പരാതിപ്പെട്ടിട്ടും പരിഹാരമില്ല; നഗരത്തില്‍ ദിവസങ്ങളായി കുടിവെള്ളം പാഴാകുന്നു

Posted on: February 21, 2018 10:02 pm | Last updated: February 21, 2018 at 10:02 pm

മണ്ണാര്‍ക്കാട്: വേനലെത്തും മുമ്പേ കുടിവെള്ളത്തിനായി ജനങ്ങള്‍ ബുദ്ധിമുട്ടനുഭവിക്കുമ്പോള്‍ നഗരമധ്യത്തില്‍ കുടിവെള്ളം ദിവസങ്ങളായി പാഴാകുന്നു. മണ്ണാര്‍ക്കാട് കോടതിപ്പടിക്കുതാഴെ പുതിയ ബസ് സ്റ്റോപ്പിന് എതിര്‍വശത്തായി റോഡരികിലെ പൈപ്പ് ലൈന്‍ പൊട്ടിയാണ് ജലം പാഴാകുന്നത്. ലിറ്ററുകളോളം കുടിവെള്ളമാണ് ദിനേന ഇവിടെ പാഴായിക്കൊണ്ടിരിക്കുന്നത്. വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥരോട് ഇക്കാര്യം അറിയിച്ചിട്ടും ഇതുവരെ നടപടികളൊന്നും ഉണ്ടായിട്ടില്ല.

മണ്ണാര്‍ക്കാടിന്റെ പലഭാഗങ്ങളിലും കുടിവെള്ള ക്ഷാമം രൂക്ഷമായി കൊണ്ടിരിക്കുകയാണ്. ഓരോ തുള്ളി വെള്ളവും സംരക്ഷിക്കാന്‍ മുന്‍ കൈയെടുക്കേണ്ട അധികൃതരുടെ അലംഭാവത്തില്‍ നാട്ടുകാര്‍ പ്രതിഷേധത്തിലാണ്. ഇനിയും പ്രശ്‌നം പരിഹരിച്ചില്ലെങ്കില്‍ ശക്തമായ പ്രതിഷേധങ്ങളുമായി മുന്നോട്ടു പോകാനാണ് നാട്ടുകാരുടെ തീരുമാനം.