Connect with us

Kerala

ബാര്‍കോഴ കേസില്‍ സിബിഐ അന്വേഷണമില്ല; ഹരജി സുപ്രീം കോടതി തള്ളി

Published

|

Last Updated

ന്യൂഡല്‍ഹി: മുന്‍ ധനകാര്യ മന്ത്രി കെ എം മാണി ഉള്‍പ്പെട്ട ബാര്‍ കോഴക്കേസില്‍ സി ബി ഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹരജി സുപ്രീം കോടതി തള്ളി. വിജിലന്‍സ് അന്വേഷണം നടക്കുന്നതിനാല്‍ ഇടപെടാനാകില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി. വിധിയെ സ്വാഗതം ചെയ്യുന്നതായി കെ എം മാണി പ്രതികരിച്ചു.
ബി ജെ പി സംസ്ഥാന കമ്മിറ്റി അംഗം നോബിള്‍ മാത്യുവാണ് കേസില്‍ സി ബി ഐ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ഹരജി സമര്‍പ്പിച്ചത്.

നിലവില്‍ ബാര്‍ കോഴ കേസ് അന്വേഷിക്കുന്നത് സംസ്ഥാന വിജിലിന്‍സാണ്. മാണിയെ പ്രോസിക്യൂട്ട് ചെയ്യാന്‍ വിജിലന്‍സിന് താത്പര്യമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നോബിള്‍ മാത്യു സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്. കെ എം മാണി കേരള രാഷ്ട്രീയത്തിലെ പ്രധാനപ്പെട്ട നേതാവും നാല് തവണ സംസ്ഥാനത്ത് മന്ത്രിയായിരുന്ന വ്യക്തിയുമാണ്. മാണിക്കെതിരെ സംസ്ഥാന ഏജന്‍സികള്‍ നടത്തുന്ന അന്വേഷണം നിഷ്പക്ഷമായിരിക്കില്ല. പൊതു ജനങ്ങള്‍ക്കിടയില്‍ അതിന് ഒരു വിശ്വാസ്യതയും ഉണ്ടാകില്ലെന്നും ഹരജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

ബാര്‍ കോഴ കേസില്‍ നടക്കുന്ന അന്വേഷണം അവസാനിപ്പിക്കാന്‍ ഒന്നിലധികം തവണ വിജിലന്‍സ് നീക്കം നടത്തിയതായും ഹരജിയില്‍ ആരോപിക്കുന്നുണ്ട്. എന്നാല്‍ കോടതികളുടെ ഫലപ്രദമായ ഇടപെടലുകള്‍ കാരണമാണ് കേസ് അന്വേഷണം അവസാനിപ്പിക്കാന്‍ വിജിലന്‍സിന് കഴിയാത്തതെന്നും ഹരജിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.
ബാര്‍ കോഴ കേസില്‍ തുടരന്വേഷണം നടക്കുന്നതിനാല്‍ ഈ ഘട്ടത്തില്‍ സി ബി ഐ അന്വേഷണം ആവശ്യമില്ലെന്ന് വ്യക്തമാക്കി, നോബിള്‍ മാത്യു സമര്‍പ്പിച്ച ഹരജി ഹൈക്കോടതി തള്ളിയിരുന്നു. ഇതേ തുടര്‍ന്നാണ് സുപ്രീം കോടതിയില്‍ ഹരജി നല്‍കിയത്.

Latest