ശുഐബ് വധം: സിബിഐ അന്വേഷണമാവശ്യപ്പെട്ടുള്ള മാതാപിതാക്കളുടെ കത്ത് ചെന്നിത്തല മുഖ്യമന്ത്രിക്ക് കൈമാറി

Posted on: February 22, 2018 3:36 pm | Last updated: February 22, 2018 at 7:25 pm

കണ്ണൂര്‍: യൂത്ത് കോണ്‍ഗ്രസ് നേതാവും സുന്നി പ്രവര്‍ത്തകനുമായ എടയൂരിലെ ശുഐബ് വധക്കേസ് സിബിഐക്ക് കൈമാറണമെന്ന് മാതാപിതാക്കള്‍ ആവശ്യപ്പെട്ടു. സിപിഎമ്മിന്റെ ഉന്നതതലങ്ങളില്‍ നടന്ന ഗൂഢാലോചനയുടെ ഫലമാണ് കൊലപാതകമെന്ന് കത്തില്‍ മാതാപിതാക്കള്‍ ചൂണ്ടിക്കാട്ടുന്നു.

കൊലപാതകം കഴിഞ്ഞ് പത്ത് ദിവസം പിന്നിട്ടിട്ടും കേസ് അന്വേഷണം ഇഴഞ്ഞുനീങ്ങുന്നത് സിപിഎമ്മിന്റെ ഇടപെടല്‍ മൂലമാണെന്നും കൊലപാതകത്തിന് ഉപയോഗിച്ച ആയുധങ്ങളോ വാഹനങ്ങളോ കണ്ടെത്താന്‍ പോലീസിന് കഴിഞ്ഞിട്ടില്ലെന്നും അതിനാല്‍ കേസ് സിബിഐ അന്വേഷിക്കണമെന്നുമാണ് കത്തിലെ ആവശ്യം. കത്ത് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രിക്ക് കൈമാറി.