Connect with us

Articles

അല്‍ മവാഹിബുല്‍ ജലിയ്യ: ഹൃദയം ജയിച്ച കവിത

Published

|

Last Updated

സാരസമ്പൂര്‍ണമായ സദുപദേശങ്ങളും വൈജ്ഞാനിക മുത്തുകളും കോര്‍ത്തിണക്കി തഴവ മുഹമ്മദ് കുഞ്ഞ് മൗലവി രചിച്ച സൂഫീ ഖണ്ഡകാവ്യമാണ് അല്‍ മവാഹിബുല്‍ ജലിയ്യ. വിശ്വാസി ഹൃദയങ്ങളില്‍ ഉരുവം പ്രാപിക്കുന്ന അപചയങ്ങളെ അനാവരണം ചെയ്യുകയും അവക്കുള്ള പ്രതിവിധികള്‍ യഥോചിതം അനുവാചകരെ ബോധ്യപ്പെടുത്തുകയും ചെയ്യുന്ന ജനപ്രിയ ആഖ്യാന രീതിയാണ് അല്‍ മവാഹിബൂല്‍ ജലിയ്യയുടെ പ്രധാന ആകര്‍ഷണീയത. കേരളീയ സാംസ്‌കാരിക ഭൂപടത്തില്‍ ഹിദായത്തുല്‍ അദ്കിയാഇലൂടെ സൈനുദ്ദീന്‍ മഖ്ദൂമും മുഹ്‌യുദ്ദീന്‍ മാലയിലൂടെ ഖാളി മുഹമ്മദും പതിനാറാം നൂറ്റാണ്ടില്‍ പ്രാരംഭം കുറിച്ച ആധ്യാത്മിക മുന്നേറ്റത്തിന്റെ ആധുനിക ആവിഷ്‌കാരമാണ് ഈ കാവ്യസമാഹാരം.

അറിവിന്റെ ജനാധിപത്യവത്കരണമാണല്ലോ ഇസ്‌ലാമിന്റെ മുഖമുദ്ര. പൂര്‍വികര്‍ പഠിപ്പിച്ച ഈ പാഠത്തെ തനിമ ചോരാതെ പ്രഭാഷണങ്ങളിലൂടെയും രചനകളിലൂടെയും പൊതു സമൂഹത്തിന് പകര്‍ന്നു നല്‍കുന്നതായിരുന്നു തഴവ ഉസ്താദിന്റെ ജീവിതം. ഏറെ നാള്‍ നീണ്ടു നില്‍ക്കുന്ന പാതിരാ വഅളുകളിലൂടെയാണ് മഹാനവര്‍കള്‍ ജന മനസ്സുകളില്‍ പേരു സിദ്ധിച്ചത്. പറഞ്ഞുറപ്പിച്ച സമയത്ത് തന്നെ വേദിയിലെത്തും, നല്‍കിയ വിഷയത്തിലൂന്നി മാത്രം അവതരണം നടത്തും, ദീന്‍ ആരുടെ മുഖത്ത് നോക്കിയും പറയും, കൊടുക്കുന്നത് ഭക്ഷിക്കും, ആരെയും പേരെടുത്ത് വിമര്‍ശിക്കില്ല, ആതിഥേയര്‍ ഒരുക്കുന്ന സൗകര്യങ്ങളെത്ര കുറഞ്ഞാലും പരിഭവങ്ങളേതുമില്ല. പക്ഷേ നിബന്ധന ഒന്നു മാത്രം. അന്തിയുറക്കം അല്ലാവിന്റെ ഭവനത്തിലാകണം. ആത്മീയതയിലൂന്നിയ ഇത്തരം ലളിതമായ ചിട്ടകളിലൂടെയായിരുന്നു തഴവ സ്വയം പ്രകാശിച്ചതും ഇഷ്ട ജനങ്ങളുടെ ഖല്‍ബകങ്ങളില്‍ നിറസാന്നിധ്യമായി മാറിയതും. കാവ്യാത്മകമായ ഇത്തരം ജീവിത ശൈലികളുടെ അക്ഷരാവിഷ്‌കാരമാണ് മവാഹിബുല്‍ ജലിയ്യ.

