ഹാദിയയുടേത് പരസ്പര സമ്മതത്തോടെയുള്ള വിവാഹം; ബലാത്സംഗ കേസല്ലെന്ന് സുപ്രീം കോടതി

Posted on: February 22, 2018 1:36 pm | Last updated: February 22, 2018 at 8:22 pm

ന്യൂഡല്‍ഹി: ഹാദിയയുടേത് പരസ്പര സമ്മതത്തോടെയുള്ള വിവാഹമാണെന്നും ബലാത്സംഗ കേസ് അല്ലെന്നും സുപ്രീം കോടതി. വിവാഹം പരസ്പര സമ്മത പ്രകാരമാണെന്ന് ഷെഫിനും ഹാദിയയും വ്യക്തമാക്കിയിട്ടുണ്ട്. വിദേശ റിക്രൂട്ട്‌മെന്റ് നടക്കുന്നതായി വിവരമുണ്ടെങ്കില്‍ ഇടപെടേണ്ടത് സര്‍ക്കാര്‍ അല്ലേയെന്നും കോടതി ചോദിച്ചു. ഹാദിയയെ വീട്ടുതടങ്കലില്‍ പീഡിപ്പിച്ചെന്ന ആരോപണത്തില്‍ പിതാവ് അശോകന്‍ മറുപടി നല്‍കണമെന്നും സുപ്രീം കോടതി ആവശ്യപ്പെട്ടു. എന്‍ഐഎക്കും മറുപടി നല്‍കാന്‍ സമയം നല്‍കിയിട്ടുണ്ട്. അതേസമയം രാഹുല്‍ ഈശ്വരനെതിരെ ഉന്നയിച്ച ആരോപണങ്ങള്‍ ഹാദിയ പിന്‍വലിച്ചു. കേസ് പരിഗണിക്കുന്നത് കോടതി മാര്‍ച്ച് എട്ടിലേക്ക് മാറ്റി.

കേസില്‍ ഹരജി ഇന്ന് പരിഗണിക്കുന്നത് മാറ്റിവെക്കണമെന്ന ഹാദിയയുടെ പിതാവ് അശോകന്റെ ആവശ്യം സുപ്രീം കോടതി ഇന്നലെ തള്ളിയിരുന്നു. ഹാദിയ സമര്‍പ്പിച്ച സത്യവാങ്മൂലത്തിന് മറുപടി നല്‍കാന്‍ കൂടുതല്‍ സമയം വേണമെന്ന് വ്യക്തമാക്കിയാണ് അശോകന്‍ കേസ് പരിഗണിക്കുന്നത് നീട്ടിവെക്കണമെന്ന ആവശ്യം ഉന്നയിച്ചത്. എന്നാല്‍ കേസ് നീട്ടിവെക്കാനാകില്ലെന്നും അശോകന് ബോധിപ്പിക്കാനുള്ളത് ഇന്ന് കോടതിയില്‍ വ്യക്തമാക്കാമെന്നുമായിരുന്നു ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ സുപ്രീം കോടതി ബഞ്ചിന്റെ നിര്‍ദേശം.
അതേസമയം, നാഷനല്‍ വിമന്‍സ് ഫ്രണ്ട് വനിതാ വിഭാഗം നേതാവ് എ എസ് സൈനബ, മഞ്ചേരിയിലെ മതപഠന കേന്ദ്രമായ സത്യസരണി എന്നിവക്കെതിരെ ഗുരുതരമായ ആരോപണങ്ങളുന്നയിച്ച് ഹാദിയയുടെ പിതാവ് അശോകന്‍ പുതിയ സത്യവാങ്മൂലം സമര്‍പ്പിച്ചു. മകള്‍ മുസ്‌ലിമായി ജീവിക്കുന്നതില്‍ എതിര്‍പ്പില്ല. എന്നാല്‍ മകളെ സിറിയയില്‍ കൊണ്ടുപോയി ലൈംഗിക അടിമയാക്കുന്നത് ചിന്തിക്കാന്‍ കഴിയില്ല. മകളുടെ ക്ഷേമം മാത്രമാണ് ആഗ്രഹിക്കുന്നത്. മകളെ മസ്തിഷ്‌കപ്രക്ഷാളനം നടത്തിയാണ് മതംമാറ്റിയത്. മതംമാറ്റത്തിനു പിന്നില്‍ പോപുലര്‍ ഫ്രണ്ടാണെന്നും കേസുമായി ഇസ്‌ലാം മതത്തിന് ബന്ധമില്ലെന്നും അദ്ദേഹം സത്യവാങ്മൂലത്തില്‍ പറഞ്ഞിരുന്നു.. ഇതോടൊപ്പം കേസില്‍ എട്ടാമത്തെ എതിര്‍കക്ഷിയായ എ എസ് സൈനബ, ഹാദിയയുടെ പിതാവിനെതിരെയും സംഘ്പരിവാര നിയന്ത്രണത്തിലുള്ള ഘര്‍വാപസി കേന്ദ്രങ്ങള്‍ക്കെതിരെയും ഗുരുതര ആരോപണങ്ങളുന്നയിച്ച് എതിര്‍ സത്യവാങ്മൂലം സമര്‍പ്പിച്ചിട്ടുണ്ട്.
കഴിഞ്ഞ മാസം 23ന് കേസ് പരിഗണിക്കവേയാണ് ഹാദിയക്ക് കേസില്‍ കക്ഷിചേരാന്‍ കോടതി അനുമതി നല്‍കിയത്. ഹാദിയയുടെ വിവാഹം ശരിവെക്കുന്ന വിധത്തിലായിരുന്നു അന്ന് കോടതി നിലപാടെടുത്തത്. വിവാഹം സ്വന്തം ഇഷ്ടപ്രകാരമാണെന്ന് ഹാദിയ തന്നെ ഇവിടെ പറഞ്ഞ സാഹചര്യത്തില്‍ വിവാഹത്തെപ്പറ്റി എന്‍ ഐ എ അന്വേഷിക്കേണ്ടതില്ലെന്നും കോടതി വ്യക്തമാക്കിയിരുന്നു. അതിനിടെ, കോടതി നിര്‍ദേശപ്രകാരം രക്ഷിതാക്കളോടൊപ്പം വീട്ടില്‍ കഴിഞ്ഞ സമയം മുതല്‍ കടുത്ത പീഡനങ്ങള്‍ നേരിടേണ്ടി വന്നിരുന്നെന്നും തനിക്ക് നഷ്ടപരിഹാരം വേണമെന്നും ഉള്‍പ്പടെയുള്ള വിഷയങ്ങള്‍ ചൂണ്ടിക്കാട്ടി ഹാദിയ ചൊവ്വാഴ്ച സത്യവാങ്മൂലം നല്‍കിയിരുന്നു.