ങളുണ്ടെങ്കില്‍ നേരിട്ടുപറയാം. എല്‍ഡിഎഫിലേക്ക് വരുന്നു എന്ന് മാണി പറഞ്ഞിട്ടില്ല. പറയുമ്പോള്‍ മാത്രം ചര്‍ച്ചയാകാമെന്നും സിപിഐഎം സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.

കേരള കോണ്‍ഗ്രസിനോടുളള നിലപാട് സിപിഐഎം ഇതുവരെ ചര്‍ച്ച ചെയ്തിട്ടില്ല. പിബി അനുമതിയോടെയേ അതു ചര്‍ച്ച ചെയ്യാനാകൂ. അങ്ങനെ ചര്‍ച്ച വന്നാല്‍ സിപിഐയുടെയും മറ്റു ഘടകകക്ഷികളുടെയും അഭിപ്രായം ചോദിക്കും. സിപിഐഎം ഒറ്റയ്ക്കു തീരുമാനമെടുക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

യുഡിഎഫിനെ ശിഥിലമാക്കുകയാണ് സിപിഐഎമ്മിന്റെ ലക്ഷ്യം. മാര്‍ക്‌സിസ്റ്റ് വിരുദ്ധമുന്നണിക്ക് കേരളത്തില്‍ പ്രസക്തിയില്ല. കോണ്‍ഗ്രസുമായി രാഷ്ട്രീയകൂട്ടുകെട്ട് അസാധ്യമാണെന്നും നയപരമായ യോജിപ്പില്ലെന്നും കോടിയേരി പറഞ്ഞു.