ഇരുപത്തിരണ്ടായിരം വരികളാണ് അല്‍ മവാഹിബുല്‍ ജലിയ്യയിലുള്ളത്. വിശുദ്ധ ഖുര്‍ആന്റെ മഹത്വങ്ങളില്‍ നിന്നു തുടങ്ങി സ്വര്‍ഗീയ ആരാമത്തിലെ വിശേഷങ്ങള്‍ വരെ ചര്‍ച്ച ചെയ്യുന്ന ഗ്രന്ഥം 154 അധ്യായങ്ങളിലായാണ് കോര്‍വ്വ ചെയ്യപ്പെട്ടിട്ടുള്ളത്.
ഭാഷാ പ്രയോഗങ്ങളുടെ ലാളിത്യം, ജനപ്രിയമായ പ്രാസഘടന, ഒറ്റനോട്ടത്തില്‍ തന്നെ മനസ്സിലാക്കാവുന്ന അവതരണ ഭംഗി തുടങ്ങിയ സവിശേഷതകള്‍ ആഖ്യാന ഭാരങ്ങളില്ലാതെ ഓരോ അധ്യായവും ആസ്വദിക്കാന്‍ വായനക്കാരെ പ്രാപ്തരാക്കുന്നു. ഗ്രന്ഥരചനയുടെ രീതിശാസ്ത്രത്തെപ്പറ്റി തഴവ ഉസ്താദ് പ്രാരംഭത്തില്‍ നല്‍കിയ വിശദീകരണത്തില്‍ നിന്ന് ഇക്കാര്യം വ്യക്തമാവും.
“ഫിഖ്ഹും അഖീദ: തസവ്വുഫും പല തത്ത്വവും
ഉള്‍ക്കൊണ്ടതാണിത് മാത്രമല്ല ചരിത്രവും
അറബില്‍ പദം ഇടയില്‍ കടന്നിട്ടുള്ളതാ
അക്കം കൊടുത്തതിനര്‍ഥവും വിവരിച്ചിട്ടുള്ളതാ
റജസിന്റെ രീതിയിലാണ് പോക്കതിനുള്ളത്
ഹൃദിസ്ഥമാക്കാനും അതാ വഴി നല്ലത്. ”
പ്രമാണബദ്ധമാണ് മവാഹിബിലെ വിഷയ സമര്‍ഥനങ്ങളോരോന്നും. കാര്യം പറയുന്നതോടൊപ്പം ഇതാ ആര്‍ക്കും നിഷേധിക്കാനാവാത്ത തെളിവു കൂടി ഇവിടെയുണ്ട് എന്ന് ഓരോ ഘട്ടത്തിലും കവി വായനക്കാരെ ഉണര്‍ത്തുകയും ചെയ്യുന്നു.

“നിസ്‌കാര ശേഷം ഓതുമേ നബിയെന്ന്
അബൂസഈദില്‍ ഖുദ്‌രിയും പറയുന്ന്
സിറാജുല്‍ മുനീറില്‍ നോക്ക് രണ്ടില്‍ വന്നതാ
ഇരുപത്തിയഞ്ചാം പേജതില്‍ കാണുന്നതാ..”
വായന ക്രമാനുഗതമായി പുരോഗമിക്കുന്നതോടെ കവിതയിലെ പ്രമേയങ്ങളോരോന്നും ജീവിതത്തോട് ചേര്‍ത്തു വെക്കേണ്ടവയാണെന്ന ഓര്‍മപ്പെടുത്തലുകളും മനോഹരമായി ഉസ്താദ് വരികള്‍ക്കിടയില്‍ തുന്നിച്ചേര്‍ത്തിട്ടുണ്ട്. “ഓര്‍ക്കണേ, ഓര്‍ക്കേണ്ടതാ, പാലിക്കണേ, ഫലമുള്ളതാ, ശരിയല്ലാ, പാടില്ല തീരെയും” തുടങ്ങിയ പദാവലികള്‍ അന്ത്യാക്ഷര ഭാവങ്ങളായി ക്രമീകരിച്ചത് ഭക്തി സാന്ദ്രമായ ഒരു അനുഭവതലം വായനക്കാര്‍ക്ക് സമ്മാനിക്കുന്നുണ്ട്.

