Connect with us

Kerala

അക്രമ രാഷ്ട്രീയം പാര്‍ട്ടി നയമല്ല; പ്രവര്‍ത്തകരെ ആക്രമിച്ചാല്‍ പ്രതിരോധിക്കും: യെച്ചൂരി

Published

|

Last Updated

തൃശ്ശൂര്‍: അക്രമ രാഷ്ട്രീയം പാര്‍ട്ടി നയമല്ലെന്നും എന്നാല്‍, തങ്ങളുടെ പ്രവര്‍ത്തകരെ ആക്രമിച്ചാല്‍ പ്രതിരോധിക്കുമെന്നും സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. സിപിഎം സംസ്ഥാന സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനം തൃശൂരില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തെറ്റ് പറ്റിയിട്ടുണ്ടെങ്കില്‍ പാര്‍ട്ടി തിരുത്തും. എതിരാളികളെ ജനാധിപത്യ രീതിയിലൂടെ നേരിടും. അക്രമ രാഷ്ട്രീയത്തിലൂടെ ഏറ്റവുമധികം നഷ്ടമുണ്ടായത് സിപിഎമ്മിനാണെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തിന്റെ അടിസ്ഥാന സ്വാഭാവത്തെ ബിജെപി തകര്‍ക്കുകയാണെന്നും ബിജെപിക്കെതിരെ മതനിരപേക്ഷ ശക്തികളെ കൂട്ടുപിടിച്ച് പോരാട്ടം ശക്തമാക്കേണ്ട സമയമായെന്നും അദ്ദേഹം പറഞ്ഞു.

മതനിരപേക്ഷത തകര്‍ക്കാന്‍ ആര്‍എസ്എസ് നിരന്തരം ശ്രമിച്ചു വരികയാണ്. നവ ഉദാര നയങ്ങള്‍ പിന്തുടരുന്ന ബിജെപി രാജ്യത്തെ വലിയ തകര്‍ച്ചയിലേക്കാണ് നയിക്കുന്നത്. വിദേശ യാത്രകകളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അനുഗമിക്കുന്ന വ്യവസായികള്‍ ആരെന്ന് പറയണം. മോദി ഒരു വിഷയത്തിലും പ്രതികരിക്കുന്നില്ല. ദരിദ്രര്‍ കൂടുതല്‍ ദരിദ്രരും പണക്കാര്‍ കൂടുതല്‍ പണക്കാരുമായി മാറുകയാണ്. കര്‍ഷകരുടെ വായ്പ എഴുതിത്തള്ളാത്ത സര്‍ക്കാര്‍ കോര്‍പറേറ്റുകളുടെ കടം എഴുതിത്തള്ളുന്നു. കുംഭകോണങ്ങളെക്കുറിച്ച് ഒരക്ഷരം ഉരിയാടാത്ത നരേന്ദ്ര മോദി മൗനേന്ദ്ര മോദി ആയി മാറി.

സിപിഎം വെല്ലുവിളികള്‍ നേരിടുന്ന നാളുകളാണിത്. ആര്‍എസ്എസ് ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കി മാറ്റാനുള്ള ശ്രമങ്ങള്‍ ശക്തിപ്പെടുത്തുമ്പോള്‍ അതിനെ തീവ്രവമായി എതിര്‍ക്കണം. മതനിരപേക്ഷ, പരമാധികാര റിപ്പബ്ലിക്കിനെ സംരക്ഷിക്കേണ്ട ഉത്തരവാദിത്വം നമുക്കെല്ലാവര്‍ക്കുമുണ്ട്. ബിജെപിയെ നേരിടാന്‍ കോണ്‍ഗ്രസുമായി സഖ്യം വേണ്ടെന്നും എന്നാല്‍ തിരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസുമായി അടവുനയമാകാമെന്നും യെച്ചൂരി കൂട്ടിച്ചേര്‍ത്തു.