സി പി എം പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍ സി പി ഐക്ക് വിമര്‍ശം

  • മുന്നണി വിപുലീകരണം അനിവാര്യം
  • പോലീസില്‍ വിവിധ രാഷ്ട്രീയ താല്‍പ്പര്യങ്ങള്‍ ഉള്ളവര്‍ ഉണ്ട്.
  • സിപിഐഎം പ്രവര്‍ത്തകര്‍ക്ക് പോലും സ്‌റ്റേഷനില്‍ കയറാന്‍ പറ്റാത്ത സ്ഥിതിയാണുള്ളത്.
Posted on: February 22, 2018 10:59 pm | Last updated: February 23, 2018 at 12:53 am

തൃശൂര്‍: മുന്നണി വിപുലീകരിക്കേണ്ടതുണ്ടെന്ന് സി പി എം സംസ്ഥാന സമ്മേളനത്തില്‍ അവതരിപ്പിച്ച രാഷ്ട്രീയ സംഘടനാ പ്രവര്‍ത്തന റിപ്പോര്‍ട്ട്. ഭരണം മാറിയിട്ടും പോലീസിനെ മാറ്റാന്‍ കഴിഞ്ഞിട്ടില്ല. സി പി ഐ സ്വീകരിക്കുന്ന പല നിലപാടുകളും മുന്നണിയെ ദുര്‍ബലപ്പെടുത്തുകയാണ്. സര്‍ക്കാറിലെ പല വകുപ്പുകളുടെയും പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാക്കേണ്ടതുണ്ടെന്നും അനാവശ്യ വിവാദങ്ങളൊഴിവാക്കാന്‍ കൂടുതല്‍ ജാഗ്രത വേണമെന്നും സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ അവതരിപ്പിച്ച റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. സമ്മേളനം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ഉദ്ഘാടനം ചെയ്തു. ഇന്നലെ രാത്രിയോടെ ഗ്രൂപ്പ് ചര്‍ച്ച പൂര്‍ത്തിയാക്കി പ്രവര്‍ത്തന റിപ്പോര്‍ട്ടിന്മേല്‍ ഇന്ന് പൊതു ചര്‍ച്ച നടക്കും.
കെ എം മാണിയുടെ ഇടതുമുന്നണി പ്രവേശന നീക്കത്തെ സി പി ഐ ശക്തമായി എതിര്‍ക്കുന്നതിനിടെയാണ് കൂടുതല്‍ കക്ഷികളെ ഉള്‍പ്പെടുത്തി മുന്നണി വിപുലമാക്കേണ്ട ആവശ്യകത സി പി എം മുന്നോട്ടുവെക്കുന്നത്. ഭിന്നാഭിപ്രായം ഉറപ്പാണെന്നതിനാല്‍ എല്‍ ഡി എഫില്‍ ചര്‍ച്ച ചെയ്താണ് ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടതെന്നും റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ഇടത് ഐക്യം ശക്തമാക്കണമെന്ന നിലപാട് ആവര്‍ത്തിച്ച് കൊണ്ടാണ് സി പി ഐക്കെതിരായ വിമര്‍ശം. തോമസ് ചാണ്ടിയുടെ രാജി വിഷയത്തില്‍ മന്ത്രിസഭാ യോഗത്തില്‍ നിന്ന് വിട്ടുനിന്ന സംഭവം സര്‍ക്കാറിന് അവമതിപ്പുണ്ടാക്കിയെന്നും ശത്രുപക്ഷത്തിന് ആയുധം നല്‍കിയെന്നും റിപ്പോര്‍ട്ടിലുണ്ട്. മുന്നണി യോഗത്തിന് ശേഷം നടത്തിയ ഉഭയകക്ഷി ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ ഘടകകക്ഷിയായ എന്‍ സി പിക്ക് നല്‍കിയ മാന്യതയാണ് തോമസ് ചാണ്ടിക്ക് മന്ത്രിസഭാ യോഗത്തില്‍ സ്വന്തം നിലപാട് വിശദീകരിക്കാനുള്ള അവസരം. മന്ത്രിസഭായോഗം ബഹിഷ്‌കരിച്ചത് മുന്നണിയില്‍ ഭിന്നതയുണ്ടെന്ന പ്രതീതി വരുത്തി. സി പി ഐ സ്വീകരിക്കുന്ന പല നിലപാടുകളും മുന്നണിയെ ദുര്‍ബലപ്പെടുത്തുന്നതാണ്.
സര്‍ക്കാര്‍ മാറിയിട്ടും പോലീസ് മാറുന്നില്ലെന്നാണ് റിപ്പോര്‍ട്ടിലെ മറ്റൊരു വിമര്‍ശം. മുന്നണിയുടെയോ പാര്‍ട്ടിയുടെയോ നയമല്ല പോലീസില്‍ പ്രതിഫലിക്കുന്നത്. പോലീസില്‍ പല രാഷ്ട്രീയ സംഘടനകളുടെയും ആളുകളുണ്ട്. രാഷ്ട്രീയ ലക്ഷ്യത്തോടെ ഇവര്‍ നടത്തുന്ന നീക്കങ്ങളാണ് സര്‍ക്കാറിനെ പലപ്പോഴും വിവാദത്തിലാക്കുന്നത്. ഇവര്‍ക്ക് പല താത്പര്യങ്ങളാണ്. ഇക്കാര്യത്തില്‍ കൂടുതല്‍ ജാഗ്രത വേണം.

