Kerala
ആദിവാസി യുവാവിന്റെ കൊലപാതകം അത്യന്തം അപലപനീയം: കാന്തപുരം

കോഴിക്കോട്: അട്ടപ്പാടിയില്‍ ആദിവാസി യുവാവിനെ മര്‍ദിച്ചുകൊലപ്പെടുത്തിയ സംഭവം അത്യന്തം അപലപനീയമെന്ന് സമസ്തകേരള സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ പ്രസ്താവിച്ചു.
കൃത്യത്തില്‍ പങ്കാളികളായവര്‍ മധുവിനോട് പെരുമാറിയതിന്റെ ദൃശ്യങ്ങള്‍ ഭീതിപ്പെടുത്തുന്നതാണെന്നും അക്രമം നടക്കുമ്പോള്‍ സെല്‍ഫിയെടുക്കുന്നതും ആഹ്ലാദിക്കുന്നതും മനുഷ്യത്വം അപ്രത്യക്ഷമാവുന്നത്തിന്റെ ഉദാഹരണങ്ങളാണെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കി.
ദുര്‍ബലരുടെയും പാവങ്ങളുടെയും കൂടെ നില്‍ക്കുന്നവരാകണം മനുഷ്യരെന്നും കൂടെയുള്ളവരെ വെട്ടിക്കൊല്ലുന്ന, തല്ലിക്കൊല്ലുന്ന സംഭവങ്ങള്‍ ഇനിയൊരിക്കലും ഉണ്ടാവാതിരിക്കട്ടെയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം……
അട്ടപ്പാടിയില്‍ ആദിവാസി യുവാവിനെ മര്‍ദിച്ചു കൊലപ്പെടുത്തിയ സംഭവം അത്യന്തം അപലപനീയമാണ്. ദുര്‍ബലരുടെയും പാവങ്ങളുടെയും കൂടെ നില്‍ക്കുന്നവരാകണം മനുഷ്യര്‍. കൃത്യത്തില്‍ പങ്കാളികളായവര്‍ മധുവിനോട് പെരുമാറിയതിന്റെ ദൃശ്യങ്ങള്‍ ഭീതിപ്പെടുത്തുന്നതാണ്. ആ അക്രമം നടക്കുമ്പോള്‍ പിന്നില്‍ നിന്ന് സെല്‍ഫിയെടുക്കുന്നതും ആഹ്ലാദിക്കുന്നതും മനുഷ്യത്വം അപ്രത്യക്ഷമാവുന്നത്തിന്റെ പ്രകടമായ ഉദാഹരണങ്ങളാണ്. നിയമം കയ്യിലെടുക്കുന്നത് രാജ്യത്തിന്റെ നിയമ സംവിധാനത്തോട് ചെയ്യുന്ന ധിക്കാരമാണ് . കേരളീയര്‍ക്ക് സഹജീവി സ്‌നേഹത്തിന്റെ അഭിമാനകമായ പാരമ്പര്യമാണുള്ളത്. കൂടെയുള്ളവരെ വെട്ടിക്കൊല്ലുന്ന, തല്ലിക്കൊല്ലുന്ന സംഭവങ്ങള്‍ ഇനിയൊരിക്കലും ഉണ്ടാവാതിരിക്കട്ടെ.
മനുഷ്യര്‍ കൈനീട്ടുന്നത് വിശപ്പിന്റെ ആധിക്യം കൊണ്ടാണ്. കൂടെപ്പിറപ്പുകളുടെ സങ്കടങ്ങള്‍ തീര്‍ക്കാനാണ്. കഴിയുന്ന സഹായങ്ങള്‍ നമ്മള്‍ ചെയ്യണം. ഇല്ലെങ്കില്‍ ഒരാളുടെ അഭിമാനത്തെ മുറിപ്പെടുത്താതിരിക്കാനുള്ള സന്മനസ്സെങ്കിലും ഉണ്ടാകണം. അങ്ങനെയാവുമ്പോള്‍ അല്ലേ മനുഷ്യന് വിശിഷ്ടത കൈവരുന്നുള്ളൂ.