കോണ്‍ഗ്രസുമായി സഖ്യമില്ല; ബി ജെ പിക്കെതിരെ അടവ് നയം

Posted on: February 23, 2018 7:26 am | Last updated: February 23, 2018 at 12:32 am
സി പി എം പ്രതിനിധി സമ്മേളന ഉദ്ഘാടന വേദിയില്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും വി എസ് അച്യുതാനന്ദനും

തൃശൂര്‍: കോണ്‍ഗ്രസിനെ രൂക്ഷമായി വിമര്‍ശിക്കാതെയും ബി ജെ പിയെയും ആര്‍ എസ് എസിനെയും കടന്നാക്രമിച്ചും സി പി എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായി സഖ്യമോ ധാരണയോ ഇല്ലെന്ന പാര്‍ട്ടി നിലപാട് വ്യക്തമാക്കിയപ്പോഴും ബി ജെ പിക്കെതിരെ വോട്ടുകള്‍ സമാഹരിക്കാന്‍ വേണ്ട അടവുനയം അനിവാര്യമാണെന്നും സി പി എം സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യവെ യെച്ചൂരി പറഞ്ഞു. ഒന്നരമണിക്കൂര്‍ നീണ്ട ഉദ്ഘാടന പ്രസംഗത്തിന്റെ ഭൂരിഭാഗസമയവും കേന്ദ്ര സര്‍ക്കാറിന്റെ തെറ്റായ നയങ്ങളും ആര്‍ എസ് എസിന്റെ വര്‍ഗീയ അജന്‍ഡക്കെതിരായ ചെറുത്ത് നില്‍പ്പുമായിരുന്നു പ്രതിപാദിച്ചത്.

പാര്‍ട്ടി കോണ്‍ഗ്രസിന് മുന്നോടിയായി കേന്ദ്ര കമ്മിറ്റി അംഗീകരിച്ച കരട് രാഷ്ട്രീയപ്രമേയത്തിലൂന്നിയാണ് സംസാരിച്ചത്. കോണ്‍ഗ്രസുമായി രാഷ്ട്രീയ സഖ്യമോ ധാരണയോ ഇല്ലെന്ന കേന്ദ്ര കമ്മറ്റി നിലപാട് എടുത്ത് പറഞ്ഞപ്പോഴും തിരഞ്ഞെടുപ്പ് സമയത്ത് ബി ജെ പി വിരുദ്ധ വോട്ടുകള്‍ പരമാവധി സമാഹരിക്കാനുള്ള അടവ് നയം വേണ്ടിവരുമെന്നായിരുന്നു നിലപാട്. അത് കേവലം തിരഞ്ഞെടുപ്പ് പോരാട്ടമായല്ല കാണേണ്ടതെന്നും യെച്ചൂരി പറഞ്ഞു. നേതാവാരെന്ന ചോദ്യമല്ല, ബദല്‍ നയമാണ് രാജ്യത്ത് പ്രധാനം. മോദി വേണോ രാഹുല്‍ഗാന്ധി വേണോ എന്നതല്ല പ്രശ്‌നം. ജനകീയനയം വേണോ ജനദ്രോഹനയം വേണോ എന്നതാണ് ചോദ്യം. നേതാവല്ല, നീതി ആണ് വേണ്ടത്.

