Connect with us

Wayanad

കാര്‍ഷിക സംസ്‌കൃതിയുടെ നേര്‍ക്കാഴ്ചയായി വിത്തുത്സവം

Published

|

Last Updated

പുത്തൂര്‍വയല്‍: കാലാവസ്ഥാ വ്യതിയാനത്തെ അതിജീവിക്കാന്‍ പ്രാദേശിക വിത്തുബാങ്കുകള്‍ എന്ന സന്ദേശവുമായി വയനാട് എം എസ് സ്വാമിനാഥന്‍ ഗവേഷണ കേന്ദ്രത്തില്‍ നടന്നു വരുന്ന വിത്തുല്‍സവം നാടന്‍ വിളകളുടെ വിസ്മയലോകം തീര്‍ത്തു.

നാടന്‍ രീതിയില്‍ തയ്യാറാക്കിയ വിത്തുപുര പരമ്പരാഗത വിത്തുകളുടെയും മറ്റു നടീല്‍ വസ്തുക്കളുടെയും കാര്‍ഷീക ഉല്‍പ്പന്നങ്ങളുടെയും വൈവിധ്യം കൊണ്ടും ശ്രദ്ധേയമായി. അന്യം നിന്നു പോകുന്ന വിത്തുകള്‍ ഓര്‍ത്തുവെച്ച് വയനാട് ജില്ലക്കു പുറമെ കണ്ണൂര്‍, കാസര്‍ഗോഡ്,ജില്ലകളും തമിഴ്‌നാട് നീലഗിരിയും ഒന്നിനൊന്ന് മെച്ചമായി വിത്ത് വിള വിസ്മയം വിരിയിച്ചുകൊണ്ട് വിത്ത് പുര സമ്പുഷ്ടമാക്കി. വിത്തുല്‍സവം കാണാന്‍ കര്‍ഷകരും, വിദ്യാര്‍ഥികളും ഒഴുകിയെത്തി. അന്യം നിന്നുപോയ വിത്തുകളും ചെടികളും ഫലമൂലാദികളും കാണാനും, വാങ്ങാനും സ്റ്റാളുകളില്‍ നല്ല തിരക്കാനുഭവപ്പെട്ടു. വിത്തുല്‍സവത്തോടനുബന്ധിച്ച് വയനാട്ടിലെയും,തൃശ്ശൂരിലെയും സ്ത്രീ സംരംഭകരുടെ പോഷക ഭക്ഷ്യ മേളയും കുടുംബശ്രീ പ്രവര്‍ത്തകരുടെ ഭക്ഷ്യോല്‍പ്പന്നങ്ങളും വിത്തുല്‍സവമേളക്ക് മാറ്റുകൂട്ടി.

വിത്തുല്‍സവത്തോടനുബന്ധിച്ച് നടത്തിയ സെമിനാറില്‍ വിത്ത് സംരക്ഷണത്തിനായി എല്ലാ പഞ്ചായത്തുകളിലും വിത്തുബാങ്കുകളുണ്ടാവണമെന്ന് എം എസ് സ്വാമിനാഥന്‍ ഗവേഷണ നിലയത്തില്‍ സംഘടിപ്പിച്ച സെമിനാര്‍ അഭിപ്രായപ്പെട്ടു. കര്‍ഷകരുടെ നൂതന കണ്ടുപിടുത്തങ്ങളും അവയുടെ ബൗദ്ധീക സ്വത്തവകാശവും എന്ന വിഷയത്തില്‍ ഡോ.വി.വിജയകുമാര്‍(ജില്ലാ ജഡ്ജി), ഡോ. പി രാജേന്ദ്രന്‍, ഡോ. ടി എസ് സോമലത മോളി എന്നിവര്‍ ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കി. കാര്‍ഷിക ജൈവവൈവിധ്യ സംരക്ഷണം ശാസ്ത്രം നയം രാഷ്ട്രീയം എന്ന സെമിനാറില്‍ ഡോ.എന്‍.അനില്‍ കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. കേരള കാര്‍ഷിക സര്‍വ്വകലാശാലയിലെ ഡോ.ജിജി ജോസഫ്, എന്‍.പി.ബി.ജി.ആര്‍.ഐ. സയന്റിസ്റ്റ് ഡോ.അബ്ദുള്‍ നിസാര്‍, ഐ.എച്ച്.ആര്‍. ബാഗ്ലൂര്‍ സീനിയര്‍ സയന്റിസ്റ്റ് ഡോ.പി.രാജശേഖരന്‍ എന്നിവര്‍ വിഷയം അവതരിപ്പിച്ചു. ചെറുവയല്‍ രാമന്‍, കെ.വി.ദിവാകരന്‍, വിജയന്‍, ടി.സി. ജോസഫ് വാസവന്‍ കണ്ണൂര്‍ എന്നിവര്‍ സംസാരിച്ചു. സെമിനാര്‍ കോഓര്‍ഡിനേറ്റര്‍ വി.വി.ശിവന്‍ സ്വാഗതം പറഞ്ഞു..