ധര്‍ണയും പ്രകടനവുമില്ലേ… എംബി രാജേഷിനേയും എകെ ബാലനേയും രൂക്ഷമായി വിമര്‍ശിച്ച് കെ സുരേന്ദ്രന്‍

വടക്കേ ഇന്ത്യയിലെവിടെയെങ്കിലും ആയിരുന്നെങ്കില്‍ കമ്യൂണിസ്റ്റുകാരും കോണ്‍ഗ്രസ്സുകാരും കൂടി മോദി രാജിവെക്കണമെന്നാവശ്യപ്പെട്ട് സമരം തുടങ്ങിക്കഴിഞ്ഞിട്ടുണ്ടാകുമെന്നും സുരേന്ദ്രന്‍
Posted on: February 23, 2018 12:18 pm | Last updated: February 23, 2018 at 12:18 pm

തിരുവനന്തപുരം: തിരുവനന്തപുരം: അട്ടപ്പാടിയില്‍ ആദിവാസി യുവാവ് മര്‍ദനമേറ്റു മരിച്ച സംഭവം
വടക്കേ ഇന്ത്യയിലെവിടെയെങ്കിലും ആയിരുന്നെങ്കില്‍ കമ്യൂണിസ്റ്റുകാരും കോണ്‍ഗ്രസ്സുകാരും കൂടി മോദി രാജിവെക്കണമെന്നാവശ്യപ്പെട്ട് സമരം തുടങ്ങിക്കഴിഞ്ഞിട്ടുണ്ടാകുമായിരുന്നുവെന്ന് ബിജെപി നേതാവ് കെ സുരേന്ദ്രന്‍.

ശതകോടിക്കണക്കിന് രൂപയാണ് പ്രതിവര്‍ഷം ആദിവാസികളുടെ ക്ഷേമത്തിനായി കേന്ദ്ര സര്‍ക്കാര്‍ നീക്കിവെക്കുന്നത്. ഒന്നും പാവങ്ങള്‍ക്കു കിട്ടുന്നില്ലെന്ന് മാത്രം. എല്ലാം ഇടത്തട്ടുകാര്‍ തട്ടുകയാണെന്നും സുരേന്ദ്രന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

സുരേന്ദ്രന്റെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം….

വടക്കേ ഇന്ത്യയിലെവിടെയെങ്കിലും ആയിരുന്നെങ്കില്‍ ഈ കമ്യൂണിസ്റ്റുകാരും കോണ്‍ഗ്രസ്സുകാരും കൂടി മോദി രാജിവെക്കണമെന്നാവശ്യപ്പെട്ട് സമരം തുടങ്ങിക്കഴിഞ്ഞിട്ടുണ്ടാവും. കേരളത്തിലെ സച്ചിദാനന്ദനും ജമാ അത്ത് രാമനുണ്ണിയും അടക്കം പലരും പുരസ്‌കാരം (തുക ഒഴിച്ച്) മടക്കുമായിരുന്നു. ചാനല്‍ ചര്‍ച്ചക്കുവേണ്ടി മാത്രം എം പി മാരായ നാടിനൊരുഗുണവുമില്ലാത്ത എം. ബി. രാജേഷും കൂട്ടരും പാര്‍ലിമെന്റിലെ ഗാന്ധിപ്രതിമക്കു മുന്നില്‍ ഇന്നലെ രാത്രി തന്നെ ഒരു ധര്‍ണ്ണ നടത്തി അതിന്റെ പടം ഇന്നത്തെ പത്രത്തില്‍ തന്നെ വരും എന്നുറപ്പുവരുത്തുമായിരുന്നു. ഡിഫി മുതല്‍ പുകാസ വരെയുള്ള ഭരണവിലാസം ഉദരംഭരി വിപ്ലവസംഘടനകള്‍ ഇവിടെ പന്തം കൊളുത്തി പ്രകടനം നടത്തുമായിരുന്നു. നമ്പര്‍ വണ്‍ കേരളത്തിലായതുകൊണ്ട് അതും എം ബി രാജേഷിന്റെ മണ്ഡലത്തില്‍പെടുന്ന അട്ടപ്പാടിയിലുമായതുകൊണ്ട് ആരും മിണ്ടുന്നില്ല. എ കെ ബാലന്‍ നാട്ടുകാരനും പിന്നെ ആ വകുപ്പുകൂടി കൈകാര്യം ചെയ്യുന്നതുകൊണ്ടും തീരെ മിണ്ടരുത്. ഇങ്ങനെ എത്രയോ ആദിവാസികള്‍ ഇന്നും അട്ടപ്പാടിയിലും വയനാട്ടിലും ഇടുക്കിയിലുമൊക്കെയുണ്ട്. ശതകോടിക്കണക്കിന് രൂപയാണ് പ്രതിവര്‍ഷം ഇവര്‍ക്കുവേണ്ടി കേന്ദ്ര സര്‍ക്കാര്‍ നീക്കിവെക്കുന്നത്. ഒന്നും പാവങ്ങള്‍ക്കു കിട്ടുന്നില്ലെന്ന് മാത്രം. എല്ലാം ഇടത്തട്ടുകാര്‍ തട്ടുകയാണ്. കഞ്ഞി കുടിക്കാനില്ലെങ്കിലും പ്രശ്‌നം ബീഫ് കിട്ടാത്തതായിരുന്നെങ്കില്‍ രാജേഷ് അട്ടപ്പാടിയില്‍ ചെന്ന് ഒരു ബീഫ് മേളയും വേണ്ടിവന്നാല്‍ ഒരാഴ്ച നിരാഹാരവും കിടന്നേനെ.