മരണവും പരലോകജീവിതവും ഇതിവൃത്തമാക്കി ക്രോഡീകരിച്ചവയാണ് മവാഹിബുല്‍ ജലിയ്യയിലെ പല അധ്യായങ്ങളും. പാതിരാ വഅളുകളിലും മതവിജ്ഞാന വേദികളിലും വന്‍ സ്വീകാര്യതയാണ് ഇത്തരം ഈരടികള്‍ക്ക് ലഭിച്ചിരുന്നത്. “ഖബ്‌റെന്നു കേട്ടാല്‍ തത്ക്ഷണം ഞെട്ടേണ്ടതാ, കണ്ടാലുടന്‍ വാവിട്ട് നീ കരയേണ്ടതാ, മേടക്കുപകരം മാളമാ സുബ്ഹാനാ റബ്ബീ അതില്‍ കിടക്കേണ്ടതാണ് സമാനാ..” വഅളുകളിലൂടെ പാടിക്കേട്ട ഇത്തരം വരികള്‍ ശ്രോദ്ധാക്കളുടെ മനം കവര്‍ന്നതോടെ മാഹിബുല്‍ ജലിയ്യയുടെ ജനകീയത വര്‍ധിച്ചു.

ദാന ധര്‍മങ്ങളിലെ പ്രകടനപരത, ജന സേവനം, ജോലിക്ക് അര്‍ഹമായ വേതനം നല്‍കാതിരിക്കല്‍, പൊതുമുതല്‍ നശിപ്പിക്കല്‍, ധൂര്‍ത്ത്, വിവാഹ വേളകളിലെ ആര്‍ഭാടം തുടങ്ങി ഒട്ടനേകം വിഷയങ്ങളിലെ മതകീയ കാഴ്ചപ്പാടുകള്‍ അവതരിപ്പിച്ച് വിശ്വാസികളെ സാമൂഹിക പ്രതിബദ്ധതയുള്ളവരാക്കാനുള്ള കവിയുടെ ശ്രമം ഏറെ ശ്ലാഘനീയമാണ്. “പൊതുമുതല്‍ വെട്ടിത്തിന്നു എന്നാല്‍ നരകമില്‍ / കടക്കുന്നതാണവന്‍ എന്നു വന്നു ഹദീസതില്‍ / കൈക്കൂലി വാങ്ങല്‍ കുറ്റമാണ് നിഷിദ്ധമാ/അതുപോലെ തന്നെ കൊടുക്കലും അന്യായമാ”, “സൗജും വലിയും സാക്ഷികള്‍ രണ്ടെണ്ണവും / ഉണ്ടെന്നു വന്നാല്‍ തീര്‍ന്നെടോ കല്യാണവും / കാര്യത്തിനുമതി എന്നു വന്നാല്‍ പിന്നെ / ആര്‍ഭാടത്തിന്റാവശ്യമെന്തിന് പൊന്നേ” തുടങ്ങിയ വരികളിലൂടെ സമൂഹത്തില്‍ വ്യാപിച്ചുകൊണ്ടിരിക്കുന്ന അരുതായ്മകളെ വിപാടനം ചെയ്യാനുള്ള ധീരമായ അഭിവാഞ്ജ കൂടി കവി പലയിടങ്ങളിലായി പ്രകടിപ്പിക്കുന്നുണ്ട്. കേരളീയ സമൂഹം ഇത് ഉള്‍ക്കാഴ്ചയോടെ ചര്‍ച്ച ചെയ്യേണ്ടതുണ്ട്. കലാലയം സാംസ്‌കാരിക വേദിയുടെ കീഴില്‍ നാല് കേന്ദ്രങ്ങളില്‍ ഇന്നും നാളെയും അല്‍മവാഹിബുല്‍ജലിയ്യ സാഹിത്യം, പ്രമേയം, ആത്മീയത എന്ന വിഷയത്തില്‍ പഠന സംഗമങ്ങള്‍ നടക്കുന്നുണ്ട്.

കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളി താലൂക്കില്‍ തഴവാ എന്ന ഗ്രാമത്തില്‍ പള്ളാര്‍ശ്ശേരി തറവാട്ടില്‍ അബ്ദുല്‍ ഖാദിര്‍ കുഞ്ഞ്-ഫാത്തിമാ ദമ്പതികളുടെ മകനായി 1921 ആഗസ്റ്റ് 10നാണ് തഴവാ മുഹമ്മദ് കുഞ്ഞി മൗലവിയുടെ ജനനം. മത-ഭൗതിക-വൈജ്ഞാനിക രംഗത്തെ പ്രാഥമിക ഘട്ടം പൂര്‍ത്തീകരിച്ച ശേഷം നീര്‍ക്കുന്നം ഹമീദ് മുസ്‌ലിയാര്‍, കോടഞ്ചേരി അബദുര്‍റഹ്മാന്‍ മുസ്‌ലിയാര്‍ എന്നിവര്‍ക്ക് കീഴില്‍ തുടര്‍പഠനം നടത്തി. കായംകുളം ഹസനിയയിലായിരുന്നു അടുത്ത പഠന സപര്യ. ശൈഖുനാ ആമക്കാട് തഖിയുദ്ധീന്‍ മുസ്‌ലിയാരായിരുന്നു അവിടത്തെ പ്രധാന ഗുരു. നിത്യവും രാവിലെയും വൈകിട്ടും സൈക്കിളില്‍ സഞ്ചരിച്ചായിരുന്നു മുഹമ്മദ് കുഞ്ഞി മൗലവി ഹസനിയയിലെത്തിയിരുന്നതെന്ന് പഴമക്കാര്‍ പറയുന്നു.

ബാല്യകാലത്ത് തന്നെ വായനാപ്രിയനായിരുന്ന തഴവ തന്റെ പതിനെട്ടാം വയസില്‍ മള്ഹറുല്‍ അതമ്മ് ബി ബര്‍സഖില്‍ അഹമ്മ് എന്ന പ്രവാചക പ്രകീര്‍ത്തന കാവ്യം രചിച്ചാണ് സര്‍ഗാത്മക രംഗത്ത് സാന്നിധ്യമറിയിക്കുന്നത്. കൂടാതെ “ബിസ്മില്ലാഹി നദ് ഊ റബ്ബനാ” എന്നു തുടങ്ങുന്ന തവസ്സുല്‍ ബൈത്തും വിര്‍ദുകളും അവയുടെ അര്‍ഥവുമടങ്ങിയ മസ്‌ലകുല്‍ ആബിദീന്‍ എന്ന ഗ്രന്ഥവും മനാഖിബു ഹസനിബ്‌നി അലിയ്യി കരുനാഗപ്പള്ളി, നിബ്‌റാ സുല്‍ അലിയ്യി ഫീ മനാ ഖിബി ജോനകപ്പുറം തുടങ്ങിയവയുമാണ് അദ്ദേഹത്തിന്റെ പ്രധാന രചനകള്‍.
ദക്ഷിണകേരള ജംഇയ്യത്തുല്‍ ഉലമയുടെ മുഖപത്രമായ അന്നസീമിലാണ് തഴവ ഉസ്താദിന്റെ അല്‍മവാഹിബുല്‍ ജലിയ്യയുടെ ആദ്യ ഭാഗങ്ങള്‍ പ്രസിദ്ധീകൃതമാകുന്നത്. പിന്നീട് അവയില്‍ നിന്ന് 12000 വരികള്‍ ചേര്‍ത്ത് കവിതാ സമാഹാരത്തിന്റെ ആദ്യ പതിപ്പ് പുറത്തിറക്കുകയും ചെയ്തു. 1999ല്‍ മനോരമക്ക് കീഴില്‍ മവാഹിബിന്റെ മ്യൂസിക് രഹിത ആല്‍ബം വിപണിയിലെത്തിച്ചത് പൊതു സമൂഹത്തിനിടയില്‍ ഈ കൃതിക്കുള്ള അംഗീകാരമാണ് വ്യക്തമാക്കുന്നത്. അതേ വര്‍ഷം തന്നെയാണ് ആധ്യാത്മിക സാഹിതീയ മേഖലകളില്‍ തനതായ മുദ്രകള്‍ പതിപ്പിച്ച മഹാനവര്‍കള്‍ ഈ ലോകത്തോട് വിട പറയുന്നത്.

 

 

എസ് എസ് എഫ് സംസ്ഥാന പ്രസിഡന്റ്

Latest