ഷുഹൈബ് വധം: സിപിഐഎം കണ്ണൂര്‍ ജില്ലാ കമ്മിറ്റി അന്വേഷിക്കുമെന്ന് കോടിയേരി

Posted on: February 21, 2018 6:46 pm | Last updated: February 21, 2018 at 8:16 pm

തിരുവനന്തപുരം: ഷുഹൈബ് വധം സിപിഐഎം കണ്ണൂര്‍ ജില്ലാ കമ്മിറ്റി അന്വേഷിക്കുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. പാര്‍ട്ടിക്കോ പ്രവര്‍ത്തകര്‍ക്കോ പങ്കുണ്ടെങ്കില്‍ ശക്തമായ നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

കുറ്റക്കാര്‍ ആരായാലും സംരക്ഷിക്കില്ല. ക്വട്ടേഷന്‍ കൊടുക്കുന്ന പണി പാര്‍ട്ടിക്കില്ലെന്നും കോടിയേരി വ്യക്തമാക്കി. കോണ്‍ഗ്രസിന്റെ നടപടി സമാധാനം ആഗ്രഹിക്കുന്നവര്‍ക്കുള്ള വെല്ലുവിളിയാണെന്നും ഷുഹൈബ് വധത്തിന്റെ പേരില്‍ അക്രമം അഴിച്ചുവിടാനാണ് കോണ്‍ഗ്രസ് ശ്രമമെന്നും കോടിയേരി കുറ്റപ്പെടുത്തി.

അതേസമയം ഷുഹൈബ് വധക്കേസില്‍ സിപിഐഎമ്മിനും നേതാക്കള്‍ക്കുമെതിരെ അറസ്റ്റിലായ പ്രതി ആകാശ് തില്ലങ്കേരി പൊലീസിന് മൊഴി നല്‍കി. കേസുമായി ബന്ധപ്പെട്ട് ഡമ്മി പ്രതികളെ ഏര്‍പ്പാടാക്കാമെന്ന് ഉറപ്പ് ലഭിച്ചിരുന്നെന്ന് ആകാശ് പറഞ്ഞു. കൂടെയുണ്ടായിരുന്ന ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരാണ് ഉറപ്പുനല്‍കിയതെന്നും ആകാശ് പൊലീസിനോട് പറഞ്ഞു. പ്രാദേശിക നേതൃത്വം ഇത് സംബന്ധിച്ച് വാക്ക് നല്‍കിയെന്നും ആകാശ് മൊഴി നല്‍കി. ഭരണം ഉള്ളതിനാല്‍ അന്വേഷണത്തെ പേടിക്കേണ്ടെന്നും പ്രാദേശിക നേതാവ് പറഞ്ഞതായും ആകാശ് പൊലീസിനോട് പറഞ്ഞു.

ക്വട്ടേഷന്‍ നല്‍കിയത് പ്രാദേശിക ഡിവൈഎഫ്‌ഐ നേതൃത്വമെന്നും മൊഴി നല്‍കിയിട്ടുണ്ട്. ഭരണമുണ്ടെന്നും പാര്‍ട്ടി സഹായിക്കുമെന്നും അവര്‍ പറഞ്ഞു. പ്രതികളെ നല്‍കിയാല്‍ പൊലീസ് കൂടുതല്‍ അന്വേഷിക്കില്ലെന്നും പറഞ്ഞു. അടിച്ചാല്‍ പോരെയെന്ന് ചോദിച്ചപ്പോള്‍ വെട്ടണമെന്ന് ശഠിച്ചെന്നും ആകാശ് തില്ലങ്കേരി പൊലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നു.