ബദല്‍നയങ്ങള്‍ ശക്തിപ്പെടുത്താന്‍ രാജ്യവ്യാപകമായി പാര്‍ട്ടിയുടെ സ്വതന്ത്ര ശക്തി വര്‍ധിപ്പിക്കണം. കേരളത്തിലെ സംഘടനാരീതി അതിന് മാതൃകയാവണം. പാര്‍ട്ടി സ്വതന്ത്രമായി ശക്തിപ്പെടുന്നതിന്റെ തുടര്‍ച്ചയായി ഇടതുപക്ഷ ഐക്യം വേണം. ജനകീയ പോരാട്ടം ശക്തിപ്പെടുത്തി വേണം ഇത്. ഇതിലൂടെ രൂപപ്പെടുന്ന ഇടതു ജനാധിപത്യ സഖ്യമാകണം രാജ്യത്തിന്റെ ഭാവിക്കായുള്ള ബദല്‍നയം രൂപപ്പെടുത്തേണ്ടതെന്നും യെച്ചൂരി പറഞ്ഞു. ഇടത് മതേതര സഖ്യത്തിന് ബദല്‍നയം നടപ്പാക്കാന്‍ രാജ്യത്തിന് വിഭവ ദാരിദ്ര്യമില്ല. പൊതുനിക്ഷേപം കൊള്ളയടിക്കാന്‍ കോര്‍പറേറ്റുകള്‍ക്ക് അവസരമുണ്ടാക്കിക്കൊടുക്കുകയാണ് സര്‍ക്കാര്‍. 11ലക്ഷം കോടിയാണ് കോര്‍പറേറ്റുകള്‍ കടം വാങ്ങി രാജ്യത്തിന് തിരിച്ചുനല്‍കാതിരിക്കുന്നത്.

ഡോക്ടറെ കാണാന്‍ പോയ ഗര്‍ഭിണി താന്‍ ഭാഗികമായി ഗര്‍ഭിണിയാണെന്ന് പറഞ്ഞത് പോലെയാണ് നവ ഉദാരവത്കരണത്തിന്റെ കാര്യവും. ഭാഗികമായ ഗര്‍ഭം എന്നില്ല. ഗര്‍ഭിണിയാണെന്നേ പറയാനാകൂ. നവ ഉദാരവത്കരണവും അതിനെതിരായ ചെറുത്തുനില്പും മാത്രമേയുള്ളൂ. ആഗോളവത്കരണം മന്‍മോഹന്‍സിംഗ് തുടങ്ങിവെച്ച ശേഷം രാജ്യത്തിന്റെ 49 ശതമാനം ആസ്തിമൂല്യം ഒരു ശതമാനം വരുന്ന അതിസമ്പന്നരുടെ കൈകളിലായെങ്കില്‍ ഇന്ന് 73 ശതമാനം ആസ്തിമൂല്യവും ഇവരുടെ കൈയിലായിരിക്കുന്നു. സമ്പത്തിന്റെ കേന്ദ്രീകരണവും പാപ്പരീകരണവും ശക്തമായി. കര്‍ഷക ആത്മഹത്യ കൂടി. രണ്ട് കോടി തൊഴിലവസരങ്ങള്‍ മോദി അധികാരത്തിലെത്തിയപ്പോള്‍ ഉറപ്പ് നല്‍കി. എന്നാല്‍ കഴിഞ്ഞ ദിവസം പുറത്തിറക്കിയ ലേബര്‍ ബ്യൂറോയുടെ കണക്ക് പ്രകാരം 87,000 തൊഴിലവസരങ്ങള്‍ നഷ്ടപ്പെട്ടിരിക്കുന്നു. ഈ കണക്ക് വന്നത് കാരണം ഇന്ത്യന്‍ ലേബര്‍ ഓര്‍ഗനൈസേഷന്റെ സമ്മേളനത്തില്‍ പങ്കെടുക്കുന്നത് മോദി ഒഴിവാക്കി. 2,40,000 കോടിയുടെ കിട്ടാക്കടം എഴുതിത്തള്ളിയെന്ന് പ്രധാനമന്ത്രി പാര്‍ലിമെന്റില്‍ പറഞ്ഞു. ആരുടേതാണ് കടങ്ങളെന്ന് വ്യക്തമാക്കിയില്ല. ആര്‍ക്കും അതറിയില്ല. ജനങ്ങളുടെ നികുതിപ്പണമുപയോഗിച്ച് പ്രധാനമന്ത്രി വിദേശങ്ങളില്‍ ചുറ്റിക്കറങ്ങുന്നു. ചങ്ങാത്ത മുതലാളിത്തം എത്തിച്ചേര്‍ന്ന ഔന്നത്യരൂപമാണിതെന്നും യെച്ചൂരി പറഞ്ഞു.