ന്യൂഡല്‍ഹി: പഞ്ചാബ് നാഷനല്‍ ബേങ്കിനെ (പി എന്‍ ബി) കബളിപ്പിച്ച് 11,400 കോടി രൂപ വജ്ര വ്യവസായി നീരവ് മോദി തട്ടിയെടുത്ത സംഭവത്തില്‍ കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയെ രൂക്ഷമായി വിമര്‍ശിച്ച് ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി. തട്ടിപ്പുനടക്കുമ്പോള്‍ ധനമന്ത്രാലയം ഉറക്കം തൂങ്ങുകയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
നീരവ് മോദിയെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച് ഇന്ത്യയിലെ സ്വത്തുക്കളെല്ലാം കണ്ടുകെട്ടണം. നീരവ് മോദി കമ്പനിയുടെ ആഗോള അംബാസഡറായ ബോളിവുഡ് നടി പ്രിയങ്ക ചോപ്രയെ കേസില്‍ ചോദ്യം ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
നീരവ് മോദി സാമ്പത്തിക തട്ടിപ്പുകേസില്‍ ധനമന്ത്രാലയത്തിനും റിസര്‍വ് ബാങ്കിനും ഒരുപോലെ വീഴ്ചപറ്റിയിട്ടുണ്ട്. നടപടി സ്വീകരിക്കുമെന്ന പതിവുപല്ലവിയല്ലാതെ എന്ത് ചെയ്യുമെന്ന് ജെയ്റ്റ്‌ലി വിശദീകരിക്കണം. നീരവ് മോദി അമേരിക്കന്‍ പൗരത്വം സ്വീകരിച്ചാലും അമേരിക്കയിലെ നിയമമനുസരിച്ച് ഇന്ത്യയില്‍ തിരികെയെത്തിക്കാന്‍ വഴികളുണ്ട്. അതു സ്വീകരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയാറാകണം. ധനമന്ത്രാലയത്തിനു കഴിയുന്നില്ലെങ്കില്‍ തന്നെ ചുമതലപ്പെടുത്തിയാല്‍ പണം എങ്ങനെ തിരിച്ചെത്തിക്കാമെന്ന് കാട്ടിത്തരാമെന്നും സ്വാമി സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.
കേസുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണ സംഘത്തെ (എസ് ഐ ടി) നിയോഗിക്കണമെന്നും നീരവ് മോദിയെ ഇന്ത്യയിലെത്തിക്കണമെന്നും ആവശ്യപ്പെട്ടുള്ള ഹരജിയെ കേന്ദ്ര സര്‍ക്കാര്‍ എതിര്‍ത്തിരുന്നു. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസുമാരായ ഡി വൈ ചന്ദ്രചൂഡ്, എ എം ഖാന്‍വില്‍ക്കര്‍ എന്നിവരടങ്ങിയ ബഞ്ചാണ് പി എന്‍ ബി തട്ടിപ്പുമായി ബന്ധപ്പെട്ട് സമര്‍പ്പിച്ച ഹരജി പരിഗണിച്ചത്. വിഷയത്തില്‍ ഇപ്പോള്‍ ഇടപെടാന്‍ ആഗ്രഹിക്കുന്നില്ലെന്നും എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്‌തെന്നും അന്വേഷണം നടക്കുകയാണെന്നും കേന്ദ്ര സര്‍ക്കാറിന് വേണ്ടി ഹാജരായ അറ്റോര്‍ണി ജനറല്‍ കെ കെ വേണുഗോപാല്‍ വ്യക്തമാക്കി.
ഇക്കാര്യത്തില്‍ എതിരാണെന്ന് പറഞ്ഞാല്‍ എ ജി എന്താണ് അര്‍ഥമാക്കുന്നതെന്ന് ഹരജിക്കാരനു വേണ്ടി ഹാജരായ അഭിഭാഷകന്‍ ചോദിച്ചു. പണക്കാരന്‍ പണവുമായി രക്ഷപ്പെടാന്‍ പോകുന്നു. രാജ്യത്തിന്റ താത്പര്യമാണ് തങ്ങളുടെ ഹരജിയെന്നും ഹരജിക്കാരന്‍ പറഞ്ഞു. എന്നാല്‍, പ്രസംഗം കേള്‍ക്കാന്‍ താത്പര്യമില്ലെന്ന് ചീഫ് ജസ്റ്റിസും നിങ്ങള്‍ പത്രത്തില്‍ എന്തെങ്കിലും കാണുകയും അത് പൊതുതാത്പര്യ ഹരജിയാക്കുകയും ചെയ്യുന്നുവെന്ന് ഡി വൈ ചന്ദ്രചൂഡും പറഞ്ഞു. ഹരജി മാര്‍ച്ച് 16ലേക്ക് പരിഗണിക്കാന്‍ മാറ്റിവെക്കുകയാണെന്നും സുപ്രീം കോടതി അറിയിച്ചു. അഭിഭാഷകനായ വിനീത് ധന്‍ഡയാണ് ഹരജി നല്‍കിയത്.
പി എന്‍ ബി, റിസര്‍വ് ബേങ്ക്, ധന, നിയമ മന്ത്രാലയങ്ങള്‍ എന്നിവയെ കക്ഷികളായി ഹരജിയില്‍ ചേര്‍ത്തിട്ടുണ്ട്. കേസ് അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയമിക്കണം, പി എന്‍ ബിയിലെ ഉന്നതരുടെ ഉള്‍പ്പെടെ പങ്ക് അന്വേഷിക്കണം, നീരവ് മോദിയെ ഇന്ത്യയില്‍ എത്തിക്കാനുള്ള നടപടികള്‍ തുടങ്ങാന്‍ നിര്‍ദേശിക്കണം തുടങ്ങിയവയാണ് ഹരജിയിലെ ആവശ്യം. അതേസമയം, നീരവ് മോദി ഇന്ത്യ വിട്ടതല്ലെന്നും വ്യവസായ ആവശ്യങ്ങള്‍ക്കായി പോയതാണെന്നും അദ്ദേഹത്തിന്റെ അഭിഭാഷകന്‍ വിജയ് അഗര്‍വാള്‍ പറഞ്ഞു.