സര്‍ക്കാറിന്റെ പ്രവര്‍ത്തനത്തെക്കുറിച്ചും റിപ്പോര്‍ട്ട് വിശദമായി പ്രതിപാദിക്കുന്നുണ്ട്. സര്‍ക്കാറിന്റെ നാല് മിഷനുകളുടെ പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാക്കണം. മൂന്ന് മന്ത്രിമാരുടെ രാജിക്ക് ഇടയാക്കിയ സാഹചര്യങ്ങളും ധാര്‍മികത ഉയര്‍ത്തിപിടിച്ചത് വഴി പാര്‍ട്ടിക്കും മുന്നണിക്കുമുണ്ടായ പ്രതിച്ഛായയും റിപ്പോര്‍ട്ട് പരാമര്‍ശിക്കുന്നു. ഇ പി ജയരാജനെതിരെ ഉയര്‍ന്ന ആരോപണം ശരിയായിരുന്നെങ്കിലും ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ തന്നെ തിരുത്തിയിരുന്നു. ധാര്‍മികത ഉയര്‍ത്തിപിടിച്ചുള്ള രാജിയെ കേരളം പിന്തുണച്ചു. പിന്നീട് കോടതിയും വിജിലന്‍സും കുറ്റവിമുക്തനാക്കി. എ കെ ശശീന്ദ്രനെതിരായ ഫോണ്‍കെണി വിവാദം ഹണി ട്രാപ്പായിരുന്നു. എന്നാല്‍, കൂടുതല്‍ വിവാദങ്ങള്‍ സൃഷ്ടിക്കാതെ രാജിവെച്ചത് അംഗീകരിക്കാവുന്നതാണ്. ഇതിന് ശേഷം കോടതി വിധി അദ്ദേഹത്തിന് അനുകൂലമായപ്പോള്‍ അവരുടെ പാര്‍ട്ടി ആവശ്യപ്പെട്ടിട്ടാണ് മന്ത്രിസഭയില്‍ വീണ്ടും ഉള്‍പ്പെടുത്തിയത്. സി പി എം മന്ത്രിമാര്‍ക്ക് മാര്‍ഗരേഖ കൊണ്ടുവരണമെന്നും റിപ്പോര്‍ട്ടിലുണ്ട്.

മുതിര്‍ന്ന നേതാവ് വി എസ് അച്യുതാനന്ദനെതിരെ ഉയരാറുള്ള പതിവ് വിമര്‍ശങ്ങള്‍ ഇത്തവണ റിപ്പോര്‍ട്ടില്‍ ഇടംപിടിച്ചിട്ടില്ല. എന്നാല്‍, ആലപ്പുഴ സമ്മേളനത്തില്‍ നിന്ന് ഇറങ്ങിപ്പോയ സംഭവം പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്തിയെന്ന് റിപ്പോര്‍ട്ട് വിമര്‍ശിക്കുന്നു. ഇതിന്മേല്‍ പാര്‍ട്ടി സ്വീകരിച്ച നടപടികളെകുറിച്ചും റിപ്പോര്‍ട്ടില്‍ വിശദീകരിക്കുന്നുണ്ട്.