Connect with us

National

പിഎന്‍ബി വായ്പാ തട്ടിപ്പ്: ബ്രാഡി ഹൗസ് ബ്രാഞ്ച് മുന്‍ ജനറല്‍ മാനേജര്‍ അറസ്റ്റില്‍

Published

|

Last Updated

ന്യൂഡല്‍ഹി/മുംബൈ: നീരവ് മോദിയുള്‍പ്പെട്ട പി എന്‍ ബി തട്ടിപ്പ് കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. പിഎന്‍ബിയുടെ മുംബൈയിലെ ബ്രാഡി ഹൗസ് ബ്രാഞ്ച് മുന്‍ ജനറല്‍ മാനേജര്‍ രാജേഷ് ജിന്‍ഡാലാണ് അറസ്റ്റിലായത്. 2009 മുതല്‍ 2011 വരെയാണ് രാജേഷ് ജിന്‍ഡാല്‍ ഇവിടെ ജനറല്‍ മാനേജര്‍ ആയിരുന്നത്.

11,400 കോടിയുടെ സാമ്പത്തിക തട്ടിപ്പിന്റെ സിരാകേന്ദ്രമായിരുന്ന ബ്രാഡി ഹൗസ് ശാഖ കഴിഞ്ഞ ദിവസം സിബിഐ പൂട്ടി സീല്‍ ചെയ്തിരുന്നു. കേസില്‍ അംബാനി കുടുംബാംഗമായ വിപുല്‍ അംബാനിയടക്കം അഞ്ച് പേരെ കൂടി സി ബി ഐ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. നീരവ് മോദിയുടെ ഫയര്‍സ്റ്റാര്‍ ഇന്റര്‍നാഷനല്‍ കമ്പനിയുടെ ധനകാര്യ മേധാവിയാണ് ധീരുഭായി അംബാനിയുടെ സഹോദര പുത്രനായ വിപുല്‍ അംബാനി.

വിപുലിനെ കൂടാതെ അര്‍ജുന്‍ പാട്ടീല്‍, കവിതാ മങ്കികാര്‍, കപില്‍ ഖണ്ഡേല്‍വല്‍, നിതിന്‍ ഷാഹി എന്നിവരാണ് അറസ്റ്റിലായത്. അര്‍ജുനും കവിതയും നീരവ് മോദിയുടെ കമ്പനിയിലെ ഉന്നത ഉദ്യോഗസ്ഥരാണ്. നീരവിന്റെ ബന്ധുവായ മെഹുല്‍ ചോക്‌സിയുടെ കമ്പനിയായ ഗീതാഞ്ജലി ഗ്രൂപ്പിലെ ഉദ്യോഗസ്ഥരാണ് കപിലും നിതിനും. നേരെത്ത വിപുല്‍ അംബാനിയെ സി ബി ഐ ചോദ്യം ചെയ്തിരുന്നു. മുംബൈ ഓഫീസിലേക്ക് വിളിച്ചുവരുത്തിയാണ് വിപുലിനെ ചോദ്യം ചെയ്തത്. കമ്പനിയുമായി ബന്ധപ്പെട്ട രേഖകള്‍ വിശദമായി പരിശോധിച്ച സി ബി ഐ വിപുലിനെ രണ്ട് മണിക്കൂര്‍ ചോദ്യം ചെയ്തു. 2011നും 2017നും ഇടക്ക് നീരവും സംഘവും പഞ്ചാബ് നാഷനല്‍ ബേങ്കിന്റെ മുംബൈ ശാഖയില്‍ നിന്ന് 11,400 കോടി തട്ടിപ്പ് നടത്തിയെന്നാണ് സി ബി ഐ കണ്ടെത്തിയത്. നീരവും ആരോപണവിധേയരായ ബന്ധുക്കളും വിദേശത്തേക്ക് കടന്നിരുന്നു.

Latest